സമ്മർ യാത്രകൾ കൂളാക്കാം
text_fieldsയാത്രകൾ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. ഒരോ യാത്രകളും മനോഹരമായ മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. പൊള്ളുന്ന ചൂടാണെങ്കിലും യാത്രകളോട് ‘നോ’ പറയാൻ കഴിയില്ല. വേനൽകാലവും യാത്രാപ്രേമികൾക്ക് നല്ല സീസണാണ്. സ്കൂളുകൾക്ക് അവധിയുള്ള വേനൽകാലത്താണ് മിക്കവരും യാത്രകൾ പ്ലാൻ ചെയ്യാറ്.
ആഘോഷങ്ങൾക്ക് ഒത്തുകൂടുന്ന കുടുംബങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്നത് ഒരു ട്രെൻഡാണിപ്പോൾ. വേനൽകാലത്ത് ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് യാത്രകൾ കൂടുതൽ ആസ്വാദ്യകരമാക്കും.
കാലാവസ്ഥ അറിയാം
യാത്രകൾ തുടങ്ങുന്നതിന് മുമ്പ് പോകുന്ന സ്ഥലത്തെ കാലാവസ്ഥ അറിയണം. താപനില എത്ര വരെ ഉയരുമെന്ന് നോക്കണം. അക്യുവെതർ.കോം പോലുള്ള വെബ്സൈറ്റുകളിൽ കാലാവസ്ഥ വിവരങ്ങൾ കൃത്യമായി ലഭിക്കും. കാഴ്ചകൾ കാണാൻ രാവിലെയും വൈകീട്ടുമാണ് ഏറ്റവും നല്ല സമയം.
കൂൾ ഡെസ്റ്റിനേഷൻ
കനത്ത വേനലിലും തണുപ്പുള്ള ഒത്തിരി സ്ഥലങ്ങളുണ്ട്. മൂന്നാർ, ഊട്ടി, കൂർഗ് തുടങ്ങിയ ഹിൽ സ്റ്റേഷനുകൾ ഏത് കാലത്തും യാത്രക്ക് യോജിച്ചതാണ്. ഗോവ, ജയ്പുർ പോലുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങൾ തൽക്കാലം മാറ്റിനിർത്താം.
സ്ട്രീറ്റ് ഫൂഡ് വേണ്ട
ഏത് നാട്ടിലെത്തിയാലും അവിടുത്തെ ഭക്ഷണം ആസ്വദിക്കുക എന്ന യാത്രാപ്രേമികളുടെ ശീലമാണ്. സ്ട്രീറ്റ് ഫൂഡ് ആണ് മിക്കവരുടെയും ഇഷ്ടം. പക്ഷെ, സമ്മർ യാത്രകളിൽ സ്ട്രീറ്റ് ഫൂഡ് ഒഴിവാക്കുന്നത് നല്ലത്. അമിതമായി എരിവും എണ്ണയും ചേർന്ന ഭക്ഷണമാണ് സ്ട്രീറ്റ് ഫൂഡ്. ഇതു കഴിക്കുന്നത് നിർജലീകരണത്തിനും വയറിളക്കത്തിനും മറ്റും കാരണമാകും. പഴവർഗങ്ങൾ കഴിക്കുന്നതാണ് ഏറ്റവും ഉചിതം. പ്രത്യേകിച്ച്, ജലാംശം കൂടുതൽ അടങ്ങിയ വത്തക്ക പോലുള്ള പഴവർഗങ്ങൾ.
കുടിവെള്ളം മറക്കല്ലേ
ധാരാളം കുടിക്കേണ്ട കാലമാണിത്. യാത്രകളിൽ എപ്പോഴും കുടിവെള്ളം കരുതണം. ചില സ്ഥലങ്ങളിൽ പ്രതീക്ഷിച്ച പോലെ ശുദ്ധമായ കുടിവെള്ളം കിട്ടണമെന്നില്ല. നിർജലീകരണം കാരണം തലകറക്കം, തലവേദന പോലുള്ള പല ആരോഗ്യ പ്രശ്നങ്ങളും നേരിടാം.
വിശ്രമിക്കൂ...
വേനൽകാലത്ത് ചെറിയ യാത്രകൾ പോലും ക്ഷീണിതരാക്കും. എല്ലാം കാണാൻ സമയം കുറവാണെന്ന് വിചാരിച്ച് ആവശ്യത്തിന് വിശ്രമിക്കാതെ തുടർച്ചയായി യാത്ര ചെയ്യരുത്. ഉച്ചസമയങ്ങളിൽ വിശ്രമിക്കുന്നതാണ് നല്ലത്. യാത്രക്കിടയിൽ വിശ്രമം അത്ര പ്രധാനപ്പെട്ടതല്ലെന്ന് തോന്നും. പക്ഷെ, ചൂട് കാരണം യാത്ര മടുക്കാൻ ഇടയാകും.
മരുന്ന് കരുതൂ...
ഏറ്റവും അത്യാവശ്യമുള്ള മരുന്നുകൾ കരുതണം. ജലദോഷം, തുമ്മൽ, വയറുവേദന തുടങ്ങിയ അസുഖങ്ങൾ ഏതു സമയത്തും വരുന്നതാണ്. ഇത്തരം അസുഖങ്ങൾ യാത്ര മുടക്കാതെ നോക്കണം. മരുന്നുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ലഭിക്കണമെന്നില്ല.
സൺഗ്ലാസ് ധരിക്കാം
വേനൽകാല യാത്രകളിൽ ചൂടുകാറ്റ് അനുഭവപ്പെടും. കണ്ണിന്റെ ആരോഗ്യത്തിന് സൺഗ്ലാസ് ധരിക്കാം. മുഖത്ത് സൺക്രീം പുരട്ടുന്നതും നല്ലതാണ്. വെയിൽകൊണ്ട് മുഖം കരുവാളിച്ചാൽ ഫോട്ടോ എടുത്തതൊക്കെ വെറുതെയാകും. തൊപ്പിയും കുടയുമുണ്ടെങ്കിൽ പുറത്തിറങ്ങി ചൂടേൽക്കാതെ നടക്കാം. സാനിറ്റൈസറും ഫേസ് മാസ്കും കരുതണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.