ലണ്ടൻ ടു മലപ്പുറം: കാറിൽ അഞ്ചംഗ സംഘം പുറപ്പെട്ടു, 13 രാജ്യങ്ങൾ താണ്ടിയാണ് ഇന്ത്യയിലെത്തുക
text_fieldsവളാഞ്ചേരി: ലണ്ടനിൽനിന്ന് മലപ്പുറത്തേക്ക് സാഹസിക യാത്ര ആരംഭിച്ച് അഞ്ചംഗ മലയാളി സംഘം. യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങൾ കടന്നാണ് സംഘം ഇന്ത്യയിലെത്തുക. സെപ്റ്റംബർ 17ന് ലണ്ടനിൽനിന്ന് പുറപ്പെട്ട ഇവർ കേരളത്തിലെത്താൻ രണ്ട് മാസമെടുക്കും. ഫ്രാൻസ്, ജർമനി, ഗ്രീസ്, തുർക്കി, ഇറാൻ, പാകിസ്താൻ തുടങ്ങി 13 രാജ്യങ്ങൾ താണ്ടിയാണ് ഇന്ത്യയിലെത്തുക.
മലപ്പുറം സ്വദേശികളായ മൊയ്തീൻ കോട്ടക്കൽ, മുസ്തഫ കരേക്കാട്, സുബൈർ കാടാമ്പുഴ, ഹുസൈൻ കുറ്റിപ്പാല, ഷാഫി കുറ്റിപ്പാല എന്നിവരാണ് യാത്രയിലുള്ളത്. പാകിസ്താനിലൂടെ യാത്രചെയ്യാൻ ഇന്ത്യക്കാർക്ക് അനുമതി ലഭിക്കാത്തതും സുരക്ഷ പ്രശ്നങ്ങളും കാരണം സാധാരണ യാത്രക്കാർ മറ്റുവഴികളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ, ചില യാത്രാംഗങ്ങൾക്ക് ബ്രിട്ടീഷ് പാസ്പോർട്ട് ഉള്ളതിനാലും സുരക്ഷ മുൻകരുതലുകൾ എടുത്തതിനാലുമാണ് ഇവരുടെ യാത്ര ഇറാൻ-പാകിസ്താൻ വഴി ഇന്ത്യയിൽ പ്രവേശിക്കുന്ന രീതിയിൽ തയാറാക്കിയത്. രണ്ടുപേർ യു.എ.ഇയിൽനിന്ന് യാത്രക്കായി ലണ്ടനിലെത്തിയവരാണ്.
കിഴക്ക്-പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളായ ക്രൊയേഷ്യ, ബൾഗേറിയ, ഗ്രീസ് തുടങ്ങിയയിടങ്ങളിൽ ദിവസങ്ങളോളം ചെലവഴിച്ചാണ് യാത്ര തുർക്കിയിൽ പ്രവേശിക്കുക. തുർക്കിയുടെ പ്രധാന നഗരങ്ങളിലും ചരിത്ര പ്രധാന സ്ഥലങ്ങളിലും യാത്രാസംഘം സന്ദർശനം നടത്തും. തുടർന്ന് ഇറാൻ വഴി പാകിസ്താനിലേക്കും അതുവഴി ഇന്ത്യയിലേക്കും പ്രവേശിക്കും. മേഴ്സിഡസ് ബെൻസിന്റെ എട്ടുപേരെ ഉൾക്കൊള്ളുന്ന വി ക്ലാസ് മോഡൽ കാറിലാണ് സഞ്ചാരം. ഇന്ത്യയിൽ വാഗ അതിർത്തി കടന്ന് കശ്മീർ, ഷിംല, മണാലി വഴി ഡൽഹി-രാജസ്ഥാൻ കടന്ന് 25000 കിലോമീറ്ററോളം യാത്ര നടത്തിയാണ് അവസാന ലക്ഷ്യസ്ഥാനമായ മലപ്പുറത്തെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.