ഇന്ത്യ-പാക് അതിർത്തിയിലെ അവസാന പോയിന്‍റ്; കശ്മീരിലെ പുതിയ കഫേയിലേക്ക് സഞ്ചാരികൾക്ക് സ്വാഗതം
text_fieldsകാഴ്ചകളുടെ സ്വർഗഭൂമിയായ ജമ്മു കശ്മീരിൽ സഞ്ചാരികൾക്കായി പുത്തൻ അനുഭവം കാത്തിരിക്കുന്നു. വടക്കൻ കശ്മീരിലെ ഉറിയിൽ കമാൻ പോസ്റ്റിൽ നിയന്ത്രണ രേഖക്ക് സമീപമുണ്ടായിരുന്ന കഫെ ഇന്ത്യൻ സൈന്യം നാല് വർഷങ്ങൾക്കുശേഷം തുറക്കുകയും 60 അടി ഉയരമുള്ള ദേശീയ പതാക സ്ഥാപിക്കുകയും ചെയ്തു.
ഇന്ത്യക്കും പാകിസ്താനും ഇടയിലുള്ള കമാൻ അമാൻ സേതു - ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജിലെ 'കഫെ ഫ്രീഡം' ഭക്ഷണശാലയാണ് സഞ്ചാരികൾക്ക് പുതിയ രുചികൾ പകരുക. ബാരാമുല്ല ജില്ലയിൽ അതിർത്തിയിലെ അവസാന പോയിന്‍റാണിത്. നവീകരണങ്ങൾക്കുശേഷമാണ് കഫെ വീണ്ടും തുറന്നത്.
ഇന്ത്യാ-പാക് തർക്കത്തെതുടർന്ന് ഈ ഭാഗത്തേക്ക് സഞ്ചാരികൾക്ക് നേരത്തെ പ്രവേശനമുണ്ടായിരുന്നില്ല. ഇനി കമാൻ പോസ്റ്റും കമാൻ അമാൻ സേതു പാലവും അഭിമാനപൂർവ്വം സന്ദർശിക്കാം. ഇവിടെയുള്ള ശാന്തമായ സ്ഥലത്ത് വിശ്രമിക്കാം. കഫേയിൽ വിളമ്പുന്ന പാനീയങ്ങളും ലഘുഭക്ഷണങ്ങളും കൂടാതെ സുവനീറുകളും വാങ്ങാം.
പാകിസ്താനുമായി നിയന്ത്രണ രേഖയിൽനിന്ന് 10 കിലോമീറ്റർ കിഴക്കായി ഝലം നദിയുടെ ഇടത് കരയിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണ് ഉറി. തലസ്ഥാനമായ ശ്രീനഗറിൽനിന്ന് 120 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. കമാൻ അമാൻ സേതുവിലൂടെ ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരബന്ധമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.