ഒരാഴ്ചക്കിടെ കോട്ടക്കുന്ന് സന്ദർശിച്ചവർ ലക്ഷത്തിനു മുകളിൽ
text_fieldsമലപ്പുറം: കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ല ആസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ മലപ്പുറം കോട്ടക്കുന്ന് സന്ദർശിച്ചത് ഒരു ലക്ഷത്തിനു മുകളിൽ ആളുകൾ. ദീർഘനാളുകൾക്കു ശേഷമാണ് കുറഞ്ഞ സമയത്തിൽ ഇത്രയും ആളുകൾ കോട്ടക്കുന്ന് സന്ദർശിക്കുന്നത്. കോവിഡും പ്രളയവും തിരിച്ചടിയായ ജില്ലയിലെ ടൂറിസം മേഖലയുടെ ഉണർവായിരുന്നു പെരുന്നാൾ. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിലായാണ് ഒരു ലക്ഷത്തിലധികം പേർ കോട്ടക്കുന്നിലെത്തിയത്. സമാനമായി ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലും സന്ദർശക പ്രവാഹമായിരുന്നു. കഴിഞ്ഞ രണ്ടു വർഷവും കോവിഡിനെ തുടർന്ന് ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തനം പരിമിതപ്പെടുത്തിയിരുന്നു.
രണ്ടു വർഷത്തെ കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധി കാലം മറികടന്നെത്തിയ പെരുന്നാൾ ആഘോഷത്തിന്‍റെ തിരക്കിലമർന്ന ദിനങ്ങളായിരുന്നു കോട്ടക്കുന്നിൽ. പെരുന്നാൾ ദിവസം 25,000ത്തോളം പേരാണ് കോട്ടക്കുന്ന് സന്ദർശിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ 20,000ത്തോളം പേരും ഇവിടെ എത്തി. ഞായറാഴ്ച 15,000ത്തിനും 20,000ത്തിനും ഇടയിൽ സന്ദർശകർ എത്തിയതായും അധികൃതർ വ്യക്തമാക്കി. തിരക്കേറിയത് ഇവിടെ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കും ഗുണകരമായി. നിരവധി സ്ഥാപനങ്ങളും ഫൺ പാർക്കുകൾ ഉൾപ്പെടെയുള്ളവയും കോട്ടക്കുന്നിൽ പ്രവർത്തിക്കുന്നുണ്ട്. സന്ദർശകരുടെ തിരക്ക് ഏറിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഗതാഗത ക്രമീകരണവുമായി പൊലീസും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.