'താമരശ്ശേരി ചുരത്തിലെ കാടമുട്ട ഫ്രൈയും കൂടെ ചൂട് ചായയും കഴിച്ചിട്ടുണ്ടോ?'
text_fieldsകൽപറ്റ: വയനാടൻ ജനതയുടെ പ്രധാന വരുമാന മാർഗമായിരുന്ന വിനോദ സഞ്ചാര മേഖലയെ കൈ പിടിച്ച് ഉയർത്താൻ ആഹ്വാനവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വയനാട്ടിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ മന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
'വയനാടൻ ജനതയുടെ പ്രധാന വരുമാന മാർഗമായിരുന്ന വിനോദ സഞ്ചാര മേഖലയെ നമുക്ക് തിരികെ കൊണ്ടുവരണം. ചുരമൊന്ന് കയറാം. കോടമഞ്ഞിന്‍റെ തഴുകലിൽ ഒരു ചായ കുടിക്കാം. നമ്മുടെ വയനാടിനെ തിരിച്ചുപിടിക്കാം...' -മന്ത്രി പോസ്റ്റിൽ പറഞ്ഞു.
'താമരശ്ശേരി ചുരത്തിലെ കാടമുട്ട ഫ്രൈയും കൂടെ ചൂട് ചായയും കഴിച്ചിട്ടുണ്ടോ? കഴിച്ചവർ ഒന്നുകൂടെ പോയി കഴിക്കണം. ഇതുവരെ കഴിക്കത്തവർ അത് ഉറപ്പായും ട്രൈ ചെയ്യണം' -മറ്റൊരു പോസ്റ്റിൽ പറഞ്ഞു.
മേപ്പാടി മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ വയനാട്ടിലെ വിനോദസഞ്ചാര മേഖലയാകെ സ്തംഭനാവസ്ഥയിലാണ്. മുൻകാലങ്ങളിൽ സഞ്ചാരികൾ വയനാട്ടിലേക്ക് ഒഴുകിയിരുന്നു ഓണം അവധിക്കാലത്ത്. എന്നാൽ ഇക്കുറി പേരിനു മാത്രം സഞ്ചാരികളേ ചുരം കയറിയെത്തുന്നുള്ളൂ. വിനോദ സഞ്ചാരമേഖലയെ ആശ്രയിച്ച് തൊഴിലെടുക്കുന്ന ആയിരങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്.
ഉരുൾപൊട്ടൽ ബാധിച്ച വയനാട്ടിലെ ടൂറിസം പ്രവർത്തനങ്ങൾ വീണ്ടെടുക്കുന്നതിന് സമൂഹ മാധ്യമങ്ങളിലെ ഇൻഫ്ലുവൻസേഴ്സ് കൈകോർക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള കേരള ടൂറിസത്തിന്റെ പുതിയ ക്യാമ്പയിനായ ‘എന്‍റെ കേരളം എന്നും സുന്ദരം' പ്രചാരണ പരമ്പരയുടെ ഭാഗമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.