Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഇനി കിടന്നു പോകാം.....

ഇനി കിടന്നു പോകാം.. കെ.എസ്.ആർ.ടി.സിയുടെ 'ഗജരാജ്' നിരത്തിലേക്ക്; ടിക്കറ്റ് നിരക്ക് അറിയാം

text_fields
bookmark_border
ഇനി കിടന്നു പോകാം.. കെ.എസ്.ആർ.ടി.സിയുടെ ഗജരാജ് നിരത്തിലേക്ക്; ടിക്കറ്റ് നിരക്ക് അറിയാം
cancel

ബംഗളൂരു: കേരള ആർ.ടി.സിയുടെ സ്വിഫ്റ്റിന് കീഴിലുള്ള 'ഗജരാജ് മൾട്ടി ആക്സിൽ എ.സി സ്ലീപ്പർ' ബസുകളുടെ ബംഗളൂരു റൂട്ടിലെ സർവിസുകളുടെ റിസർവേഷൻ ആരംഭിച്ചു. കേരള ആർ.ടി.സിയുടെ ചരിത്രത്തിലാദ്യമായി കിടന്ന് യാത്ര ചെയ്യാൻ കഴിയുന്ന മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകളുടെ സർവിസ് ആരംഭിക്കുന്നത് ബംഗളൂരു റൂട്ടിലാണെന്നത് ഏറെ പ്രതീക്ഷയോടെയാണ് മറുനാടൻ മലയാളികൾ നോക്കിക്കാണുന്നത്.

ഉത്സവ സീസണുകളിൽ സ്വകാര്യ ബസുകളുടെ കഴുത്തറപ്പൻ നിരക്കിൽനിന്നും വാരാന്ത്യങ്ങളിലെ ഉയർന്ന യാത്രനിരക്കിൽനിന്നും മോചനമായാണ് കേരള ആർ.ടി.സിയുടെ പുതിയ ബസ് സർവിസിനെ ബംഗളൂരു മലയാളികൾ കാണുന്നത്.

ബസ് സർവിസുകൾ ആരംഭിക്കുന്നതോടെ നാട്ടിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകുമെന്നാണ് കരുതുന്നത്. ഏപ്രിൽ 11 മുതൽ തിരുവനന്തപുരം- ബംഗളൂരു, എറണാകുളം -ബംഗളൂരു തുടങ്ങിയ റൂട്ടുകളിൽ ആരംഭിക്കുന്ന സ്ലീപ്പർ ബസ് സർവിസുകളുടെ റിസർവേഷൻ www.online.keralartc.com എന്ന വെബ് സൈറ്റിലും enteksrtc എന്ന മൊബൈൽ ആപ്ലിക്കേഷനിലും വ്യാഴാഴ്ച വൈകീട്ട് അഞ്ചു മുതലാണ് ആരംഭിച്ചത്.

തിരുവനന്തപുരത്തുനിന്നുള്ള ആദ്യ സർവിസിന്‍റെ റിസർവേഷനും ഏപ്രിൽ 12നും 13നും ബംഗളൂരുവിൽനിന്നും എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സ്ലീപ്പർ ബസ് സർവിസുകളുടെയും റിസർവേഷനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിഷു, ഈസ്റ്റർ അവധിയെ തുടർന്ന് ഏപ്രിൽ 12,13 തീയതികളിൽ ബംഗളൂരുവിൽനിന്ന് നാട്ടിലേക്കുള്ള ഭൂരിഭാഗം ബസുകളുടെയും ടിക്കറ്റുകൾ തീർന്നിരുന്നു. ഈ സമയത്ത് തന്നെ സ്ലീപ്പർ ബസുകൾ ആരംഭിക്കുന്നതിനെ യാത്രക്കാർ സ്വാഗതം ചെയ്യുകയാണെന്നതിന്‍റെ തെളിവാണ് ടിക്കറ്റ് ബുക്കിങ്ങിനോടുള്ള മികച്ച പ്രതികരണം. വരും ദിവസങ്ങളിൽ കോഴിക്കോട്-ബംഗളൂരു റൂട്ടിലെയും മറ്റു ഭാഗങ്ങളിലേക്കുമുള്ള സ്വിഫ്റ്റിന് കീഴിലുള്ള പുതിയ എ.സി സെമി സ്ലീപ്പർ ബസുകളുടെ ഉൾപ്പെടെ റിസർവേഷൻ ആരംഭിക്കും.

ഏപ്രിൽ 11ന് വൈകീട്ട് അഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ബംഗളൂരുവിലേക്കുള്ള സ്ലീപ്പർ ബസ് സർവിസിന്‍റെ ഫ്ലാഗ് ഓഫ് നിർവഹിക്കുക. 12ന് വൈകീട്ട് മൂന്നിന് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിൽ നടക്കുന്ന ചടങ്ങിൽ ബംഗളൂരുവിൽനിന്നും തിരുവനന്തപുരത്തേക്കുള്ള സ്ലീപ്പർ ബസ് സർവിസിന്‍റെ ഫ്ലാഗ് ഓഫ് കേരള ഗതാഗത മന്ത്രി ആന്‍റണി രാജു നിർവഹിക്കും. കേരള ആർ.ടി.സി എം.ഡി. ബിജു പ്രഭാകർ പങ്കെടുക്കും.

ബംഗളൂരുവിലെ മലയാളി സംഘടന പ്രവർത്തകരും യാത്രക്കാരും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ബംഗളൂരുവിൽ നിന്ന് വാരാന്ത്യങ്ങളിൽ ഉൾപ്പെടെ കൂടുതൽ സർവിസുകൾ ആരംഭിച്ച് മറുനാടൻ മലയാളികളുടെ യാത്രപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വർഷങ്ങൾക്ക് മുമ്പ് തന്നെ കർണാടക ആർ.ടി.സിയും സ്വകാര്യ ബസ് ഓപറേറ്റർമാരും കേരളത്തിലേക്ക് സ്ലീപ്പർ ബസ് സർവിസ് നടത്തുന്നുണ്ട്.

കേരള ആർ.ടി.സി വൈകിയാണെങ്കിലും ഇപ്പോൾ സ്ലീപ്പർ ബസ് സർവിസ് ആരംഭിക്കുന്നത് മികച്ച തീരുമാനമാണെന്നും സ്വകാര്യ ബസുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിയുമെന്നുമാണ് യാത്രക്കാർ അഭിപ്രായപ്പെടുന്നത്. ആനവണ്ടിയെന്ന വിളിപ്പേരിന് സമാനമായി 'ഗജരാജ്' എന്നാണ് എ.സി സ്ലീപ്പർ ബസുകളുടെ പേര്.

വ്യാഴാഴ്ച വൈകീട്ടു വരെ സേലം വഴിയുള്ള സ്ലീപ്പർ ബസുകളുടെ റിസർവേഷനാണ് ആരംഭിച്ചിട്ടുള്ളത്. ഏപ്രിൽ 11 മുതൽ വൈകീട്ട് 5.33, 6.06, 6.30 എന്നീ സമയങ്ങളിലായുള്ള തിരുവനന്തപുരത്തുനിന്നും എറണാകുളം, സേലം വഴിയുള്ള ബംഗളൂരു സ്ലീപ്പർ ബസുകളുടെയും ഏപ്രിൽ 11 മുതൽ രാത്രി പത്തിന് എറണാകുളത്തുനിന്നും ബംഗളൂരുവിലേക്കുള്ള സ്ലീപ്പർ ബസുകളുടെയും ഏപ്രിൽ 12 മുതൽ രാത്രി 8.05നും 9.05നും ബംഗളൂരുവിൽനിന്നും എറണാകുളത്തേക്കുള്ള (സേലം വഴി) രണ്ട് സ്ലീപ്പർ ബസുകളുടെയും വൈകീട്ട് അഞ്ചിന് ബംഗളൂരുവിൽനിന്നും സേലം വഴി തിരുവനന്തപുരത്തേക്കുള്ള സ്ലീപ്പർ ബസിന്‍റെയും റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റ് തീരുന്ന മുറക്ക് കൂടുതൽ സ്പെഷൽ സർവിസുകളും ഏർപ്പെടുത്തും.

ബംഗളൂരു റൂട്ടിലേക്കുള്ള സ്ലീപ്പർ ബസുകൾ അവധിക്കാലത്ത് യാത്രക്കാർക്ക് ഏറെ സഹായകരമാകുമെന്നും 12,13 തീയതികളിൽ കൂടുതൽ സർവിസുകൾ നടത്താൻ കഴിയുമെന്നും ബംഗളൂരു കേരള ആർ.ടി.സി അധികൃതർ അറിയിച്ചു.

ഗജരാജ് എ.സി സ്ലീപ്പർ സർവിസുകളും ടിക്കറ്റ് നിരക്കും

തിരുവനന്തപുരം - ബംഗളൂരു (വൈകീട്ട് ആറിന് നാഗർകോവിൽ - തിരുനൽവേലി, ഡിണ്ടിഗൽ, നാമക്കൽ വഴി, ടിക്കറ്റ് നിരക്ക്: 1571 രൂപ).

തിരികെ ബംഗളൂരു - തിരുവനന്തപുരം (വൈകീട്ട് ആറിന്, നാമക്കൽ - ഡിണ്ടിഗൽ - തിരുനൽവേലി - നാഗർകോവിൽ - തിരുവനന്തപുരം, ടിക്കറ്റ് നിരക്ക്: 1728 രൂപ).

തിരുവനന്തപുരം - ബംഗളൂരു (വൈകീട്ട് 5.30ന്, ആലപ്പുഴ - വൈറ്റില - തൃശൂർ - കോയമ്പത്തൂർ - സേലം വഴി, ടിക്കറ്റ് നിരക്ക്: 1376 രൂപ (30 ശതമാനം കുറഞ്ഞ നിരക്ക്).

തിരികെ ബംഗളൂരു - തിരുവനന്തപുരം (വൈകീട്ട് അഞ്ചിന്, സേലം, കോയമ്പത്തൂർ, തൃശൂർ - വൈറ്റില, ആലപ്പുഴ വഴി, ടിക്കറ്റ് നിരക്ക്: 2156 രൂപ).

എറണാകുളം - ബംഗളൂരു (രാത്രി എട്ടിന്, തൃശൂർ - കോയമ്പത്തൂർ - സേലം വഴി, ടിക്കറ്റ് നിരക്ക്: 988 രൂപ (30 ശതമാനം ഇളവ്).

തിരികെ ബംഗളൂരു - എറണാകുളം (രാത്രി എട്ടിന് സേലം, കോയമ്പത്തൂർ, തൃശൂർ വഴി, ടിക്കറ്റ് നിരക്ക്: 1552 രൂപ).

എറണാകുളം - ബംഗളൂരു (രാത്രി ഒമ്പതിന്, തൃശൂർ - കോയമ്പത്തൂർ - സേലം വഴി, ടിക്കറ്റ് നിരക്ക്: 988 രൂപ (30 ശതമാനം ഇളവ്).

തിരികെ എറണാകുളം - ബംഗളൂരു (രാത്രി ഒമ്പതിന്, സേലം, കോയമ്പത്തൂർ, തൃശൂർ വഴി, ടിക്കറ്റ് നിരക്ക്: 1552 രൂപ).

എ.സി സെമി സ്ലീപ്പർ സർവിസുകളും ടിക്കറ്റ് നിരക്കും

പത്തനംതിട്ട - ബംഗളൂരു (വൈകീട്ട് 5.30ന്, കോട്ടയം - തൃശൂർ - കോയമ്പത്തൂർ - സേലം വഴി, ടിക്കറ്റ് നിരക്ക്: 1251 രൂപ).

തിരികെ ബംഗളൂരു - പത്തനംതിട്ട (രാത്രി 7.30ന്, സേലം, പാലക്കാട്, തൃശൂർ - കോട്ടയം വഴി, ടിക്കറ്റ് നിരക്ക്: 1376 രൂപ).

കോട്ടയം - ബംഗളൂരു (വൈകീട്ട് 5.30ന്, തൃശൂർ - പെരിന്തൽമണ്ണ - നിലമ്പൂർ - ഗൂഡല്ലൂർ - മൈസൂരു വഴി, ടിക്കറ്റ് നിരക്ക്: 993 രൂപ).

തിരികെ ബംഗളൂരു - കോട്ടയം (വൈകീട്ട് 3.45ന്, മൈസൂരു - ഗൂഡല്ലൂർ - നിലമ്പൂർ വഴി, ടിക്കറ്റ് നിരക്ക്: 1093 രൂപ).

കോഴിക്കോട് - ബംഗളൂരു (രാവിലെ 8.30ന്, സുൽത്താൻ ബത്തേരി - മൈസൂരു വഴി, ടിക്കറ്റ് നിരക്ക്: 703 രൂപ).

കോഴിക്കോട് - ബംഗളൂരു (ഉച്ചക്ക് 12ന്, സുൽത്താൻ ബത്തേരി, മൈസൂരു വഴി, ടിക്കറ്റ് നിരക്ക്: 703 രൂപ).

കോഴിക്കോട് - ബംഗളൂരു (വൈകീട്ട് ഏഴിന്, മാനന്തവാടി, മൈസൂരു വഴി, ടിക്കറ്റ് നിരക്ക്: 771 രൂപ).

കോഴിക്കോട് - ബംഗളൂരു (രാത്രി 10ന്, മാനന്തവാടി, മൈസൂരു വഴി, ടിക്കറ്റ് നിരക്ക്: 771 രൂപ).

തിരികെ കോഴിക്കോടേക്കുള്ള സർവിസുകൾ: സുൽത്താൻ ബത്തേരി വഴി, ഉച്ചക്ക് 12ന്, ടിക്കറ്റ് നിരക്ക്: 774 രൂപ, രാത്രി 10.30ന് ടിക്കറ്റ് നിരക്ക്: 774 രൂപ, രാത്രി 11.45ന് ടിക്കറ്റ് നിരക്ക്: 848 രൂപ, മാനന്തവാടി വഴി രാത്രി 8.30ന് ടിക്കറ്റ് നിരക്ക്: 848 രൂപ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCksrtc swiftGajaraj
News Summary - KSRTC's bangaluru - trivandrum, calicut, ernakulam 'Gajaraj' sleeper bus Reservation started
Next Story