അമ്മയെ കൂട്ടി മകന്‍റെ ലോകപര്യടനം; ഇതുവരെ സഞ്ചരിച്ചത് 4 രാജ്യങ്ങള്‍...
text_fields20 വര്‍ഷത്തിലേറെയായി ക്ഷേത്രങ്ങളിലൂടെയും ആരാധാനാലയങ്ങളിലൂടെയും സഞ്ചരിക്കുന്ന തിരക്കിലാണ് ഒരു അമ്മയും മകനും. അച്ഛന്‍ നല്‍കിയ ബജാജ് ചേതക് സ്‌കൂട്ടറില്‍ അമ്മയുമായി രാജ്യം ചുറ്റുന്ന മകന്‍. 72 വയസ് പ്രായമുള്ള അമ്മയുമൊത്ത് ഇതുവരെ സഞ്ചരിച്ചത് 4 രാജ്യങ്ങള്‍.
2018 ജനുവരി 18നു മൈസൂരുവില്‍ നിന്നു യാത്ര തുടങ്ങിയ ഇവര്‍ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് എത്തിയത്. മൈസൂര്‍ ബോഗഡി സ്വദേശി 42 കാരനായ ദക്ഷിണാമൂര്‍ത്തി കൃഷ്ണകുമാറും 73 കാരി അമ്മ ചൂഢാരത്‌നമ്മയും തീര്‍ഥാടന കേന്ദ്രങ്ങളും ചരിത്ര സ്മാരകങ്ങളും കണ്ടാണ് യാത്ര തുടരുന്നത്. നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇന്ത്യയിലെ എല്ലാം സംസ്ഥാനങ്ങളിലൂടെയും യാത്ര ചെയ്തു.
അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ ജോലി രാജി വെച്ചാണു കൃഷ്ണ കുമാര്‍ യാത്രക്ക് ഇറങ്ങിയത്. ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ടീം ലീഡറായി ജോലി ചെയ്യുകയായിരുന്ന കൃഷ്ണകുമാര്‍ പിതാവിന്റെ മരണശേഷം അമ്മയെയും ജോലി സ്ഥലത്തേക്ക് കൊണ്ടുപോയി. ബെംഗളൂരു ജീവിതത്തിനിടയിലാണ് അവിചാരിതമായി കൃഷ്ണകുമാര്‍ അമ്മ തിരുവണ്ണാമലൈ ക്ഷേത്രം കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുന്നത്. അപ്പോള്‍ അമ്മ പറഞ്ഞ മറുപടിയാണ് കൃഷ്ണകുമാറിന്റെ യാത്രക്ക് പ്രചോദനമായത്.
വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ആയിരുന്നു അമ്മയുടെ ജീവതം. യാതൊരു സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. 2018 ജനുവരി 16 ന് ജോലി രാജി വെച്ച് സ്വദേശമായ മൈസൂരിലെ ബൊഗാഡിയില്‍ നിന്നും അമ്മയെയും കൂട്ടി കൃഷ്ണകുമാര്‍ യാത്ര തുടങ്ങി. അച്ഛന്‍ നല്‍കിയ ബജാജ് ചേതകിലൂടെ ലോകം ചുറ്റുമ്പോൾ അച്ഛന്‍റെ അനുഗ്രഹം താൻ എപ്പോഴും അനുഭവിക്കുന്നുണ്ടെന്ന് കൃഷ്ണകുമാർ പറയുന്നു.
ഇതുവരെ കർണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ പല സംസ്ഥാനങ്ങളും ഇവർ ചുറ്റി സഞ്ചരിച്ചിട്ടുണ്ട്. 'തീർത്ഥാടനത്തിലായാലും ഹോട്ടലുകളോ, ഗസ്റ്റ് ഹൗസുകളോ ഞങ്ങൾ ഉപയോഗിക്കാറില്ല. പകരം ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും മഠങ്ങളിലുമാണ് തങ്ങുന്നത്'. -കൃഷ്ണകുമാർ പറഞ്ഞു. ചില സമയങ്ങളിൽ ആശ്രമങ്ങളോ ക്ഷേത്രങ്ങളോ ഉണ്ടാവില്ല. എന്നാൽ ആളുകൾ പലപ്പോഴും ഞങ്ങളെ അവരുടെ വീട്ടിലേക്ക് ക്ഷണിക്കുകയും ഭക്ഷണം തരുകയും ചെയ്യുന്നു.-അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹ മാധ്യമങ്ങളിൽ ഏറെ ജനപ്രീതി നേടിയിട്ടും യാത്രാചെലവുകൾക്കായി ഈ അമ്മയും മകനും സംഭാവനകൾ സ്വീകരിക്കുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.