ഇന്ത്യയിലെ ആദ്യത്തെ 'ഗ്രീൻ എനർജി' ആർക്കിയോളജിക്കൽ സൈറ്റായി മഹാബലിപുരം ഷോർ ടെമ്പിൾ
text_fieldsയുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ ക്ഷേത്രമാണ് തമിഴ്നാട്ട് മഹാബലിപുരത്ത് സ്ഥിതി ചെയ്യുന്ന ഷോർ ടെമ്പിൾ. ഇപ്പോൾ രാജ്യത്തെ ആദ്യത്തെ ഗ്രീൻ എനർജി ആർക്കിയോളജിക്കിൽ സൈറ്റ് ആയി മാറിയിരിക്കുകയാണ് മഹാബലിപുരത്തെ ഷോർ ടെമ്പിൾ. റെനോ നിസാൻ ടെക്നോളജി, ബിസിനസ് സെന്റർ ഇന്ത്യ (റെനോ നിസാൻ ടെക്), ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയുള്ള ഗ്രീൻ ഹെറിറ്റേജ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലൂടെയാണ് ഇത് സാധ്യമായത്. പദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തിലെ ഓരോ ലൈറ്റും സോളാർ പവറിൽ ആയിരിക്കും ഇനിമുതൽ പ്രകാശിക്കുന്നത്.
സൗരോർജ്ജം ഉപയോഗപ്പെടുത്തുന്നതിനായി ഷോർ ടെമ്പിളിൽ മൂന്ന് സോളാർ പ്ലാന്റുകൾ ആണ് സ്ഥാപിച്ചിരിക്കുന്നത്. പത്ത് കിലോവാട്ട് ശേഷിയുള്ള സോളാർ പ്ലാന്റുകൾ മേഖലയിലെ സൗരോർജ്ജം പരമാവധി ഉപയോഗപ്പെടുത്തുന്ന വിധത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. മിച്ചം വരുന്ന സൗരോർജ്ജം ഗ്രിഡിലേക്ക് നൽകുകയും ചെയ്യും. ഇത് പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് ഒപ്പം ഭാവിയിലെ ഊർജ ആവശ്യത്തിന് സംഭാവന നൽകും.
കൂടാതെ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് സമൂഹത്തെ ശാക്തീകരിക്കുകയാണ് ഗ്രീൻ ഹെറിറ്റേജ് പദ്ധതി ലക്ഷ്യമിടുന്നത്. ക്ഷേത്രത്തിൽ ഗർഭിണികൾ, മുതിർന്ന പൗരന്മാർ, വികലാംഗരായ വ്യക്തികൾ എന്നിവർക്കായി ഇലക്ട്രിക് ബഗ്ഗികൾ പ്രവർത്തിപ്പിക്കും. പ്രദേശത്തെ സാധാരണക്കാരായ സ്ത്രീകൾ ആയിരിക്കും ബഗ്ഗികൾ ഓപ്പറേറ്റ് ചെയ്യുക.
ഇന്ത്യയിലെ ആദ്യത്തെ 'ഗ്രീൻ എനർജി ആർക്കിയോളജിക്കൽ സൈറ്റായി' ഷോർ ടെമ്പിളിന്റെ പരിവർത്തനം അതിന്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം സംരക്ഷിക്കുക മാത്രമല്ല, സുസ്ഥിരമായ പൈതൃക സംരക്ഷണത്തിന്റെ ഉദാഹരണം കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.