ഒരു ദേശത്തിന്റെ തലവര മാറ്റിയ ‘കുത്തിയതോട്’
text_fieldsതുറവൂർ: നാടിന് അഴകുമാത്രമല്ല, കാർഷി-വാണിജ്യ-സാമ്പത്തിക വളർച്ചകൂടി നൽകിയതാണ് ഈ തോട്. ജില്ലയിലെ ചേർത്തല താലൂക്കിലെ പട്ടണക്കാട് ബ്ലോക്ക് പരിധിയിൽപെട്ട ഗ്രാമപഞ്ചായത്താണ് കുത്തിയതോട്. തുറവൂർ വടക്ക് എന്നറിയപ്പെട്ടിരുന്ന ഈ ഗ്രാമം കുത്തിയതോട് ആയതിന്റെ പിന്നിലൊരു ചരിത്രമുണ്ട്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, വൈക്കം എന്നിവിടങ്ങളിൽനിന്ന് ചരക്കുകയറ്റിയ വലിയകേവ് വള്ളങ്ങൾ കടന്നുപോയിരുന്നത് വേമ്പനാട്ടുകായലിന്റെ കൈവഴിയായ ഉളവയ്പ് കായലിലൂടെയായിരുന്നു. ഉളവയ്പിൽനിന്ന് വടക്കോട്ടുള്ള യാത്രയിൽ സ്ഥിരമായുണ്ടാകുന്ന കാറ്റും കോളും വള്ളങ്ങൾക്ക് ഭീഷണിയായിരുന്നു. ഇതുമൂലം കൊച്ചിയിലെത്താൻ താമസവും നേരിട്ടു. ഇത് വ്യാപാരത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് മറ്റൊരു ജലമാർഗത്തെക്കുറിച്ച് ഭരണകർത്താക്കൾ ചിന്തിച്ചത്. കൈതപ്പുഴ കായലിന്റെ കൈവഴി പടിഞ്ഞാറൻ മേഖലയിലൂടെ കടന്നുപോകുന്നതായി തിരിച്ചറിഞ്ഞ്, കായലുകളെ ബന്ധിപ്പിക്കുന്ന വലിയതോട് കുഴിക്കാൻ തീരുമാനിച്ചു. കിഴക്കുപടിഞ്ഞാറായി വേമ്പനാട്ടുകായലിനെയും തഴുപ്പ് കായലിനെയും ബന്ധിപ്പിച്ചുകൊണ്ട് ജോലിക്ക് കൂലിയായി ഭക്ഷണം കൊടുത്തുകൊണ്ട് രാജഭരണ കാലത്ത് ‘കുത്തിയ’ തോടാണ് കുത്തിയതോട്.
തോടിന്റെ വരവോടെ തുറവൂർ വടക്ക് എന്ന് അതുവരെ അറിയപ്പെട്ട ഈ ദേശം കുത്തിയതോടെന്ന് അറിയപ്പെട്ടു. തോട്, നാടിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, കാർഷിക മേഖലയിൽ വലിയ സ്വാധീനം ചെലുത്തി. മലനാടും കടലോരവുമായി ബന്ധപ്പെടുന്ന പ്രധാന മാർഗമായി തോട് മാറി. കുത്തിയതോട് പഞ്ചായത്തിലെ പ്രധാന കൃഷി നെല്ലും തെങ്ങുമാണ്. കയർ, ചെമ്മീൻ എന്നിവയുടെ കച്ചവടം ഇവിടത്തുകാരുടെ മറ്റൊരു വരുമാനമാർഗമാണ്. തോട്ടിലൂടെ വാണിജ്യകേന്ദ്രമായ കൊച്ചിയിലേക്ക് കടത്തുന്ന കാർഷിക വിഭവങ്ങൾക്കും മലഞ്ചരക്കുകൾക്കും എന്നുവേണ്ട എല്ലാ സാധനങ്ങൾക്കും രാജഭരണകാലത്ത് ചുങ്കം ചുമത്തുന്ന ചൗക്ക നിലനിന്നിരുന്നതിന്റെ (ചെക്ക് പോസ്റ്റ്) ശേഷിപ്പുകൾ ഇന്നും തോടിന്റെ കരയിൽ കാണാം. ഇവിടം സന്ദർശിച്ച മഹാത്മാഗാന്ധിക്ക് സമർപ്പിച്ച ഗാന്ധിജിയുടെ സ്മാരകം ഇപ്പോഴും കുത്തിയതോട് പഞ്ചായത്ത് ഓഫിസിലുണ്ട്. ഗാന്ധിജി അന്തിയുറങ്ങിയ സ്ഥലമാണിത്. ഗാന്ധിപ്രതിമ സ്ഥാപിച്ച് പഞ്ചായത്ത് ഓഫിസ് ഗാന്ധി സ്മാരകമായി മാറിയിരിക്കുകയാണ്. ജനായത്ത ഭരണകാലത്ത് തോടിന്റെ ഉപയോഗം ജനങ്ങളുടെ സഞ്ചാരത്തിനും കൃഷിക്കുമായി മാറി. കൊച്ചിയിൽനിന്ന് എത്തുന്ന ചരക്കുവള്ളങ്ങളിൽ കയറിക്കൂടുന്ന വിദേശിയർ നാട് കാണാനെത്തുന്നത് പതിവായി. പിന്നീട് വിദേശീയരായ വിനോദസഞ്ചാരികളുടെ യാത്രക്കായി കുത്തിയതോടിന്റെ പരിസരത്ത് നിരവധി സംരംഭകർ വളർന്നുവന്നു. ഗ്രാമജീവിതത്തിന്റെ നേർക്കാഴ്ചകൾക്കായി നിരവധി വിദേശീയർ വഞ്ചിയാത്രക്ക് കുത്തിയതോട്ടിൽ എത്താൻ തുടങ്ങി. ഇപ്പോഴും വിദേശീയർ വിനോദത്തിന് ഉൾനാട്ടിലും കായലിലും വരുന്നുണ്ടെങ്കിലും തോടിനെ ഭംഗിയായി നിലനിർത്താനും ഗ്രാമീണരുടെ ജീവിതത്തിനുകൂടി പ്രയോജനപ്പെടുംവിധം ഉൾനാടൻ വിനോദസഞ്ചാരത്തെ വികസിപ്പിക്കാനും ബന്ധപ്പെട്ടവർക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.