മറയുന്ന പൈതൃകക്കാഴ്ചകൾ
text_fieldsലോകത്ത് കണ്ടിരിക്കേണ്ട പത്ത് നഗരങ്ങളിൽ ഒന്നായി രാജ്യാന്തര പ്രശസ്തമായ ലോൺലി പ്ലാനറ്റ് മാഗസിന്റെ പട്ടികയിൽ കൊച്ചി ഇടം പിടിച്ചത് 2019ലാണ്. ആരെയും മോഹിപ്പിക്കുന്ന പൈതൃകഭംഗിയാണ് കൊച്ചിക്ക് ഈ അംഗീകാരം നേടിക്കൊടുത്തത്. എന്നാൽ, ചരിത്രത്തിന്റെ കൈപിടിച്ച് വളർന്ന കൊച്ചിയുടെ പൈതൃകക്കാഴ്ചകൾ ഒന്നൊന്നായി മറയുന്നു. ശേഷിക്കുന്നവയാകട്ടെ സംരക്ഷണമില്ലാതെ നാശത്തിന്റെ വക്കിലും. ഓരോ വർഷവും സ്വദേശികളും വിദേശികളുമായ ലക്ഷക്കണക്കിന് സഞ്ചാരികളെത്തുന്ന കൊച്ചിയുടെ വിനോദസഞ്ചാര മേഖല നേരിടുന്ന വർത്തമാനകാല വെല്ലുവിളികളെക്കുറിച്ച അന്വേഷണം ഇന്ന് മുതൽ..
ലോകമെമ്പാടുമുള്ള യാത്രികരുടെ വഴികാട്ടിയാണ് ലോൺലി പ്ലാനറ്റ് എന്ന മാഗസിൻ. സഞ്ചാരം വിനോദമാക്കി മാറ്റുന്നവർ ഹൃദയത്തോട് ചേർത്തുവെക്കുന്ന ആധികാരിക പ്രസിദ്ധീകരണം. ലോകത്തിലെ എല്ലാ കാഴ്ചകളെയും പരിചയപ്പെടുത്തുന്ന ലോൺലി പ്ലാനറ്റിന്റെ 2019ലെ താളുകളിൽ ലോകത്ത് കണ്ടിരിക്കേണ്ട പത്ത് നഗരങ്ങളിൽ ഒന്നായി കൊച്ചിയെയും ഉൾപ്പെടുത്തിയിരുന്നു. ദൈവത്തിന്റെ സ്വന്തം നാടിന് അഭിമാനിക്കാവുന്ന അംഗീകാരം.
പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഓസ്ട്രിയയിലെ സാൻസ്ബർഗും രണ്ടാമത് അമേരിക്കയിലെ വാഷിങ്ടണുമാണ്. ഈജിപ്ത്തിലെ കൈറോ, അയർലൻഡിലെ ഗാൽവേ, ജർമനിയിലെ ബോൺ, ബൊളീവിയയിലെ ലാപാസ്, കാനഡയിലെ വാൻകൂവർ, യു.എ.ഇയിലെ ദുബൈ, അമേരിക്കയിലെ ഡെൻവർ എന്നിവയാണ് പട്ടികയിൽ ആദ്യസ്ഥാനങ്ങളിലുള്ള മറ്റ് നഗരങ്ങൾ. കൊച്ചി ഏഴാം സ്ഥാനത്താണ്. പട്ടികയിൽ ഇടംപിടിച്ച നഗരങ്ങളുടെ പ്രത്യേകതയും ലോൺലി പ്ലാനറ്റ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിൽ കൊച്ചിയുടെ സവിശേഷതയായി പറയുന്നത് പൈതൃകഭംഗിയാണ്. യൂറോപ്യൻ നഗരങ്ങളുടെ മോഹിപ്പിക്കുന്ന പൈതൃകസൗന്ദര്യം കൊച്ചിയിൽ കാണാമെന്ന് മാഗസിൻ അടിവരയിട്ട് വ്യക്തമാക്കുന്നു. നീണ്ട 444 വർഷം ഒന്നിന് പിറകെ ഒന്നായി മൂന്ന് വിദേശ നാഗരികതകൾ കൈവരിച്ച ലോകത്തിലെ ഏകനഗരം. എവിടെ തിരിഞ്ഞാലും ചരിത്ര കാഴ്ചകൾ... ഇതൊക്കെയാണ് കൊച്ചിയുടെ സവിശേഷതകളായി അടയാളപ്പെടുത്തിയത്. എന്നാൽ, ഇന്ന് ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് ഈ പൈതൃക കാഴ്ചകളുടെ സമൃദ്ധിയൊന്നുമല്ല.
പടിയിറങ്ങുന്നു, പഴമയുടെ സൗന്ദര്യം
പഴമയുടെ കാഴ്ചകൾ അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടി പുരാതന കെട്ടിടങ്ങളും സ്മാരകങ്ങളും ഇടിച്ചുനിരത്തി പുതിയവ കെട്ടുന്ന അധികാരികളുടെ അത്യുത്സാഹങ്ങൾക്ക് ഇടയിലാണ് ലോൺലി പ്ലാനറ്റ് കൊച്ചിയുടെ പൈതൃക ഭംഗി ലോക സഞ്ചാരികൾക്ക് മുന്നിൽ വിവരിച്ച് പട്ടികയിൽ സ്ഥാനം നൽകിയത്. അതിന് ശേഷവും പൈതൃക സ്മാരകങ്ങൾ ഇടിച്ചു നിരത്തുന്നതിൽ അധികൃതർക്ക് ഒരു സങ്കോചവും ഉണ്ടായില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
കൊച്ചിയിലെ സിനഗോഗ്, ഡച്ച് കൊട്ടാരം, ചീനവലകൾ, സെന്റ് ഫ്രാൻസിസ് ദേവാലയം, ഡേവിഡ് ഹാൾ, ഇന്ത്യ-പോർചുഗീസ് മ്യൂസിയം, നേവൽ മാരി ടൈം മ്യൂസിയം തുടങ്ങിയവ പൈതൃക കാഴ്ചകളിൽ പ്രത്യേക പരാമർശം നേടിയവയാണ്. തൃപ്പൂണിത്തുറയിലെ ഹിൽ പാലസ് മ്യൂസിയവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തട്ടുകടകളും ഇടം പിടിച്ചു എന്നത് കൗതുകത്തോടെ കാണാവുന്നതാണ്. എന്നാൽ ലോൺലി പ്ലാനറ്റിൽ പൈതൃക സവിശേഷതകൾ ഇടംപിടിച്ച ശേഷമുള്ള കൊച്ചിയുടെ വർത്തമാനകാല കാഴ്ചകൾ ഏറെ ദയനീയമാണ് എന്നതാണ് വസ്തുത. കൊച്ചിയിൽ എവിടെ നോക്കിയാലും ചരിത്രത്തിന്റെ മുദ്രകളുണ്ടെന്ന് പറയുന്നത് പോലെ തന്നെ എങ്ങു നോക്കിയാലും മാലിന്യക്കൂമ്പാരങ്ങളും കാണാം എന്നതാണ് അവസ്ഥ. അഴുക്കുചാലുകൾ നിറഞ്ഞൊഴുകുന്ന മനംമടുപ്പിക്കുന്ന കാഴ്ചകൾ വേറെയും.
പൈതൃക ചരിത്രംകൊണ്ട് ലോൺലി പ്ലാനറ്റ് എടുത്ത് കാട്ടിയതിനു തൊട്ടുപിന്നാലെയാണ് ഫോർട്ട്കൊച്ചിയിലെ ചരിത്ര പ്രസിദ്ധമായ കരിപ്പുര കെട്ടിടം മെട്രോ ജെട്ടിക്കായി പൊളിച്ചുമാറ്റിയത്. രണ്ടാം ലോകയുദ്ധകാലത്ത് സഖ്യസേനയുടെ യുദ്ധക്കപ്പലുകൾക്ക് ഇന്ധനമായി കരിസൂക്ഷിച്ച ഗോഡൗൺ കെട്ടിടമായിരുന്നു ഇത്. സഖ്യസേനയുടെ ഏഷ്യയിലെ ഏക ഇന്ധനത്താവളം.
പിന്നീട് ബ്രിട്ടീഷ് സേനയുടെ വിനോദകേന്ദ്രം കൂടിയായിരുന്ന കെട്ടിടമാണ് ചരിത്രബോധം നഷ്ടപ്പെട്ടവർ ഒരു ദാക്ഷിണ്യവുമില്ലാതെ ഇടിച്ചുനിരത്തിയത്. നാല് രാജ്യങ്ങളുടെ സൈനിക പരേഡുകൾക്ക് വേദിയായ ലോകത്തിലെ തന്നെ ഏക മൈതാനമായ പരേഡ് മൈതാനം കട്ട വിരിച്ച് കാർ പാർക്കിങ് അടക്കമുള്ള സംവിധാനം ഒരുക്കാനുള്ള നീക്കം പൊതുജനങ്ങളുടെ എതിർപ്പിനെ തുടർന്ന് പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കൊച്ചിയുടെ സൗന്ദര്യത്തിന്റെ മുഖം മറക്കുന്ന അനധികൃതമായ വെച്ചുകെട്ടലുകൾ ഏറിയെങ്കിലും നിയന്ത്രിക്കാൻ നടപടിയില്ലാതായി. വിനോദസഞ്ചാര ഭൂപടത്തിൽ കൊച്ചിയുടെ പൂർവകാല പ്രതാപം മങ്ങിത്തുടങ്ങിയിട്ടും അധികൃതർക്ക് തെല്ലും കുലുക്കമില്ല.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.