രണ്ട് ഡോസുമെടുത്ത ഇന്ത്യൻ സഞ്ചാരികൾക്ക് വാതിൽ തുറന്ന് കൂടുതൽ രാജ്യങ്ങൾ; കോവാക്സിൻ എടുത്തവർക്കും പ്രവേശനം
text_fields
കോവിഡ് വാക്സിൻ രണ്ട് ഡോസുമെടുത്ത ഇന്ത്യൻ സഞ്ചാരികൾക്കായി കൂടുതൽ രാജ്യങ്ങൾ അതിർത്തി തുറക്കുന്നു. ശ്രീലങ്കയാണ് ഈ പട്ടികയിൽ അവസാനം ഇടംപിടിച്ച രാജ്യങ്ങളിലൊന്ന്. കോവിഷീൽഡ്, കോവാക്സിൻ എന്നീ രണ്ട് വാക്സിനുകളെയും ശ്രീലങ്ക അംഗീകരിക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. അധികരാജ്യങ്ങളും കോവിഷീൽഡ് മാത്രമാണ് അംഗീകരിക്കുന്നത്.
ഒരു ഡോസ് മാത്രം എടുത്തവർക്കോ വാക്സിൻ തീരെ എടുക്കാത്തവർക്കോ ശ്രീലങ്കയിലേക്ക് പ്രവേശിക്കാൻ കഴിയില്ല. അതേസമയം, ഒരു ഡോസ് വാക്സിൻ എടുക്കുകയും പിന്നീട് കോവിഡ് വന്ന് ഭേദമാവുകയും ചെയ്തവർക്ക് ശ്രീലങ്കയിലേക്ക് വരാം. 28 മുതൽ 90 ദിവസത്തിനുള്ളിൽ കോവിഡ് ഭേദമായവർക്കാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയുക. ഇവർ ഇക്കാര്യം വ്യക്തമാക്കുന്ന രേഖയും നൽകണം.
ആസ്ട്രാസെനെക്ക, ഫൈസർ ബയോൻടെക്, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയ വാക്സിൻ എടുത്തവർക്ക് ഈ ആനുകൂല്യം ലഭിക്കും.
ശ്രീലങ്കയിലേക്ക് നേരിട്ട് പോകുന്നതിന് മുമ്പ് മുൻകൂട്ടി ടൂറിസ്റ്റ് വിസ എടുക്കേണ്ടതുണ്ട്. eta.gov.lk എന്ന വെബ്സൈറ്റ് വഴി വിസ ലഭിക്കും. വിസക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, ശ്രീലങ്കയിലെ ആദ്യത്തെ രണ്ട് ദിവസം താമസിക്കാൻ ത്രീ സ്റ്റാറോ അതിന് മുകളിലോ ഉള്ള ഹോട്ടൽ റൂം ബുക്ക് ചെയ്യണം. വിമാനത്താവളത്തിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി ഈ ഹോട്ടലിലേക്കാണ് പോകേണ്ടത്. ഫലം നെഗറ്റീവായാൽ മാത്രമേ പുറത്തിറങ്ങാൻ സാധിക്കൂ.
യാത്രക്കാർ കോവിഡ് -19 ലോക്കൽ ട്രാവൽ ഇൻഷുറൻസിനും ആർ.ടി.പി.സി.ആർ ടെസ്റ്റിനും പണം നൽകണം. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പരിശോധന ഉണ്ടാകില്ല. അതേസമയം, രക്ഷിതാക്കൾക്ക് കോവിഡ് ലക്ഷണമുണ്ടെങ്കിൽ ഇവരെയും പരിശോധിക്കും.
ശ്രീലങ്കയെ കൂടാതെ ഒമാൻ, സ്വിറ്റ്സർലാൻഡ്, ഫ്രാൻസ്, സ്പെയ്ൻ തുടങ്ങിയ രാജ്യങ്ങളും രണ്ട് വാക്സിൻ എടുത്ത ഇന്ത്യൻ സഞ്ചാരികൾക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നുണ്ട്. എന്നാൽ, ഈ രാജ്യങ്ങൾ കോവിഷീൽഡ് മാത്രമേ അംഗീകരിച്ചിട്ടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.