ഏത് ഉയരവും കീഴടക്കാം; കിളിമഞ്ചാരോയുടെ നെറുകയില്‍ മലയാളി പെൺകൊടി
text_fieldsചേര്‍ത്തല: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയതും സ്വതന്ത്രമായി നില്ക്കുന്നതുമായ ലോകത്തിലെ ഉയരംകൂടിയ മലനിര താന്‍സനിയയിലെ കിളിമഞ്ചാരോയുടെ നെറുകയില്‍നിന്ന് മിലാഷ ജോസഫ് പറഞ്ഞതിങ്ങനെ: ''മനസ്സുറപ്പുണ്ടെങ്കില്‍ ഏതുപെണ്ണിനും ഏത് ഉയരവും കീഴടക്കാം''. സ്ത്രീമുന്നേറ്റമെന്ന സന്ദേശവുമായി 5895 മീറ്റര്‍ ഉയരം താണ്ടിയാണ് മലയാളിയായ മിലാഷ കിളിമന്ഞ്ചാരോ കീഴടക്കിയത്. വെല്ലുവിളികള്‍ മറികടന്നാണ് ഈ മാരാരിക്കുളംകാരി കഴിഞ്ഞ ആറിന് രാവിലെ 8.23ന് കൊടുമുടിയുടെ നെറുകയിലെത്തി ഇന്ത്യന്‍പതാക പാറിച്ചത്.
അയര്‍ലൻഡിലെ കമ്പനിയില്‍ ഫിനാന്‍ഷ്യല്‍ ഓഫിസറായി ജോലിചെയ്യുന്ന ചേര്‍ത്തല മാരാരിക്കുളം ചൊക്കംതയ്യില്‍ റിട്ട. ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ ജോസഫ് മാരാരിക്കുളത്തിെൻറയും ബിബി ജോസഫിെൻറയും മകളാണ് മിലാഷ. അഡ്വൈസർ ഹീറോ എന്ന ഏജന്‍സി വഴിയാണ് പര്വതാരോഹണത്തിനിറങ്ങിയത്. ഒറ്റക്കുള്ള ശ്രമത്തില്‍ മറാംഗു റൂട്ടാണ് തെരഞ്ഞെടുത്തത്. അഞ്ചുദിനംകൊണ്ടാണ് പൂർത്തിയാക്കിയത്. മാനസികവും ശാരീരികവുമായ തയാറെടുപ്പുകള്ക്കുശേഷമായിരുന്നു മലകയറ്റം.
വെല്ലുവിളിയായ ശ്വാസതടസ്സം അതിജീവിച്ചായിരുന്നു കയറ്റം. കൂടുതല്‍ സമയം വിശ്രമ ഇടവേളകളെടുത്താണ് ലക്ഷ്യത്തിലെത്തിയത്. മൂന്നു പോര്‍ട്ടര്‍മാരും ഒരുഷെഫും ഗൈഡുമാണ് സഹായത്തിനുണ്ടായിരുന്നത്. ഏതുസ്ത്രീക്കും സമൂഹത്തിെൻറ മുഖ്യധാരയിലേക്കെത്താന്‍ തടസ്സങ്ങളില്ല, മനസ്സുറപ്പ് മാത്രം മതി. അത് തെളിയിക്കാനാണ് വെല്ലുവിളികളുമായി മലകയറ്റത്തിനിറങ്ങിയതെന്ന് മിലാഷ ജോസഫ് 'മാധ്യമ'ത്തോട് പറഞ്ഞു. 5895 മീറ്റര്‍ ഉയരത്തില്‍ ഇന്ത്യന്‍ പതാക സ്ഥാപിച്ചപ്പോള്‍ നിറഞ്ഞ അഭിമാനമായിരുന്നു. ആ ആഭിമാനം മലകടന്നിറങ്ങിയത് മലയാളനാട്ടിലേക്കും.
വിവിധ മലയാളി സംഘടനകളടക്കം മിലാഷക്ക് അഭിനന്ദനവുമായെത്തി. അര്‍പ്പണത്തോടെ ഏതുലക്ഷ്യവും നേടാമെന്ന് മകള്‍ ഇതിനുമുമ്പും തെളിയിച്ചിട്ടുണ്ടെന്ന് പിതാവ് ജോസഫ് മാരാരിക്കുളം പറഞ്ഞു. മകളുടെ നേട്ടത്തില്‍ നിറഞ്ഞ ആഹ്ലാദത്തിലാണ് കുടുംബം. ഓട്ടോമൊബൈല്‍ എന്‍ജിനീയറായ മിഖിലേഷ് ജോസഫാണ് സഹോദരന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.