കുറുവ ദ്വീപ് തുറന്നു; സഞ്ചാരി പ്രവാഹം
text_fieldsമാനന്തവാടി: രണ്ട് വർഷത്തോളമായി അടഞ്ഞുകിടന്ന കുറുവ ദ്വീപ് സഞ്ചാരികൾക്കായി വീണ്ടും തുറന്നു. സഞ്ചാരികളുടെ പ്രവാഹമായതോടെ കച്ചവടക്കാരും പ്രദേശവാസികളും പ്രതീക്ഷയിലാണ്. അതേസമയം, ദ്വീപ് വീണ്ടും അടപ്പിക്കാനുള്ള നീക്കം അണിയറയിൽ നടക്കുന്നതായും സൂചനയുണ്ട്.
കുറുവ ദ്വീപ് തുറക്കുന്നതിനെതിരെ നൽകിയ ഹരജിയില്‍ അനുവദിക്കപ്പെട്ട സ്റ്റേ കഴിഞ്ഞ ദിവസം ഹൈകോടതി താൽകാലികമായി പിന്‍വലിച്ചതോടെയാണ് കേന്ദ്രം തുറക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്. 2019 മാര്‍ച്ച് 22ന് ഹൈകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പ്രകാരമാണ് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ് പൂട്ടിയത്.
വനമേഖലകളില്‍ ഇക്കോടൂറിസം നടപ്പാക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണസമിതി നല്കിയ ഹരജി പരിഗണിച്ചായിരുന്നു കേന്ദ്രങ്ങള്‍ പൂട്ടിയത്. ഇതിനെതിരെ പ്രദേശത്തെ 38 ഓളം പേര് ചേര്‍ന്ന് നല്കിയ ഹരജി പരിഗണിച്ചാണ് നിയന്ത്രണങ്ങളോടെ കേന്ദ്രം തുറക്കാന്‍ ഹൈകോടതി താല്‍ക്കാലികാനുമതി നല്‍കിയത്.
കുറുവ പൂട്ടുന്നതിന് മുമ്പ് ദിനേന പ്രവേശനം നല്‍കിയിരുന്നു. പ്രതിദിനം 1150 പേര്‍ക്ക് മാത്രമാണ് ഇപ്പോൾ പ്രവേശനത്തിന് അനുമതിയുള്ളൂ. ഇത് കുറുവയുടെ രണ്ട് ഭാഗങ്ങളിലൂടെയുള്ള പ്രവേശന കവാടങ്ങള്‍ക്ക് തുല്യമായി പങ്കുവെക്കും. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് പുറമെ കോടതി നല്കിയ കര്‍ശന നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്.
കുറുവയിലെ വിനോദസഞ്ചാരം സംബന്ധിച്ച് രണ്ട് വര്‍ഷത്തിലധികമായി, പ്രദേശത്തെ രണ്ട് വ്യക്തികളും ഒരു സംഘടനയും നല്കിയ ഹരജിയും ഹൈകോടതിയില്‍ ഉണ്ട്. ഇതിലെ വാദംകൂടി പൂര്‍ത്തിയായാല്‍ മാത്രമെ കുറുവദ്വീപ് വിനോദസഞ്ചാര കേന്ദ്രമായി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമാവുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.