കുമരകം നാലുപങ്ക് ഹൗസ് ബോട്ട് ടെർമിനൽ; വിനോദവുമില്ല സഞ്ചാരവുമില്ല
text_fieldsകോട്ടയം: വിനോദസഞ്ചാരമേഖലയുടെ വികസനം ലക്ഷ്യമിട്ട് കോടികൾ ചെലവിട്ട് നിർമാണം പൂർത്തിയാക്കിയ കുമരകം നാലുപങ്ക് ഹൗസ് ബോട്ട് ടെർമിനൽ നോക്കുകുത്തിയായി. സംരക്ഷണഭിത്തി തകർന്ന് തറയിലെ ടൈലുകൾ പൊട്ടിയ ടെർമിനൽ ഇപ്പോൾ സാമൂഹ്യവിരുദ്ധർക്ക് താവളമാണ്. ഇവിടേക്കുള്ള റോഡും തകർന്നു കിടക്കുകയാണ്. ചിത്തിരക്കായലും വേമ്പനാട്ടു കായലും അതിർത്തി പങ്കിടുന്ന നാലുപങ്കിലാണ് ഹൗസ് ബോട്ട് ടെർമിനൽ നിർമിച്ചിട്ടുള്ളത്. വിനോദസഞ്ചാരികൾക്ക് കായൽക്കാഴ്ച കാണാനും സായാഹ്നങ്ങൾ ചെലവഴിക്കാനുമുള്ള ഇടം എന്നതാണ് ബോട്ട്ടെർമിനൽ കൊണ്ടുദ്ദേശിച്ചത്. 40 ഹൗസ് ബോട്ടുകൾ നിർത്തിയിടാൻ സൗകര്യമുണ്ടെങ്കിലും ഒറ്റ ബോട്ടുപോലും ഇവിടെ വരില്ല.
ശക്തമായ കാറ്റുള്ള പ്രദേശമായതിനാൽ ഹൗസ് ബോട്ടുകൾ നിർത്തിയിടാൻ കഴിയില്ലെന്നാണ് ബോട്ടുകാർ പറയുന്നത്. എന്നാൽ, ചെറിയ വള്ളങ്ങളിൽ വിനോദസഞ്ചാരികളെ കൊണ്ടുപോകാൻ കഴിയും.
കുമരകത്തിെൻറ സമീപമേഖലകളിലേക്കും സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ടൂറിസം വകുപ്പ് 3.8 കോടി ചെലവഴിച്ച് 2016 ൽ നാലുപങ്ക് ടെർമിനൽ പദ്ധതിക്ക് രൂപം നൽകിയത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനായിരുന്നു (കെ.ഐ.ഐ.ഡി.സി) നിർമാണച്ചുമതല. 2020 നവംബർ രണ്ടിന് ടൂറിസം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ ടെർമിനൽ തുറന്നുനൽകി.
ഡി.ടി.പി.സി സെക്യൂരിറ്റിയെയും നിയമിച്ചു. ഇതിനിടെ, ടെർമിനലിെൻറ ഉടമസ്ഥതയെച്ചൊല്ലി ടൂറിസം വകുപ്പും കുമരകം പഞ്ചായത്തും തമ്മിലെ തർക്കം ആരംഭിച്ചു. തുടർന്ന് ടെർമിനൽ പഞ്ചായത്തിന് കൈമാറി ടൂറിസം വകുപ്പ് ഉത്തരവിറക്കി.
ഇതോടെ ടെർമിനലിെൻറ സംരക്ഷണച്ചുമതല പഞ്ചായത്തിനായി. എന്നിട്ടും കാര്യങ്ങൾക്ക് മാറ്റമില്ല. അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാതെയായിരുന്നു ഉദ്ഘാടനം. കായൽ മനോഹാരിത ആസ്വദിക്കാനുള്ള വാച്ച് ടവറിൽ ഒതുങ്ങി സൗകര്യങ്ങൾ. ഡി.ടി.പി.സി സെക്യൂരിറ്റിയെ പിൻവലിച്ചതോടെ സംരക്ഷണവും ഇല്ലാതായി. കഴിഞ്ഞ മഴയിൽ തെങ്ങ് വീണ് സംരക്ഷണഭിത്തി നീളത്തിൽ പൊളിഞ്ഞുകിടക്കുകയാണ്. രണ്ടു പോർട്ടബിൾ ടോയ്ലറ്റുകൾ കേടുവന്നു. ഇപ്പോൾ വൈകുന്നേരങ്ങളിൽ കുടുംബമായി പലരും എത്തുന്നുണ്ടെങ്കിലും വെയിൽ കൊള്ളാതെ ഇരിക്കാൻ സൗകര്യമില്ല. വാഹനങ്ങൾ പാർക്ക് ചെയ്യാനുമിടമില്ല.
വിജനമായ സ്ഥലമായതിനാൽ ഒറ്റക്കു വരാനും പേടിക്കണം. മാർച്ചിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഭാഗമായി കുമരകത്തേക്ക് നിരവധി വിദേശികൾ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിനു അതിനുമുമ്പായെങ്കിലും ടെർമിനൽ ഉപയോഗ യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രണ്ടുമാസത്തിനകം പ്രവർത്തനം തുടങ്ങും
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ പ്രൊജക്ട് പഞ്ചായത്ത് വെച്ചിട്ടുണ്ട്. സഞ്ചാരികൾക്ക് ഇരിപ്പിടങ്ങളും ടോയ്ലറ്റും കഫറ്റേരിയ അടക്കം സൗകര്യങ്ങളാണ് ആദ്യഘട്ടത്തിൽ ഒരുക്കുക.
പദ്ധതി കാലയളവു കഴിഞ്ഞാണ് ടെർമിനൽ പഞ്ചായത്തിനു വിട്ടുകിട്ടിയത്. അതുകൊണ്ടാണ് ഒന്നും ചെയ്യാൻ കഴിയാതിരുന്നത്. ബജറ്റിൽ തുക വകയിരുത്താനും മന്ത്രിയോട് ശിപാർശ ചെയ്തിട്ടുണ്ട്. റോഡ് കുറച്ചുദൂരമാണ് കുഴിയുള്ളത്. മണ്ണിട്ട് കോൺക്രീറ്റ് ചെയ്യും.
ടെർമിനലിെൻറ പരിസരം വൃത്തിയാക്കാൻ ആളെ നിയോഗിച്ചിട്ടുണ്ട്. രണ്ടുമാസത്തിനകം പ്രവർത്തനം തുടങ്ങാൻ കഴിയുമെന്നാണ് കരുതുന്നത്
ധന്യ സാബു, പഞ്ചായത്ത് പ്രസിഡന്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.