മലയാളികളെ മാടിവിളിച്ച് തമിഴ്നാട്ടിലെ മഞ്ഞപ്പാടങ്ങൾ
text_fieldsതെങ്കാശി: കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ ആയിക്കുടിയിലെ കൃഷിയിടങ്ങളെല്ലാം പീതവര്‍ണ ശോഭയാല്‍ മനോഹരമായി കഴിഞ്ഞു. പതിവ് തെറ്റിക്കാതെ തമിഴ് പാടങ്ങൾ ഇത്തവണ നേരത്തേതന്നെ സൂര്യകാന്തി കൃഷിയിലേക്ക് ചേക്കേറിയിരുന്നു. ഇക്കൊല്ലം ആയിക്കുടിയിലെ അകരക്കെട്ട് ഗ്രാമത്തിലാണ് സൂര്യകാന്തി ആദ്യമായി പൂവിട്ട് തുടങ്ങിയത്. ഇവിടെ വിരിയുന്ന പൂക്കളുടെ നിറമാണ് സഞ്ചാരികളുടെ മനസ്സിന്റെ നിറവ്. വര്‍ഷങ്ങളായി കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ സൂര്യകാന്തി കൃഷിക്ക് പ്രസിദ്ധമാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കൃഷി ചെയ്യുന്ന സൂര്യകാന്തി പൂവിടുന്നത് കാണാനും ആസ്വദിക്കാനും ഇരുസംസ്ഥാനങ്ങളില്‍നിന്നും നിരവധി ആളുകളാണ് എത്തുന്നത്. ഇവിടെ നോക്കെത്താദൂരത്തോളം നിറഞ്ഞ് നില്ക്കുന്ന പൂക്കളുടെ കാഴ്ചകളാണ് മലയാളി മനസ്സുകളില്‍ വസന്തം വിരിയിക്കുന്നത്.
അരനൂറ്റാണ്ട് പിന്നിടുന്ന ചരിത്രമാണ് ഈ പൂപ്പാടങ്ങള്‍ക്ക് പറയാനുള്ളത്. ഇവിടെ എല്ലാത്തരം കാർഷികവിളകളും വൻതോതിൽ ഉൽപാദിപ്പിക്കുന്നുണ്ട്. ജൂണ്‍ തുടക്കം മുതൽതന്നെ വിളവെടുപ്പിന് പാകമായി നിൽക്കുകയാണ് പാടങ്ങൾ. അവയിൽ സൂര്യകാന്തിയോടാണ് സഞ്ചാരികൾക്ക് പ്രിയമേറെ. കണ്ണെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന സൂര്യകാന്തി പൂപ്പാടങ്ങൾതന്നെയാണ് പ്രധാന ആകർഷണീയത. ആര്യങ്കാവ് ചുരം കയറിയിറങ്ങിയാല്‍ പുളിയറ എന്ന സമതലപ്രദേശമായി, അവിടെനിന്ന് ഇലഞ്ഞി വഴി പട്ടണം ചുറ്റാതെ ആയിക്കുടിയിലെത്താം. പൂര്‍ണമായും ഗ്രാമീണ കാര്‍ഷിക സംസ്കാരത്തിന്റെ അന്തരീക്ഷം. വലുപ്പമേറിയതും സൂര്യന് അഭിമുഖമായി വിടരുന്നതുമായ പൂക്കൾ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത് ഇവിടത്തെ കർഷകരാണ്.
മണ്ണില്‍തന്നെ വലിയ ജലസംഭരണികള്‍ (കുളങ്ങള്‍) നിർമിച്ചാണ് കൃഷിക്കായി ജലം കരുതുന്നത്. പശ്ചിമഘട്ട മലനിരകളില്‍ പെയ്തിറങ്ങുന്ന മഴവെള്ളമാണ് ഇത്തരം കുളങ്ങളെ സമ്പന്നമാക്കുന്നത്. വെള്ളം നിറഞ്ഞു കിടക്കുന്ന കുളങ്ങളിൽ നിരവധി ദേശാടനപ്പക്ഷികളും പറന്നിറങ്ങാറുണ്ട്. ആടി (കർക്കടകം) മാസത്തിൽ വിളവെടുക്കുന്ന സൂര്യകാന്തിയുടെ കൃഷി മേടമാസം മുതല്‍ ആരംഭിക്കും. സൂര്യകാന്തിപ്പാടങ്ങൾ നിലവിൽ വിളവെടുപ്പ് തുടങ്ങിക്കഴിഞ്ഞു. സെപ്റ്റംബര്‍ പകുതിയോടെ പൂക്കളുടെ സീസൺ അവസാനിക്കും. ഇപ്പോൾതന്നെ കേരളത്തിൽനിന്നുള്ള സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്തിത്തുടങ്ങി. ഇനിയും സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് അഴകോടെ വിരിഞ്ഞുനിറയുന്ന സൂര്യകാന്തിശോഭ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.