മദീനയും ദുബൈയും തനിച്ച് സഞ്ചരിക്കുന്ന സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരങ്ങൾ
text_fieldsറിയാദ്: സൗദി നഗരമായ മദീന സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരമെന്ന് പഠനം. യു.കെ ആസ്ഥാനമായുള്ള ട്രാവൽ ഇൻഷുറൻസ് കമ്പനിയായ 'ഇൻഷുർ മൈ ട്രിപ്പ്' നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഇൻഷുർ മൈ ട്രിപ്പിന്റെ കണക്കനുസരിച്ച് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരിൽ കൂടുതലും അവിവാഹിതരായ സ്ത്രീകളാണ്.
ഇക്കാലത്ത് സോളോ ട്രിപ്പുകൾ പോകുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണ്. സുരക്ഷിതത്വത്തെ കുറിച്ച് ഇത്തരം യാത്രകളിൽ നിന്ന് പിൻവാങ്ങുന്ന സ്‍ത്രീകളും കുറവല്ല. അത്തരക്കാർക്ക് സന്തോഷം നൽകുന്ന വാർത്തയാണിത്. ജനസംഖ്യാടിസ്ഥാനത്തിൽ ഇവർക്കിടയിൽ നടത്തിയ സർവേയിലാണ് 10 ൽ 9.29മാർക്കും നേടി മദീന ഒന്നാമതെത്തിയത്. വിനോദ സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിനായിരുന്നു പഠനം.
ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള ആക്രമണങ്ങൾ ഇല്ലാത്തതും രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നതിന്റെ സുരക്ഷിതത്വത്തിലും മദീനയ്ക്കാണ് ഉയർന്ന റാങ്ക്. പത്ത് സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങളുടെ സുരക്ഷാ പട്ടിക തയാറാക്കിയത്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴുള്ള സ്ത്രീകളുടെ സുരക്ഷിതത്വബോധം, വനിതകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ, സഹായം ആവശ്യമുള്ള സ്ത്രീകൾക്ക് അവ ലഭ്യമാക്കൽ, സ്ത്രീകളോടുള്ള ബഹുമാനം തുടങ്ങിയവയാണ് 10 പോയന്റുകൾ.
മദീനയിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നില്ല എന്നും കണ്ടെത്തി. ഇക്കാര്യത്തിൽ 10ൽ 9.23 ആണ് സ്കോർ. നഗരത്തിൽ തനിച്ചു നടക്കാൻ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതത്വം നൽകുന്ന നഗരവും മദീനയാണ്. ഇക്കാര്യത്തിൽ 100ൽ 82.75 ആളുകളാണ് പോസിറ്റീവായി പ്രതികരിച്ചത്. അതുപോലെ 10 ൽ 10 മാർക്കും നേടി തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരമായിരിക്കുകയാണ് ദുബൈ. മികച്ച വിനോദ സഞ്ചാരത്തിന്റെ കാര്യത്തിൽ ദുബൈ ന്യൂയോർക്കിനെയാണ് പരാജയപ്പെടുത്തിയിരിക്കുന്നത്.
സുരക്ഷയുടെ കാര്യത്തിൽ പട്ടികയിൽ സൗദി തലസ്ഥാനമായ റിയാദ് 24ാം സ്ഥാനത്തു നിന്ന് 60ലേക്ക് പോയി. വനിത സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളുടെ പട്ടിക ഇങ്ങനെ:
1. ദുബൈ-യു.എ.ഇ, 2. മഡ്രിഡ്-സ്പെയിൻ,3. ചിയാങ് മായ്-തായ്‍ലൻഡ്,4.അന്റാല്യ-തുർക്കി,5.മൂനിച്ച്-ജർമനി, 6. ബാഴ്സലോണ-സ്പെയിൻ,7.മദീന-സൗദി അറേബ്യ,8.പ്രാഗ്-ചെക് റിപ്പബ്ലിക്, 9. ക്രാകോവ്-പോളണ്ട്,10.ലിസ്ബൻ-പോർച്ചുഗൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.