മൊറോക്കോ; സഞ്ചാരികളുടെ പറുദീസ
text_fieldsയു.എ.ഇയിൽനിന്നും 10 മണിക്കൂർ ദൈർഘ്യമേറിയ ഒരു യാത്ര. വടക്ക് പടിഞ്ഞാറ് ആഫ്രിക്കയിൽ യൂറോപ്പിനോട് ചേർന്ന് കിടക്കുന്ന മൊറൊക്കോ. സഞ്ചാരികളുടെ നേതാവായ, ഇബ്ൻ ബത്തൂത്തയെ ലോകത്തിന് സമർപ്പിച്ച മഗ്രിബ്. ലോക ഫുട്ബാൾ ഭൂപടം മാറ്റി മറിച്ചപ്പോഴേ മനസ്സിൽ കുറിച്ചിട്ടതാണ് മൊറൊക്കോയിലേക്കുള്ള യാത്ര. യാത്രകൾ പലതും നടത്തിയിട്ടുണ്ടെങ്കിലും ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള രണ്ടാമത്തെ യാത്രയാണിത്. മോറോകോയിലേക്ക് ഇന്ത്യക്കാരായ യു.എ.ഇ താമസക്കാർക്ക് ഫ്രീ വിസ ലഭിക്കുമോ എന്ന അന്വേഷണത്തിൽ ഇല്ലെന്ന് ബോധ്യമായി. ഇന്ത്യക്കാർക്ക് എളുപ്പത്തിൽ ഇ വിസ ലഭിക്കുമെന്ന് ഗൂഗിളിൽ നിന്നും മനസ്സിലാക്കി. അതിനുള്ള കാര്യങ്ങൾ നീക്കി 24 മണിക്കൂറിനുള്ളിൽ വിസ ലഭിച്ചു. കൂടെ യാത്ര ചെയ്യുന്നവർക്കും അന്നുതന്നെ വിസക്കായ് അപേക്ഷിച്ചു.10 മണിക്കൂർ ദൈർഘ്യമുള്ള യാത്രയതിനാൽ സൗകര്യമുള്ള ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതിനായി അന്വേഷണങ്ങൾ ആരംഭിച്ചു. വിമാന ലഭ്യത പൊതുവെ കുറവാണെന്ന് മനസ്സിലായി.
അന്വേഷണങ്ങൾക്കൊടുവിൽ സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗദി എയർലൈൻസ് വിമാനത്തിൽ ഞാനും സഹയാത്രികരായ രണ്ട് പേരും ടിക്കറ്റ് ബുക്ക് ചെയ്തു. അവസാന സമയം യാത്രയിൽ പങ്കാളിയായ ജലീൽക്കയുടെ സാന്നിധ്യം യാത്രക്ക് മാറ്റ് കൂട്ടി. ദുബൈയിൽ നിന്നും സൗദിയുടെ വാണിജ്യ തലസ്ഥാനമായ ജിദ്ദ വഴിയാണ് യാത്ര. വെളുപ്പിന് ആറു മണിക്ക് ദുബൈയിൽനിന്നും പറന്നുയർന്ന വിമാനം പ്രാദേശിക സമയം 7.45 ന് കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ മുത്തമിട്ടു. നാല് മണിക്കൂർ നേരത്തെ കാത്തിരിപ്പിന് ശേഷം ചെങ്കടലിന്റെ റാണിയോട് വിട പറഞ്ഞ് കാസമ്പളങ്ക ലക്ഷ്യമാക്കി പറന്നു.
സൗദി എയർലൈൻസിന്റെ ബോയിങ് 787 വിമാനത്തിനത്തിലാണ് യാത്ര. 336 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് ഈ ഭീമാകാരൻ പക്ഷി. വളരെ മികച്ച യാത്ര സൗകര്യങ്ങളാണ് യാത്രക്കാർക്കായി ഒരുക്കിയത്. ചെങ്കടൽ താണ്ടി ഈജിപ്തിന് മുകളിലൂടെ അൾജീരിയയും സഹാറ മരുഭൂമിയും കഴിഞ്ഞ് മൊറോക്കോയുടെ ആകാശത്തു വിമാനം വട്ടമിടാൻ തുടങ്ങി. പ്രാദേശിക സമയം 5.20നാണ് കാസാബ്ലാങ്കയിൽ വിമാനം ലാൻഡ് ചെയ്തത്. പാരമ്പര്യത്തിന്റെയും ആധുനികതയുടെയും മഹത്തായ സംഗമ സ്ഥലമായ മുഹമ്മദ് അഞ്ചാമന്റെ പേരിലറിയപ്പെടുന്ന ഈ വിമാനത്താവളം മൊറോക്കോ രാജ്യത്തേക്കുള്ള പ്രധാന കവാടമാണ്. ഇ വിസ മുതിർന്ന ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെ കൊണ്ട് സാക്ഷ്യപ്പെടുത്തി വേണം എമിഗ്രേഷൻ കൗണ്ടറിൽ പോവാൻ. ഇന്ത്യക്കാരാണെന്നറിഞ്ഞപ്പോൾ തങ്ങൾക്കായുള്ള എന്തെങ്കിലും ഗിഫ്റ്റ് പാസ്പോർട്ടിൽ വെച്ചു നൽകാൻ ആവശ്യപ്പെട്ടു. തികച്ചും സൗഹൃദപരമായ രീതിയിലായിരുന്നു സമീപനങ്ങൾ. 19 വർഷമായി മൊറോക്കോയിൽ വ്യാപാരം നടത്തുന്ന തലശ്ശേരി സ്വദേശി ജെസ്സീദാണ് വിമാനത്താവളത്തിൽ ഞങ്ങളെ സ്വീകരിക്കാനെത്തിയത്. കാസാബ്ലാങ്കയിലെ കാഴ്ചകളിലേക്കാണ് ആദ്യം ഞങ്ങൾ പോയത്. അതി മനോഹരമായ പനകളാൽ അലങ്കരിതമായ തെരുവുകൾ. ചക്രവാളത്തിന് മുകളിലൂടെ അറ്റ്ലാന്റിക് സമുദ്രം. കടലുമായി തൊട്ടുരുമ്മി നിൽക്കുന്ന ഹസ്സൻ മോസ്ക്, പഴയ പട്ടണം എന്നിവയാണ് വൈറ്റ് ഹൗസിലെ പ്രധാന കാഴ്ചകൾ. നാല് ദിവസത്തെ മൊറോക്കോ പര്യടനത്തിൽ ഞങ്ങൾക്ക് പോവേണ്ടത് വാണിജ്യ തലസ്ഥാനമായ കാസാബ്ലാങ്കയും സാംസ്കാരിക തലസ്ഥാനമായ മറാകിഷും ഭരണ സിരാ കേന്ദ്രമായ റബത്തുമാണ്. കാസാബ്ലാങ്ക സന്ദർശനത്തിന് ശേഷം ഞങ്ങൾ നേരെ പുറപ്പെട്ടത് മറാകിഷിലേക്കാണ്. മനോഹരമായ അതിവേഗ പാതയിലൂടെ 250 ഓളം കിലോമീറ്ററുകൾ സഞ്ചരിക്കണം മറാകിഷിലേക്ക്. റോഡിനിരുവശവും മലകളും കൃഷിത്തോട്ടങ്ങളും കാണാം. 3.5 മണിക്കൂറിനുള്ളിൽ മറാകിഷിലെ നേരത്തെ ബുക്ക് ചെയ്ത ഹോട്ടലിനുള്ളിൽ എത്തിച്ചേർന്നു.
മൊറോക്കോയിലെ ചില നഗരങ്ങൾ നിറങ്ങളുടെ പേരിലുമറിയപ്പെടുന്നുണ്ട്. മറാകിഷ് പിങ്ക് സിറ്റിയാണ്. വളഞ്ഞ് പുളഞ്ഞ് മനോഹരമായി കിടക്കുന്ന തെരുവീടികളിലൂടെ അൽപ്പം നടന്നു. പുരാതനമായ അങ്ങാടികളും തെരുവുകളും അതേപടി നിലനിർത്തിയിട്ടുണ്ട്. അതിമനോഹര കാഴ്ചകളാണ് മറാകിഷിലേത്. സജീവമായ തെരുവ് കച്ചവടങ്ങളും ഭക്ഷണ ശാലകളും കാണാം. കച്ചവടക്കാരെല്ലാം സുന്ദരി സുന്ദരൻമാരാണ്. ആഫ്രിക്കൻ ഭൂഖണ്ഡമാണെങ്കിലും സൗന്ദര്യത്തിന്റെയും കഴിവുകളുടെയും സമ്മേളന വേദികൂടിയാണ് ഈ നാട്. തജീൻ, ബാർകോക്, തഞ്ചിയ ഇതൊക്കെയാണ് മഗ്രിബിന്റെ പരമ്പരാഗത ഭക്ഷണങ്ങൾ. മാറാകിഷിലെ വളരെ പേരു കെട്ട ഒരു ഭക്ഷണ ശാലയിലാണ് ജസീദ് ഉച്ച ഭക്ഷണത്തിനായി കൂട്ടിക്കൊണ്ട് പോയത്. രാജാവിന്റെ പാചകക്കാരന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഭോജന ശാല. കണ്ടു നിൽക്കും തോറും സൗന്ദര്യം കൂടി വരുന്ന പട്ടണക്കാഴ്ചകൾ. പാൽമീറായിയും യുറീക്ക വാലിയും സാദായിൻ ടോമ്പുമൊക്കെ മറാകിഷിലെ വിസ്മയ കാഴ്ചകളാണ്. തിങ്കളാഴ്ചയാണ് ഷാർജയിലേക്കുള്ള മടക്ക യാത്ര. റബാത്തിലേക്ക് പോവാനുള്ളതിനാൽ ഇന്ന് തന്നെ കാസയിലേക്ക് മടങ്ങണം.
ഹിൽട്ടൺ ഹോട്ടലിലാണ് ഞങ്ങളുടെ വിശ്രമം. യാത്രയിലുടനീളം അനുകൂല ഊർജം പകർന്ന് കട്ടക്ക് കൂടെ നിന്ന ജെസ്സീദ് ഞങ്ങൾക്കൊരു മുതൽ കൂട്ടായി. കാസ ബ്ലാങ്കയിൽനിന്നും റബാത്തിലേക്ക് 100 കിലോമീറ്റർ യാത്രയുണ്ട്. പച്ച പരവതാനി വിരിച്ചപോലെ മനോഹരമായ തെരുവുകൾ. ഭരണ സിരാ കേന്ദ്രമുൾപ്പെടുന്ന രാജ്യത്തെ ഏഴാമത്തെ വലിയ നഗരമാണ് റബാത്. സർവ്വ അധികാരങ്ങളും കേന്ദ്രീകൃതമായ രാജാവും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ദ്രിയും ഉൾപ്പെടുന്നതാണ് ഭരണ സംവിധാനം.
രാജ്യത്തെ പട്ടണങ്ങളും ഗ്രാമങ്ങളും വളരെയധികം വൃത്തിയിൽ സൂക്ഷിച്ചത് കാണാം. മുഹമ്മദ് അഞ്ചാമന്റെ ആധുനിക ശവകുടീരവും ഹസ്സൻ ടവറും കണ്ട് റബാത്ത് സന്ദർശനം പൂർത്തിയാക്കി. ഹസ്സൻ ടവർ അപൂർണമായ ഒരു പള്ളിയുടെ മിനാരമാണ്. 12-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അൽമോഹദ് ഖിലാഫത്തിന്റെ മൂന്നാം ഖലീഫയായ അബു യൂസുഫ് യാക്കൂബ് അൽ-മൻസൂർ ആണ് ഇത് കമ്മീഷൻ ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ മിനാരമാകാനാണ് ഈ ഗോപുരം ഉദ്ദേശിച്ചിരുന്നത്. മസ്ജിദ് പൂർത്തിയായാൽ പടിഞ്ഞാറൻ മുസ്ലീം ലോകത്തിലെ ഏറ്റവും വലിയ മിനാരമാകുമായിരുന്നു. 1199-ൽ അൽ-മൻസൂർ മരിച്ചപ്പോൾ, പള്ളിയുടെ പണി നിർത്തി വെച്ചു. ചരിത്രങ്ങളും പ്രകൃതി വിസ്മയങ്ങളും ഒരു പോലേ മേളിച്ച മഗ്രിബിനോട് വിടപറയുകയാണ്.
ലക്ഷ്യമില്ലാത്ത പുതുവഴികളും കൊതിതീരാത്ത യാത്ര സങ്കല്പങ്ങളുമായി വീണ്ടും കണ്ടുമുട്ടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.