പ്രതിസന്ധികൾ നീങ്ങി: മരുതിമല ഇക്കോ ടൂറിസം യാഥാർഥ്യമാകുന്നു
text_fieldsഓയൂർ: പ്രതിസന്ധികളെ മറികടന്ന് മരുതിമല ഇക്കോ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. ഉദ്ഘാടനം ഈ മാസം അഞ്ചിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. 2007ൽ അന്നത്തെ വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വമാണ് ഇവിടെ ഇക്കോ ടൂറിസം പദ്ധതി ആരംഭിക്കുന്നത്.
സർക്കാർ ആദ്യം അനുവദിച്ച 37 ലക്ഷം രൂപക്ക് മലമുകളിലേക്ക് വഴിവെട്ടൽ, കെട്ടിട നിർമാണം എന്നിവയാണ് നടത്തിയത്. 2012ലാണ് ആദ്യഘട്ട നിർമാണപ്രവർത്തനങ്ങൾ നടന്നിരുന്നത്. എന്നാൽ, നിർമിച്ച കെട്ടിടങ്ങൾ അധികൃതരുടെ ശ്രദ്ധക്കുറവ് മൂലം സാമൂഹിക വിരുദ്ധർ നശിപ്പിച്ചു.
വർഷങ്ങളായി പദ്ധതി ഉപേക്ഷിച്ച നിലയിലായപ്പോൾ നാട്ടുകാർ സംഘടിച്ച് ജനകീയസമിതി രൂപവത്കരിച്ചു. തുടർന്ന്, പി. അയിഷാപോറ്റി എം.എൽ.എയുടെ ശ്രമഫലമായി 50 ലക്ഷം രൂപ സർക്കാറിൽനിന്ന് അനുവദിച്ചു. ആദ്യം നശിപ്പിച്ച കെട്ടിടങ്ങൾ നന്നാക്കാനും രണ്ടാം ഘട്ടത്തിലെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സാധിച്ചു.
മലമുകളിൽ വെള്ളം, വൈദ്യുതി, വേലി കെട്ടിത്തിരിക്കൽ, നടപ്പാതകൾ എന്നിവയാണ് അതിൽപെടുന്നത്. നിലവിലെ ഏറ്റവും വലിയ ഭീഷണി എല്ലാ വർഷവും ഉണങ്ങിയ പുല്ലിന് സാമൂഹികവിരുദ്ധർ തീയിടുന്നതാണ്. കർശന ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇക്കോ ടൂറിസം പദ്ധതിയെ നശിപ്പിക്കുന്നതായി ഇത് മാറുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.