ജില്ലയിലെ ഏറ്റവും വലിയ ബീച്ച് ടൂറിസം ഒട്ടുംപുറത്ത് നടപ്പാക്കുന്നു
text_fieldsതാനൂർ: ഒട്ടുംപുറം തൂവൽതീരത്ത് പുതിയ വികസനവും പുതിയ ടൂറിസം പദ്ധതികളും ആവിഷ്കരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടൊപ്പം മന്ത്രി വി. അബ്ദുറഹ്മാൻ സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ ദിവസം തൂവൽതീര വിനോദസഞ്ചാര കേന്ദ്രത്തിന്റെ ശോച്യാവസ്ഥ 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് ശേഷമാണ് മന്ത്രിയുടെ നേരിട്ടുള്ള സന്ദർശനം. അറബിക്കടലും പൂരപ്പുഴയും കൂടിച്ചേരുന്ന ഇടമാണ് വിനോദസഞ്ചാര കേന്ദ്രമായ തൂവൽതീരം. നിലവിലെ വിനോദസഞ്ചാര കേന്ദ്രം അടിമുടി മാറ്റാനാണ് നിലവിലെ തീരുമാനം. സ്ട്രീറ്റ് ലൈറ്റ്, പുതിയ ബാത്ത്റൂം സൗകര്യം ഉൾപ്പെടെ നവീകരിക്കും. കോൺക്രീറ്റ് തൂണുകൾ പൂർണമായും ഒഴിവാക്കി പ്രകൃതിക്കിണങ്ങുന്ന ഇക്കോ ടൂറിസം പദ്ധതി നിർമാണമാണ് ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടത്. ഒപ്പം കനോലി കനാലിലെ പണി പൂർത്തിയാവുന്നതോടെ ബോട്ട് സർവിസും ആരംഭിക്കും. പൂരപ്പുഴയിലെ വള്ളംകളി ആസ്വദിക്കാൻ എത്തുന്നവർക്ക് പവിലിയനും ഒട്ടുംപുറത്ത് ഒരുക്കും. ഇപ്പോൾ നിർമാണ പ്രവൃത്തി നടക്കുന്ന തീരദേശ പാതയോട് ചേർന്ന് ഒട്ടുംപുറത്ത് യാത്രക്കാർക്ക് വിശ്രമിക്കാൻ ഡെസ്റ്റിനേഷൻ പോയന്റും ഒരുക്കുന്നുണ്ട്.
പാലത്തിലെ അപ്രോച്ച് റോഡും പൂർത്തിയായതോടെ പാലത്തിൽനിന്ന് കടലും പുഴയും നിലവിൽ ആസ്വദിക്കാൻ സാധിക്കും. ഇതെല്ലാം ഉൾപ്പെടുത്തിയുള്ള ഇക്കോ ടൂറിസം പദ്ധതി ഒട്ടുംപുറത്ത് ആവിഷ്കരിക്കാനാണ് ഉദ്യോഗസ്ഥരോടൊപ്പം മന്ത്രി സ്ഥലം സന്ദർശിച്ച് പദ്ധതികൾ ചർച്ച ചെയ്തത്.
ജില്ല ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും ടൂറിസം രംഗത്തെ വിദഗ്ധരും സന്ദർശന വേളയിൽ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ജില്ലയിലെ തന്നെ ഏറ്റവും വലിയ ബീച്ച് ടൂറിസം ഒട്ടുംപുറത്ത് നടപ്പാക്കാനാണ് തീരുമാനം. വരുംദിവസം ടൂറിസം വകുപ്പിന്റെ ടെക്നിക്കൽ ടീം സ്ഥലം സന്ദർശിച്ച് ഡി.പി.ആർ തയാറാക്കും. ഇത് മന്ത്രിയും ഉദ്യോഗസ്ഥരും പരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തി വേഗത്തിൽ വികസന പ്രവൃത്തി ആരംഭിക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.