ദൃശ്യവിസ്മയമൊളിപ്പിച്ച് മാൻപാറ കാത്തിരിക്കുന്നു
text_fieldsനെല്ലിയാമ്പതി: വിനോദ സഞ്ചാരികള്‍ക്ക് മുന്നില്‍ അടഞ്ഞുകിടക്കുന്ന മാന്‍പാറ പുതുവര്‍ഷത്തില്‍ തുറന്നുകിട്ടുമെന്ന പ്രതീക്ഷയിലാണ് നെല്ലിയാമ്പതിക്കാര്‍. പശ്ചിമഘട്ട മലനിരകളിലെ ഉയരം കൂടിയ ഈ ഭാഗത്തുനിന്ന് ജില്ലയിലെയും തമിഴ്നാട്ടിലെയും വിദൂര കാഴ്ചകള്‍ കാണാന്‍ കഴിയുന്നതിനാല്‍ നിരവധി സഞ്ചാരികളാണ് മാന്‍പാറയിലേക്ക് ജീപ്പ് യാത്ര നടത്തിയിരുന്നത്. നിരവധി സിനിമകള്‍ക്ക് ലൊക്കേഷന്‍ കൂടിയായിരുന്ന ഈ ഭാഗം പ്രശസ്തവുമാണ്. നെല്ലിയാമ്പതി എത്തുന്നവര്‍ കണ്ടിരിക്കേണ്ട സ്ഥലമെന്ന രീതിയില്‍ അടയാളപ്പെടുത്തിയ മാന്‍പാറയിൽ 2010ലാണ് വനംവകുപ്പ് യാത്ര നിരോധനം ഏര്‍പ്പെടുത്തിയത്.
നെല്ലിയാമ്പതിയിൽ ടൂറിസവുമായി ബന്ധപ്പെട്ട് കഴിയുന്ന നൂറിലധികം ജീപ്പ് ഡ്രൈവര്‍മാരും റിസോര്‍ട്ട് ഉടമകളും പ്രതിസന്ധിയിലായി. നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. എന്നാല്‍, നെല്ലിയാമ്പതിയിലെ മിന്നാംപാറയിലേക്കും കേശവന്പാറയിലേക്കും വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഫീസ് ഇടാക്കി ട്രക്കിങ് അനുവദിക്കുന്നുണ്ട്. മാന്‍പാറയിലേക്ക് പ്രവേശനം അനുവദിക്കാനാവശ്യപ്പെട്ട് നെല്ലിയാമ്പതി സംരക്ഷണ സമിതി കണ്‍വീനര്‍ റഷീദ് ആലത്തൂര്‍ വനം വികസന കോര്പറേഷന് ചെയര്പേഴ്സന് പരാതി നല്‍കിയിട്ടുണ്ട്.
മാന്പാറയിലെ ടൂറിസം സാധ്യതകള്‍ വിലയിരുത്താനും നേരില്‍ കാണാനുമായി ജനുവരി രണ്ടിന് കെ.എഫ്.ഡി.സി ഡയറക്ടര്‍ പി.എ. റസാഖ് മൗലവി പ്രദേശം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സന്ദർശകരെ അനുവദിക്കരുതെന്ന് പരിസ്ഥിതി സംഘടനകൾ
കൊല്ലങ്കോട്: മാൻപാറ സന്ദർശിക്കുന്നതിനെതിരെ പരാതി. സന്ദർശകർക്ക് നിയന്ത്രണമുള്ള മേഖലയിലേക്ക് രാഷ്ട്രീയ നേതാക്കളുൾപ്പെടുന്ന സംഘം നടത്തുന്ന യാത്രക്കെതിരെയാണ് എറണാകുളം കേന്ദ്രമായ അനിമൽ ആൻഡ് നാച്ചുറൽ എത്തിക്സ് കമ്യൂണിറ്റി ഉൾപ്പെടെ പരിസ്ഥിതി സംഘടനകൾ പാലക്കാട് ചീഫ് കൺസർവേറ്റർക്ക് പരാതി നൽകിയത്. പറമ്പിക്കുളം, ആനമല കടുവാ സങ്കേതങ്ങളുടെ കോർമേഖലയോട് ചേർന്ന വനമേഖലയാണ് മാൻപാറ.
കൊല്ലങ്കോട് വനം റേഞ്ചിലെ 66 ചകി.മീ വിസ്തൃതി വരുന്ന തേക്കടി വനമേഖലയിലെ മാൻപാറക്കുന്ന് ഗ്രാസ് ലാൻഡുകളും ചോലവനങ്ങളും അത്യപൂർവ ഓർക്കിഡുകളുടെയും വരയാടുകളുടെയും കടുവകളുടെയും ആവാസകേന്ദ്രം കൂടിയാണ്. ഇതാണ് അശാസ്ത്രീയടൂറിസത്തിന്റെ മറവിൽ നശിപ്പിക്കാൻ ഒരുങ്ങുന്നതെന്നാണ് പരാതി. അത്യന്തം പാരിസ്ഥിതിക പ്രാധാന്യമുള്ള വനമേഖലയിൽ അശാസ്ത്രീയ ടൂറിസം പദ്ധതികൾ പാരിസ്ഥിതിക ദുരന്തത്തിന് വഴിയൊരുക്കുമെന്നും സംഘം പ്രവേശിക്കുന്നത് തടയണമെന്നും കത്തിൽ പറയുന്നു. വിവിധ പരിസ്ഥിതിസംഘടനകളുടെ കൂട്ടായ്മയായ സേവ് നെല്ലിയാമ്പതി കാമ്പയിൻ കമ്മിറ്റിയും സമാന കത്ത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.