കാടറിഞ്ഞ് മേടറിഞ്ഞ് ആനവണ്ടിയിലൊരു സവാരി
text_fieldsമലപ്പുറം: തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന തൃശൂർ ജില്ലയിലെ മലക്കപ്പാറയിലേക്ക് ആനവണ്ടിയിൽ ഗംഭീര യാത്ര. കാടും മലയും പുഴയും താണ്ടി കളിച്ചും ചിരിച്ചും 50 വനിതകളാണ് യാത്ര അവിസ്മരണീയമാക്കിയത്. അഞ്ചു വയസ്സുകാർ മുതൽ 70 വയസ്സു പിന്നിട്ടവർ വരെ യാത്രയിൽ ഉണ്ടായിരുന്നു.
വനിതാദിന വാരാചരണത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിയാണ് യാത്ര സംഘടിപ്പിച്ചത്. ജില്ലയുടെ പല ഭാഗത്തുനിന്നുള്ള യാത്രക്കാർ പുലർച്ച നാലോടെ മലപ്പുറം ഡിപ്പോയിൽ എത്തി. രാവിലെ നാലിന് മലപ്പുറം ഡിപ്പോയിൽനിന്ന് യാത്രക്കുള്ള വിസിലടിച്ചു.
കുത്തിയൊലിച്ച് ഒഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും കോടമഞ്ഞിന്റെ തണുപ്പും യാത്രക്ക് കുളിർമയേകിയതായി യാത്രക്കാർ പറയുന്നു. പരവതാനി വിരിച്ച റോഡിന് ഇരുവശത്തെ തേയിലത്തോട്ടങ്ങൾ, വ്യൂപോയിന്റ് എന്നിവ സന്ദർശിക്കാനും ഫോട്ടോ എടുക്കാനും അധികൃതർ അവസരമൊരുക്കിയിരുന്നു. ഉച്ചക്ക് രണ്ടു മണിയോടെ ലക്ഷ്യസ്ഥാനത്തെത്തി. ഭക്ഷണ ചെലവ്, എൻട്രി പാസുകൾ എന്നിവ യാത്രക്കാർ വഹിച്ചു.
മറ്റു ചെലവുകൾ കെ.എസ്.ആർ.ടി.സി വഹിച്ചു. ഡ്രൈവർ ശെൽവരാജനും കണ്ടക്ടറായി ബിന്ദുവും വഴികാട്ടിയായും സഹചാരിയായും യാത്രക്കാർക്കൊപ്പമുണ്ടായിരുന്നു. മലക്കപ്പാറയിൽ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും ഷോളയാർ ഡാമും സന്ദർശിച്ചു. വൈകീട്ട് അഞ്ചരക്ക് അവിടെനിന്ന് യാത്ര തിരിച്ചു. രാത്രി രണ്ടോടെ മലപ്പുറത്ത് തിരിച്ചെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.