മാലിദ്വീപ്, മൗറീഷ്യസ് മാതൃകയിൽ ലക്ഷദ്വീപിൽ ക്രൂയിസ് ടൂറിസം വരുന്നു
text_fieldsകടലിൽ ഒഴുകി നടക്കുന്ന ആഡംബര കപ്പലുകളിലെ യാത്ര ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാണ്. അത്തരമൊരു ഉദ്യമത്തിലേക്ക് തുഴയെറിയുകയാണ് ലക്ഷദ്വീപ്. മാലിദ്വീപ്, മൗറീഷ്യസ് പോലുള്ള രാജ്യങ്ങൾക്ക് സമാനമായ ക്രൂയിസ് ടൂറിസം വികസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതുവഴി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കൂടുതൽ വിദേശനാണ്യം എത്തിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത വർഷങ്ങളിൽ തന്നെ ഇത്തരമൊരു പദ്ധതി ലക്ഷദ്വീപിൽനിന്ന് സഞ്ചാരികൾക്ക് പ്രതീക്ഷിക്കാം. ഇതുസംബന്ധിച്ച അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകികഴിഞ്ഞു.
ലക്ഷദ്വീപിലെ നീലക്കടലുകളും പവിഴപ്പുറ്റുകൾ നിറഞ്ഞ ബീച്ചുകളും ഏതൊരാളെയും ആകർഷിപ്പിക്കുന്നതാണ്. ഇതോടൊപ്പം ക്രൂയിസം ടൂറിസം കൂടി വരുന്നതോടെ മികച്ച അനുഭവമാകും സഞ്ചാരികൾക്ക് ലഭിക്കുക.
ക്രൂയിസ് കപ്പൽ യാത്ര വഴി കേന്ദ്രഭരണ പ്രദേശത്തെ വിവിധ സ്ഥലങ്ങൾ ആസ്വദിക്കാൻ കഴിയും. 48 മണിക്കൂർ നീളുന്ന ഹോളിഡേ പാക്കേജാകും ടൂറിസം വകുപ്പ് അവതരിപ്പിക്കുക. മികച്ച അനുഭവങ്ങൾ നൽകുന്ന യാത്രാപദ്ധതികൾ ഇതിൽ അടങ്ങിയിരിക്കും.
നിലവിൽ കവരത്തി കപ്പലിൽ സഞ്ചാരികളെ വിവിധ ദ്വീപുകളിലേക്ക് കൊണ്ടുപോകുന്ന പാക്കേജ് സർക്കാർ നടത്തുന്നുണ്ട്. കൂടാതെ, ടൂറിസ്റ്റുകൾക്കായി ധാരാളം പരിസ്ഥിതി സൗഹൃദ റിസോർട്ടുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മിനിക്കോയ്, കൽപ്പേനി, കവരത്തി, ബംഗാരം, അഗത്തി ദ്വീപുകളിൽ ഇത്തരം റിസോർട്ടുകൾ കാണാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.