മലപ്പുറത്തെ മീശപ്പുലിമല
text_fieldsമൂന്നാറിലെ മീശപ്പുലിമല പ്രശസ്തമാണ്. മലപ്പുറം ജില്ലയിലുമുണ്ട് മനം മയക്കുന്ന കാഴ്ചകളുമായി ഇതുപോലൊരു മല. ചരിത്ര ശേഷിപ്പുകളുടെയും പ്രകൃതി ദൃശ്യങ്ങളുടെയും മലയോരം. മങ്കട പഞ്ചായത്തിലെ കുരങ്ങന്‍ചോല, ചേരിയം മലയുടെ ഉച്ചിയില്‍ നിലകൊള്ളുന്ന കൊടികുത്തിക്കല്ല്, കിഴക്കുഭാഗത്തെ പൂക്കോടന്മല എന്നിവയുള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍ ടൂറിസം വികസനത്തിന്റെ അനന്തസാധ്യതകൾ നിറഞ്ഞതുകൂടിയാണ്.
ജലസ്രോതസ്സുകളുടെ ഉറവിടങ്ങളെമ്പാടുമുണ്ട് മൂന്നാം വാര്‍ഡില്‍ കുരങ്ങന്‍ചോല പ്രദേശത്ത്. കോടമഞ്ഞ് പുതച്ചുറങ്ങുന്ന കുന്നുകളും മഴക്കാലത്ത് സജീവമാകുന്ന വെള്ളച്ചാട്ടങ്ങളും ഇവിടെ കാഴ്ചവിരുന്നൊരുക്കുന്നു. ചേരിയംമലയോട് ചേര്‍ന്ന ഉയര്‍ന്ന പ്രദേശമായതിനാല്‍ തണുപ്പുള്ള കാലാവസ്ഥയും പ്രകൃതി സൗന്ദര്യവും വെള്ളച്ചാട്ടങ്ങളും ഒന്നിച്ചാസ്വദിക്കാം.
ഇതിനോട് ചേർന്ന് രണ്ടു കിലോമീറ്റര്‍ മുകളിലേക്ക് കയറിയാൽ ഈയിടെ ചെകുത്താന് പാറ എന്ന് ഖ്യാതി നേടിയ പുളിച്ചിക്കല്ലില് നിന്നുള്ള മേഘക്കൂട്ടങ്ങള്‍ക്ക് മുകളിലൂടെയുള്ള കാഴ്ച മൂന്നാറിലെ മീശപ്പുലിമലയോട് സാദൃശ്യമുള്ളതാണ്. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങള്‍ കണ്ട് ആയിരക്കണക്കിന് സന്ദര്‍ശകരാണ് കഴിഞ്ഞ വര്‍ഷം ഈ ഭാഗത്തേക്ക് ഒഴുകിയെത്തിയത്.
എന്നാല്‍, പാറയുടെ മുകളില്‍ കയറുന്നത് അപകടകരമായതിനാലും മറ്റു സുരക്ഷ സംവിധാനങ്ങള്‍ ഇല്ലാത്തതിനാലും പിന്നീട് ഈ ഭാഗത്ത് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. മുന്‍ എം.എല്‍.എ ടി.എ. അഹമ്മദ് കബീറിന്റെ നിർദേശത്തെ തുടര്‍ന്ന് ടൂറിസ്റ്റ് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയും കെ.ടി.ഡി.സി സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
സമുദ്ര നിരപ്പില്‍നിന്ന് 2011 അടി ഉയരത്തില്‍ നില്ക്കുന്ന കൊടികുത്തികല്ല് പ്രദേശവും അതിനോടനുബന്ധിച്ച് വനം വകുപ്പ് ഭൂമിയും ഉപയോഗപ്പെടുത്തി ഇക്കോ ടൂറിസം വികസനം സാധ്യമാക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.
നൂറ്റാണ്ടിന്റെ ചരിത്രമുള്ള ചേരിയം മലയിലെ ആദിവാസി ജീവിതത്തിന്റെ ശേഷിപ്പുകളായ പെരക്കല്ല്, കള്ളിക്കല്‍ പാറമട, ആവല് മട, പെരുമ്പറമ്പിലെ അയിരുമടകള്‍, തുടങ്ങിയ ചരിത്ര ശേഷിപ്പുകളും മലബാര്‍സമര കാലത്തെ ബ്രിട്ടീഷ് പട്ടാളത്തിന്റെയും മാപ്പിള പോരാളികളുടെയും ഒളിത്താവളങ്ങള്‍, രക്തസാക്ഷികളുടെ ഖബറിടങ്ങള്‍, വള്ളുവക്കോനാതിരിമാരുടെ ചരിതം പറയുന്ന കോവിലകങ്ങള്‍, ബീരാന് ഔലിയയുടെ ചരിത്രമുറങ്ങുന്ന വെള്ളിലയിലെ ഓട്ടുപാറ, കട്ക സിറ്റി തുടങ്ങിയവയും ഉള്‍പ്പെടുത്തി ടൂറിസം സാധ്യതകള്‍ മങ്കടയില്‍ നിലനില്‍ക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.