വിശ്രമമൊഴിയുന്ന വിനോദസഞ്ചാരം: തിരക്കേറുന്നു, പ്രതീക്ഷകളും
text_fieldsഇടുക്കിയുടെ ജീവനാഡിയാണ് കൃഷിയും വിനോദസഞ്ചാരവും. പ്രളയവും കോവിഡും ഈ രണ്ട് മേഖലകളെയും അടിമുടി ഉലച്ചു. വിനോദസഞ്ചാരമേഖലയിലെ വരുമാന, തൊഴിൽ നഷ്ടം ഭീമമാണ്. കോവിഡിന്റെ ആശങ്ക നീങ്ങിത്തുടങ്ങിയതോടെ ജില്ലയുടെ വിനോദസഞ്ചാര മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. അകന്നുനിന്ന സഞ്ചാരികൾ ആഹ്ലാദാരവങ്ങളോടെ മടങ്ങിയെത്തുന്നു. ജില്ലയിലെ വിനോദസഞ്ചാരമേഖലയുടെ ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ഒരു അന്വേഷണം...
പ്രളയവും കോവിഡും തീർത്ത വലിയ പ്രതിസന്ധി തരണംചെയ്ത് ഇടുക്കിയുടെ വിനോദസഞ്ചാര മേഖല വീണ്ടും സജീവമാവുകയാണ്. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും പതിയെ ഉണർന്നുവരുമ്പോൾ പ്രതീക്ഷയിലാണ് വ്യാപാരമേഖലയും. എവിടെയും ഇതിന്‍റെ മുന്നൊരുക്കം പ്രകടമാണ്. വിനോദസഞ്ചാര മേഖലയുടെ സജീവമായ വീണ്ടെടുപ്പിന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇതരസർക്കാർ ഏജൻസികളും തദ്ദേശ സ്ഥാപനങ്ങളും കൂടുതൽ ഇടപെടൽ നടത്തുകയും ഉണർന്ന് പ്രവർത്തിക്കുകയും ചെയ്യേണ്ട സമയമാണിത്.
കോവിഡ് ആശങ്കകൾ ഒഴിയുകയും നിയന്ത്രണങ്ങൾ നീങ്ങുകയും ചെയ്തതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കാഴ്ചകൾ തേടി വിദേശികളടക്കം എത്തിത്തുടങ്ങിയത് ഏറെ പ്രതീക്ഷ നൽകുന്നു. വിഷു, ഈസ്റ്റർ അവധി ദിനങ്ങളിൽ ഡി.ടി.പി.സിയുടെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാത്രം 35,000ഓളം സന്ദർശകർ എത്തുകയും ഇതുവഴി 15 ലക്ഷത്തോളം രൂപ വരുമാനം ലഭിക്കുകയും ചെയ്തു. കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷങ്ങളായി ജില്ലയുടെ വിനോദസഞ്ചാരമേഖലയുടെ നഷ്ടം കോടികളാണ്. ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ആയിരങ്ങൾ തൊഴിൽരഹിതരായി. അനുബന്ധ മേഖലകളുടെ വരുമാനവും വളർച്ചയും മുരടിച്ചു. സഞ്ചാരികളെ ആശ്രയിച്ച് പച്ചപിടിച്ചുനിന്ന തദ്ദേശീയമായ വ്യാപാരങ്ങൾ നിലച്ചു. ഇതിൽനിന്നെല്ലാം കരകയറാനുള്ള ഭഗീരഥപ്രയത്നമാണ് വരും നാളുകളിൽ വേണ്ടത്.
വേനൽമഴ ശക്തമായി തുടരുന്നത് ഇടുക്കിയിലെ ജലപാതങ്ങളെല്ലാം സജീവമാക്കിയിട്ടുണ്ട്. കാടും നാടും പച്ചപ്പണിഞ്ഞു. ഹൈറേഞ്ചിലെ മലയും പുഴയും പുൽമേടുകളും വന്യമൃഗങ്ങളും പാറക്കൂട്ടങ്ങളും മൊട്ടക്കുന്നുകളും മലഞ്ചെരുവുകളുമൊക്കെ കാണാനും ആസ്വദിക്കാനും വിദേശികളടക്കം എത്തിത്തുടങ്ങി. എന്നാൽ, അടിസ്ഥാന സൗകര്യവികസനങ്ങളിലെ പിന്നാക്കാവസ്ഥ ഇപ്പോഴും തുടരുകയാണ്. ശക്തമായ അതിജീവനത്തിന് ഈ അവസ്ഥ മാറിയേ പറ്റൂ. രാജഭരണകാലത്തെ നിർമിതികളാണ് പലയിടങ്ങളിലും ഇപ്പോഴുമുള്ളത്. ജില്ലയിലെ എല്ലാ പഞ്ചായത്തിലും ചെറുതും വലുതും പ്രശസ്തവും അറിയപ്പെടാത്തതുമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ടെങ്കിലും ഇവയുടെ വികസനത്തിന് കാര്യമായ നടപടി ഉണ്ടാകുന്നില്ല. മറ്റൊരു ജില്ലക്കും അവകാശപ്പെടാനില്ലാത്ത പ്രകൃതി രമണീയതയുടെ സൗന്ദര്യം പേറുന്ന ഇടുക്കിയിൽ രാജഭരണകാലം മുതലുള്ള ശേഷിപ്പുകൾ ഇപ്പോഴും കാണാം. മറയൂർ ചന്ദനക്കാടും പെരിയാർ കടുവ സങ്കേതവും വരയാടുകളുടെ കേന്ദ്രമായ രാജമലയും ഗോത്രവർഗ സങ്കേതങ്ങളും ബ്രിട്ടീഷ്, രാജഭരണ സ്വാധീന പ്രദേശങ്ങളും ഇടുക്കിയുടെ പ്രത്യേകതയാണ്. ആധുനിക കുടിയേറ്റത്തിന് തുടക്കംകുറിച്ച ഉപ്പുതറയിലും ഏറ്റവും ഒടുവിൽ രൂപവത്കൃതമായ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിക്കുമൊക്കെ പറയാൻ പെരുമകൾ ഏറെയുണ്ട്. ബൈസൺവാലി താഴ്വരയും അഞ്ചുനാട്ടിലെ മറയൂർ, കാന്തല്ലൂർ പ്രദേശങ്ങളും പേരിൽതന്നെ രാജകീയ പ്രൗഢി നിലനിർത്തുന്ന രാജാക്കാട്, രാജകുമാരി, സേനാപതി തുടങ്ങിയ പഞ്ചായത്തുകളുമൊക്കെ സഞ്ചാരികൾക്ക് പ്രകൃതിയുടെ വിരുന്നും വിസ്മയവുമാണ്.
തേയിലത്തോട്ടം സ്ഥാപിക്കാനെത്തിയ വിദേശികളും ജീവിതം തേടിയെത്തിയ തോട്ടം തൊഴിലാളികളും കുടിയേറ്റ കർഷകരുമെല്ലാം ചേർന്ന് ഊടും പാവും നൽകിയ ദേശങ്ങൾക്ക് ചരിത്രസമ്പന്നമായ ഒരു ഭൂതകാലമുണ്ട്. സഹ്യപർവത നിരകളിൽ 12 വർഷത്തിലൊരിക്കൽ പൂവിടുന്ന നീലക്കുറിഞ്ഞിയും മറ്റും ഇടുക്കിയെ അതിമനോഹരമാക്കുന്നു. 2018ലെയും 2019 ലെയും മഹാപ്രളയങ്ങളും ശേഷമുണ്ടായ കോവിഡും വിനോദസഞ്ചാര മേഖലക്ക് ഏൽപിച്ച ആഘാതം ചെറുതല്ല. സമാനതകളില്ലാത്തതായിരുന്നു പ്രതിസന്ധി. എന്നാൽ, കോവിഡ് ഭീഷണി മാറിയതോടെ ഇടുക്കി വീണ്ടും സഞ്ചാരികളുടെ തിരക്കിലേക്ക് നീങ്ങുകയാണ്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.