പേര് മലങ്കര ടൂറിസം പദ്ധതി; യാഥാർഥ്യം കൊട്ടവഞ്ചിപോലും എത്തിയില്ല
text_fieldsസാഹചര്യങ്ങൾ അനവധി ഉണ്ടായിട്ടും അത് ഫലപ്രദമായി വിനിയോഗിക്കാൻ കഴിയാത്തതാണ് മലങ്കര ടൂറിസം പദ്ധതി നേരിടുന്ന പ്രധാന വെല്ലുവിളി. ചെറു മുതൽമുടക്ക് മാത്രം നടത്തിയാൽ പ്രതിമാസം ലക്ഷക്കണക്കിന് രൂപ വരുമാനം ലഭിക്കുമെന്ന് ഉറപ്പുള്ള പദ്ധതിയാണ് ഈ ടൂറിസം പദ്ധതി. എന്നാൽ, അതിന് വേണ്ട ഇടപെടൽ നടത്താനുള്ള ഇച്ഛാശക്തി അധികൃതർ കാണിക്കുന്നില്ല. വർഷങ്ങളായി മലമ്പുഴ മോഡൽ മലങ്കര ടൂറിസം സ്വപ്നംകണ്ട് കഴിയുന്നവരാണ് മുട്ടം നിവാസികൾ.
2010ൽ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് മലങ്കര ടൂറിസം പദ്ധതിക്ക് ശിലയിട്ട് നിർമാണം ആരംഭിച്ചത്. പരന്നുകിടന്ന മലങ്കര ഡാമിന് ചുറ്റുപാടുമുള്ള പ്രദേശം മണ്ണിട്ട് നികത്തി ടൂറിസത്തിന് പാകപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. ശേഷം വർഷങ്ങൾ കഴിഞ്ഞാണ് എൻട്രൻസ് പ്ലാസയും കുട്ടികളുടെ പാർക്കും ബോട്ട് ജെട്ടിയും സ്ഥാപിക്കുന്നത്. ഇതിൽ പാർക്ക് മാത്രമാണ് തുറന്ന് നൽകിയത്. ബോട്ട് ജെട്ടിയിൽനിന്ന് കൊതുമ്പ് വള്ളം പോലും ഇറക്കാൻ സാധിച്ചിട്ടില്ല. മലങ്കര ടൂറിസം പദ്ധതി യാഥാർഥ്യമാക്കുന്നതിന് മുമ്പ് കുടയത്തൂരിൽ രണ്ടും നാലും പേർക്ക് സഞ്ചരിക്കാവുന്ന ചെറു പെഡൽ ബോട്ട് ഇറക്കിയിരുന്നു. ഇതും പിന്നീട് അപ്രത്യക്ഷമായി.
ഇപ്പോൾ ആകെ ഉള്ളത് മീൻപിടിക്കാൻ ഫിഷറിസ് വകുപ്പ് നൽകിയ ചെറു കൊട്ടവഞ്ചിയുണ്ട്. ഇതിൽ കുട്ടികൾ സമയം ചെലവഴിക്കാറുണ്ട്. ഇത്തരത്തിൽ കുറച്ച് കൊട്ടവഞ്ചിയും ലൈഫ് ജാക്കറ്റും നൽകിയാൽ അത് ടൂറിസത്തിന് ഉപയോഗപ്പെടുത്താൻ സാധിക്കും. യന്ത്രബോട്ട് ഇറക്കിയാൽ കുടിവെള്ള സ്രോതസ്സായ മലങ്കര ജലാശയം മലിനമാകുമെന്ന് അധികൃതർ പറയുന്നു. ഇതിന് പരിഹാരമായി സോളാർ ബോട്ട് ഇറക്കാൻ പല ഏജൻസികളും സന്നദ്ധത അറിയിച്ചെങ്കിലും അനുമതി നൽകിയിട്ടില്ല.
11 കിലോമീറ്ററിൽ പരന്ന് കിടക്കുന്ന മലങ്കര ജലാശയത്തെ ചുറ്റിപ്പറ്റി മലമ്പുഴ മോഡൽ ടൂറിസം പദ്ധതി നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. ബോട്ടിങ്, സൈക്കിൾ സവാരി, കുതിരസവാരി, ബൊട്ടാണിക്കൽ ഗാർഡൻ, റോപ് വേ തുടങ്ങിയ അനന്തസാധ്യതകളാണ് മലങ്കര ടൂറിസത്തിനുള്ളത്. മലങ്കര ജലാശയവും ചെറുദ്വീപുകളും ഏതൊരാളുടെയും കണ്ണിന് കുളിർമയേകും. പ്രകൃതിരമണീയമായ ഈ പ്രദേശത്ത് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 140ഓളം സിനിമ ചിത്രീകരണം നടന്നിട്ടുണ്ട്. കുറഞ്ഞ ചെലവിൽ മനോഹര ദൃശ്യവിരുന്ന് നൽകുമെന്നതിനാൽ സിനിമ നിർമാതാക്കൾ ഇവിടം ആശ്രയിച്ചിരുന്നു.
തുറന്ന് നൽകാനാവാത്ത എൻട്രൻസ് പ്ലാസ
മലങ്കര ടൂറിസം ഹബിൽ രണ്ടരക്കോടിയലധികം രൂപ മുടക്കി നിർമിച്ച എൻട്രൻസ് പ്ലാസ ഉദ്ഘാടനം കഴിഞ്ഞ് മൂന്നു വർഷമായിട്ടും തുറന്ന് നൽകിയിട്ടില്ല. ഹാബിറ്റാറ്റ് എന്ന സർക്കാർ അംഗീകൃത ഏജൻസിയാണ് എൻട്രൻസ് പ്ലാസയുടെ നിർമാണം നടത്തിയത്. 2019 നവംബറിൽ ജലവിഭവ വകുപ്പിനെ തിരിച്ചേൽപിക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ, നിർമാണത്തിൽ നിരവധി അപാകത ഉണ്ടായതിനെ തുടർന്ന് അവ പരിഹരിക്കാൻ എം.വി.ഐ.പിയും ഡി.ടി.പി.സിയും ഹാബിറ്റാറ്റിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ പരിഹരിച്ചിട്ടില്ല. മഴ പെയ്താലോ ചാറ്റൽമഴ വന്നാലോ പ്ലാസക്ക് ഉൾവശം മുഴുവൻ നനയും. അപാകതകൾ ഉണ്ടെന്ന് ഡി.ടി.പി.സിയും എം.വി.ഐ.പിയും പറയുമ്പോൾ ഇല്ലെന്ന് ഹാബിറ്റാറ്റ് പറയുന്നു.
വകുപ്പുകൾ തമ്മിൽ പരസ്പരം പഴിചാരി ഒഴിവാകുമ്പോൾ ആര് നടപടി എടുക്കുമെന്ന് മാത്രം വ്യക്തമല്ല. എൻട്രൻസ് പ്ലാസയിൽ ടൂറിസം ഇൻഫർമേഷൻ സെന്റർ, അക്വേറിയം, കഫറ്റേരിയ, 200 ആളുകൾക്ക് ഇരിക്കാനുള്ള ഓപൺ തിയറ്റർ എന്നിവ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിൽ 200 ആളുകൾക്ക് ഇരിക്കാനുള്ള സജ്ജീകരണം മാത്രമാണ് ഒരുക്കാനായത്. 200 പേർക്ക് യോഗം ചേരാൻ സജ്ജീകരണം ഉണ്ടെങ്കിലും ഇതുവരെ അത് വാടകക്ക് നൽകാൻ സാധിച്ചിട്ടില്ല. നിലവിൽ ശൗചാലയം മാത്രമാണ് തുറന്ന് നൽകിയത്.
ടൂറിസം പ്രദേശത്തെ കുടിലുകൾ
ഡാമിന് സമീപത്തായി കുടിൽകെട്ടി താമസിക്കുന്ന 13 കുടുംബങ്ങളുടെ പുനരധിവാസമായിരുന്നു ടൂറിസത്തിന്റെ പ്രധാന തടസ്സം. പെരുമറ്റം ഇടതുകര കനാലിന് സമീപം ഇവർക്ക് ഭൂമി അനുവദിച്ച് ഉത്തരവ് ഇറക്കി. ഇത് പ്രകാരം ഇവരിൽ അഞ്ച് പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. മിച്ചമുള്ള എട്ട് കുടുംബം ഇപ്പോഴും മലങ്കര ടൂറിസം പ്രദേശത്തുതന്നെ താമസിക്കുകയാണ്. ഈ എട്ട് വീടുകൾ നിർമിക്കണമെങ്കിൽ കുന്നിൻ ചരിവായ ഈ പ്രദേശത്ത് ഉയരത്തിൽ മതിൽകെട്ടി സംരക്ഷിക്കണം. ശേഷം മണ്ണിട്ട് നികത്തണം. അതിന് ചുരുങ്ങിയത് 40 ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്ന് പറയപ്പെടുന്നു. ഈ തുക പഞ്ചായത്തിന് കണ്ടെത്താൻ പ്രയാസമായതിനാൽ ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, എം.എൽ.എ, എം.പി എന്നിവർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.