ഇറാന് പൊതുവെ, പണ്ട് പ്രതാപിയായിരുന്ന ഇപ്പോൾ ക്ഷയിച്ച ഒരു തറവാടിെൻറ ലക്ഷണമാണ്...
text_fieldsലണ്ടൻ ടു കേരള ക്രോസ് കൺട്രി റോഡ് ട്രിപ്പ് എന്ന പേരിൽ കാൻസർ ബാധിതരായ കുട്ടികളെ സഹായിക്കുന്ന റയാൻ നൈനാൻ ചിൽഡ്രസ് ചാരിറ്റിയെ പിന്തുണക്കുന്നതിനായി ലണ്ടൻ മലയാളി രാജേഷ് കൃഷ്ണ നടത്തുന്ന ഒറ്റയാൾ യാത്ര ഇറാനിലെത്തി. ലണ്ടനിലെ ഹൈവേ കോമ്പിലെ സ്വന്തം വീട്ടിൽ നിന്നാരംഭിച്ച യാത്ര രാജേഷിെൻറ പത്തനംതിട്ടയിലെ വാര്യാപുരം തോട്ടത്തിൽ തറവാട്ട് വീട്ടിലേക്കാണ്. ഇറാനെ കുറിച്ച് രാജേഷ് ഫേസ് ബുക്കിൽ കുറിച്ചതിങ്ങനെയാണ്. പൊതുവെ, പണ്ട് പ്രതാപിയായിരുന്ന ഇപ്പോൾ ക്ഷയിച്ച ഒരു തറവാടിന്റെ ലക്ഷണമാണെന്നാണ്...
കുറിപ്പിെൻറ പൂർണരൂപം
പണ്ട് പ്രതാപിയായിരുന്ന ഇപ്പോൾ ക്ഷയിച്ച ഒരു തറവാടിന്റെ ലക്ഷണമാണ് പൊതുവെ ഇറാന്. മറ്റു പല നിയമങ്ങളും കഠിനമാണെങ്കിലും ട്രാഫിക് നിയമങ്ങൾ എന്നത് നിലവിലില്ല എന്ന് നമുക്ക് തോന്നുന്ന രാജ്യമാണ് ഇറാൻ. ബൈക്കുകൾ പൊതുവെ കുറവാണ്, ഹെൽമറ്റ് എന്നത് കണ്ടിട്ടേ ഇല്ല. ട്രാഫിക്ക് ലൈറ്റുകൾ അലങ്കാരത്തിനുള്ള എന്തോ ഒന്നാണ്. റെഡ് ലൈറ്റ് മിന്നിക്കൊണ്ടെ ഇരിക്കുന്ന ഇടങ്ങൾ, ' നീ വേണേ പൊയ്ക്കോ അപ്പുറം എത്തിയാൽ കാണാം ' എന്ന് പറയാതെ പറയും പോലെ. എവിടെ നിന്നും എപ്പോൾ വേണമെങ്കിലും വണ്ടികൾ വരാം. പരസ്യമായി മൊബൈൽ ഫോണുകൾ ചെവിയിൽ പിടിച്ചാണ് ആൺ പെൺ വ്യത്യാസമില്ലാതെ ഡ്രൈവിങ്ങ്.
സ്ത്രീ ഡ്രൈവർമാർ അറപ്പും പേടിയുമൊന്നുമില്ലാതെ നല്ല വേഗത്തിൽ പായുന്നു. കാറുകളിൽ ഇനി ടൊയ്ലറ്റുകൂടി പിടിപ്പിച്ചാൽ മതി എന്ന രീതിയിൽ എല്ലാം കുത്തി നിറച്ച് യാത്ര ചെയ്യുന്ന ഒട്ടേറെ കുടുംബങ്ങളെ കണ്ടു. വഴിവക്കിലെ മരത്തണലിൽ വണ്ടിയിട്ട് വിശാലമായി കിടന്നും ഭക്ഷണം കഴിച്ചും നീങ്ങുന്ന യാത്രാ സംഘങ്ങൾ. താമസത്തിന് ആയിരത്തി അഞ്ഞൂറ് രണ്ടായിരം രൂപക്കൊക്കെ നല്ല ഹോട്ടലുകൾ കിട്ടും പക്ഷെ ഭക്ഷണത്തിന് അതിന്റെ പല ഇരട്ടി വേണം. അതുകൊണ്ടാണെന്ന് തോന്നുന്നു എല്ലാവരും ഭക്ഷണം കരുതി വഴിവക്കിൽ ഇരുന്ന് കഴിക്കുന്നത്. വണ്ടി നിർത്തിയാൽ മിക്കവരും ഹൃദയപൂർവ്വം ഭക്ഷണത്തിന് ക്ഷണിക്കും. ചായ എങ്കിലും കുടിപ്പിച്ചേ വിടൂ.
ഒരു 30 കൊല്ലം മുന്നേ ഓഫായ ടൈം മെഷീൻ പിന്നെ ചലിക്കാൻ മറന്നു പോയ മട്ടിലുള്ള ഒരു രാജ്യം പോലെ തോന്നും ഒറ്റനോട്ടത്തിൽ. പഴഞ്ചൻ വാഹനങ്ങളാണ് നിരത്ത് നിറയെ. എല്ലാം അന്നത്തെ പ്രമുഖർ. പുതുമുഖങ്ങളിൽ Peugeot ആണ് പ്രമാണി. ഒരു 80 കളിലെയോ തൊണ്ണൂറുകളിലേയോ സിനിമ പിടിക്കാൻ ആർട്ടിന്റെ കാശ് ഉറപ്പായും ഇറാനിൽ ലാഭിക്കാം.
വീണ്ടും ഒന്നെടുത്ത് പറയണം, പോലീസായാലും പട്ടാളമായാലും കസ്റ്റംസ് ആയാലും സാധാരണക്കാരനായാലും ഏറ്റവും ഹൃദ്യമായി ഇടപെടുന്ന ജനത...! അവർ പഴയ പ്രതാപത്തിൽ തിരികെ വരും, മനുഷ്യരുടെ ഹൃദ്യമായ ഇടപെടൽ കാണുമ്പോൾ അതാണ്, അതു തന്നെയാണ് തോന്നുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.