സൗന്ദര്യം മങ്ങി മുനമ്പം മുസിരിസ് ബീച്ച്
text_fieldsവൈപ്പിൻ: മുനമ്പം മുസിരിസ് ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികളെ വരവേൽക്കുന്നത് തെരുവ് നായ്ക്കളും കൂരിരുട്ടും. ഏറെ വിനോദസഞ്ചാര പ്രാധാന്യമുള്ള ബീച്ചിൽ വെളിച്ചക്കുറവ് കനക്കുന്നതോടെ സാമൂഹിക വിരുദ്ധരുടെയും മദ്യപരുടെയും വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്.
ബീച്ചിലെ വിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് നടപടി വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇടക്കാലത്ത് സ്ഥാപിച്ചവ നശിച്ചു. തുടക്കത്തിൽ 80ലേറെ ലൈറ്റുകൾ ഉണ്ടായിരുന്ന ബീച്ചിൽ ഇപ്പോൾ പ്രകാശിക്കുന്നത് വിരലിൽ എണ്ണാവുന്ന മാത്രം. കടലിലേക്ക് നീട്ടി നിർമ്മിച്ചിട്ടുള്ള നടപ്പാതയുടെ ഭൂരിഭാഗവും സന്ധ്യയോടെ ഇരുട്ടിലാവും.
വൈപ്പിനിലെ ബീച്ചുകളിൽ ഏറ്റവും മനോഹരമായ അസ്തമയ ദൃശ്യം ലഭിക്കുന്ന ഇവിടെ അത് ആസ്വദിക്കാൻ നിൽക്കാതെ വിദേശികൾ അടക്കമുള്ള സന്ദർശകർ സന്ധ്യക്കുമുമ്പ് സ്ഥലം വിടുന്ന സ്ഥിതിയാണ്. ബീച്ചിന്റെ ചുമതലയുള്ള ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതരാകട്ടെ ഇക്കാര്യങ്ങളിൽ വേണ്ടത്രേ ശ്രദ്ധ കൊടുക്കുന്നില്ല.
അടിസ്ഥാന സൗകര്യങ്ങൾ തീരെയില്ലാത്ത ബീച്ചും പരിസരവും സന്ധ്യയോടെ വിജനമാകുന്നത് നാട്ടുകാരെയും ഭീതിയിലാഴ്ത്തുന്നു. ഭക്ഷണം തേടിയെത്തുന്ന നായ്ക്കളിൽ ഏറെയും നടപ്പാതയിലാണ് തമ്പടിക്കുന്നത്. വെളിച്ചമില്ലാത്തതിനാൽ പാതയിൽ കിടന്ന് ഉറങ്ങുന്ന നായ്ക്കളെ അറിയാതെ ചവിട്ടുന്ന സംഭവങ്ങളും പതിവാണ്. പലപ്പോഴും തലനാരിഴക്കാണ് ആളുകൾ കടിയേൽക്കാതെ രക്ഷപ്പെടുന്നത്.
മുനമ്പം അഴിമുഖത്ത് പുലിമുട്ടുകൾ നിർമ്മിച്ചതിനെ തുടർന്ന് വർഷങ്ങൾ കൊണ്ട് മണൽ അടിഞ്ഞ് ആണ് വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റത്തായി ഈ കടൽത്തീരം രൂപം കൊണ്ടത്. പിന്നീട് ഹാർബർ എൻജിനീയറിങ് വകുപ്പ് സുനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ച് ബീച്ച് മോടി പിടിപ്പിക്കുകയായിരുന്നു. കടലിലേക്ക് നീളത്തിൽ ഇറങ്ങി നിൽക്കുന്ന ബീച്ചിന്റെ ഭാഗം ടൈൽ പതിച്ചു മനോഹരമാക്കിയതിന് പുറമേ ചെറിയ കോട്ടേജുകളും നിർമ്മിച്ചിട്ടുണ്ട്.
ജീവനക്കാരുടെ അഭാവം മൂലം ബീച്ചും പരിസരവും ശുചീകരണം കാര്യക്ഷമമല്ല. മാലിന്യ ഭീഷണിയും നിലനിൽക്കുന്നു. സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും അവധി ദിനങ്ങളിലും മറ്റും സന്ദർശകരുടെ കാര്യമായി തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.