കെ.എസ്.ആർ.ടി.സി ജംഗിൾ സഫാരി ഹിറ്റ്; വനപാതയിലൂടെ മൂന്നാറിലേക്ക് യാത്രപോകാം
text_fieldsകോതമംഗലം: ജംഗിൾ സഫാരിക്ക് ആവശ്യക്കാരേറിയതോടെ കൂടുതൽ ദിവസങ്ങളിൽ ട്രിപ്പ് ഒരുക്കി കെ.എസ്.ആർ.ടി.സി. വനസൗന്ദര്യം നുകർന്നും വന്യജീവികളെ കണ്ടും മൂന്നാറിലേക്ക് ഒരു ഒഴിവുദിന സഞ്ചാരത്തിനായി കെ.എസ്.ആർ.ടി.സി കോതമംഗലം ഡിപ്പോ ട്രിപ്പ് ആരംഭിച്ചത്.
കോതമംഗലം ഡിപ്പോയിൽനിന്ന് തട്ടേക്കാട്, കുട്ടമ്പുഴ, മാമലക്കണ്ടം, കൊരങ്ങാടി, മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിന് വനപാതയിലൂടെയും തിരികെ അടിമാലി, നേര്യമംഗലം വഴിയുമാണ് മടക്കം. നവംബർ 28ലെ ആദ്യ ട്രിപ്പ് വൻ വിജയമാവുകയും കൂടുതൽ ട്രിപ്പുകൾ ആവശ്യപ്പെട്ട് നിരവധി അന്വേഷണങ്ങൾ എത്തുകയും ചെയ്തതോടെ ഞായറാഴ്ച മാത്രം ലക്ഷ്യമിട്ടുതുടങ്ങിയ യാത്ര ഇടദിവസങ്ങളിലും തുടരും. ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ ബുധനാഴ്ചയും യാത്രക്കാരുമായി ആനവണ്ടി മാമലകൾ താണ്ടി.
ഇതോടെ ഇനിമുതൽ ശനിയും ഞായറും സർവിസ് നടത്താനാണ് അധികൃതരുടെ തീരുമാനം. ബുക്കിങ് കൂടുന്ന മുറക്ക് മറ്റു ദിവസങ്ങളിലും നടത്തും. സമയക്രമത്തിലും ടിക്കറ്റ് നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ എട്ടിനാരംഭിച്ച് രാത്രി ഏഴിന് അവസാനിക്കുന്ന രീതിയിലാണ് പുതിയ ട്രിപ്പ്. ഉച്ചയൂണും വൈകീട്ട് ചായയും ഉൾപ്പെടെ ട്രയൽ ട്രിപ്പിൽ 500 രൂപ ആയിരുന്നത് 550 ആക്കി ഉയർത്തി. ഞായർ ഒഴികെ ദിവസങ്ങളിൽ 10 മുതൽ അഞ്ചുവരെ സമയത്ത് 9447984511 നമ്പറിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.
വേണം, പെരുമ്പാവൂരിന് ഉല്ലാസവണ്ടി
പെരുമ്പാവൂര്‍: പെരിയാര്‍ നദീതീരത്തെ ടൂറിസം കേന്ദ്രം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പെരുമ്പാവൂര്‍ ഡിപ്പോയില്‍നിന്ന് കെ.എസ്.ആര്.ടി.സി ബസ് അനുദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്കി. കുറഞ്ഞ ചെലവില്‍ ഒരു ദിവസംകണ്ട് തീരാവുന്ന എട്ട് ടൂറിസം കേന്ദ്രങ്ങളിലേക്ക് ബസ് വേണമെന്ന് ആവശ്യപ്പെട്ട് പെരിയാര്‍ ടൂറിസം ഡെവലപ്മെൻറ് കൗണ്‍സിലാണ് അധികാരികള്‍ക്ക് നിവേദനം നല്‍കിയത്.
പെരുമ്പാവൂരില്‍നിന്ന് ആരംഭിച്ച് പെരുമ്പാവൂരില്‍ സമാപിക്കുന്ന തരത്തില്‍ പ്രധാനപ്പെട്ട ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്ക് ശനി, ഞായര്‍ ദിവസങ്ങളിലും ഒഴിവുദിനങ്ങളിലും സര്‍വിസ് ആരംഭിച്ചാല്‍ ഗ്രാമീണ വിനോദ സഞ്ചാര വികസന സാധ്യതകള്‍ വികസിപ്പിക്കാന്‍ കഴിയും. ഇരിങ്ങോള്‍കാവ്, നാഗഞ്ചേരി മന, കല്ലില്‍ ക്ഷേത്രം, പാണിയേലിപ്പോര്, പാണംകുഴി മഹാഗണി തോട്ടം, ഹരിത ബയോപാര്‍ക്ക് നെടുമ്പാറചിറ, കപ്രിക്കാട് അഭയാരണ്യം എന്നിവ ടൂറിസം കേന്ദ്രങ്ങളാണ്. ഇതൊരു 'വണ്‍ ഡേ ടൂറിസം സര്‍ക്യൂട്ട്' എന്ന നിലയില്‍ വികസിപ്പിച്ചെടുക്കാന്‍ ബസ് സര്‍വിസ് കൊണ്ടാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, ഗതാഗതമന്ത്രി എന്നിവര്‍ക്ക് കത്ത് നല്‍കിയിരുന്നതായി കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു.
കാനനയാത്രയുടെ തനിമ നുകരാന്‍ കപ്രിക്കാട് അഭയാരണ്യം മുതല്‍ പാണംകുഴിവരെ വനത്തിനുള്ളിലൂടെ നാല് കിലോമീറ്റര്‍ യാത്രക്ക് വനം വകുപ്പ് അനുമതി നല്‍കണമെന്നും പി.ടി.ഡി.സി പ്രസിഡൻറ് ടി.ആര്. രാജപ്പന്, സെക്രട്ടറി എം.പി. പ്രകാശ്, ട്രഷറര്‍ എം.എസ്. സുകുമാരന്‍ എന്നിവര്‍ നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.