കശ്മീരിൽ ശൈത്യകാലത്തും മഞ്ഞില്ല; നിരാശയിൽ സഞ്ചാരികൾ
text_fieldsശ്രീനഗർ: സഞ്ചാരികളുടെ പറുദീസയാണ് കശ്മീർ. താഴ്വരയിലെ മഞ്ഞുമലകൾ എല്ലാവരേയും ആകർഷിക്കുന്നതാണ്. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന കശ്മീരിനെ സംബന്ധിക്കുന്ന ചില വാർത്തകൾ സഞ്ചാരികളെ നിരാശയിലാക്കുന്നത്.
ശൈത്യകാലത്തും കശ്മീരിൽ മഞ്ഞില്ലാത്തതാണ് സഞ്ചാരികളുടെ നിരാശക്കുള്ള പ്രധാന കാരണം. മഞ്ഞ് ആസ്വദിക്കാനാവാതെയാണ് ശൈത്യകാലത്തും കശ്മീരിലെത്തുന്ന സഞ്ചാരികൾ മടങ്ങുന്നത്. മഞ്ഞില്ലാത്തത് ടൂറിസത്തെ മാത്രമല്ല കശ്മീരിലെ കാർഷിക മേഖലയേയും ഗുരുതരമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്.
പുതുവത്സരാഘോഷത്തിനായി നിരവധി ടൂറിസ്റ്റുകളാണ് കശ്മീരിലെത്തിയത്. ഗുൽമർഗിലെ മഞ്ഞുമായി ബന്ധപ്പെട്ടുള്ള വിവിധ ആക്ടിവിറ്റികൾക്കായിട്ടായിരുന്നു വിനോദസഞ്ചാരികളുടെ വരവ്. എന്നാൽ, കശ്മീർ അവർക്കെല്ലാം ഇക്കുറി നിരാശയാണ് സമ്മാനിച്ചത്.
ജനുവരി മൂന്ന് മുതൽ ഒമ്പത് വരെയുള്ള പാക്കേജാണ് താൻ ഗുൽമർഗിൽ ബുക്ക് ചെയ്തതെന്ന് ഡൽഹി സ്വദേശിയായ പങ്കജ് സിങ് പറഞ്ഞു. മഞ്ഞിൽ മൂടിയ മലനിരകളാണ് തങ്ങൾ ഗുൽമർഗിൽ പ്രതീക്ഷിച്ചത്. എന്നാൽ, ഏതൊരു ഉത്തരേന്ത്യൻ നഗരത്തിനും സമാനമായി ബ്രൗൺ നിറത്തിലുള്ള മലനിരകളാണ് അവിടെ കാണാൻ കഴിഞ്ഞത്. 2005 മുതൽ താൻ കശ്മീർ സന്ദർശിക്കാറുണ്ടെന്നും ഇത്തരത്തിലൊരു അനുഭവം ഇതാദ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.
മഞ്ഞിന്റെ അഭാവം കശ്മീരിലെ ടൂറിസത്തെ ബാധിച്ചിട്ടുണ്ടെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല പറഞ്ഞു. വരും ദിവസങ്ങളിലും കശ്മീരിൽ മഞ്ഞുവീഴ്ചയുണ്ടായില്ലെങ്കിൽ അത് വേനൽക്കാലത്ത് താഴ്വരയിൽ പല പ്രശ്നങ്ങൾക്കും ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.