ചൂടിൽനിന്ന് അകന്ന് കുളിരിലേക്ക്; സഞ്ചാരികളെ മാടിവിളിച്ച് മൂന്നാർ
text_fieldsമൂന്നാർ: നാട്ടിലെ ചൂടിൽനിന്ന് അകന്ന് സുഖസുന്ദരമായ കുളിർ കാലാവസ്ഥയിലേക്ക് സഞ്ചാരികളെ മാടിവിളിക്കുകയാണ് മൂന്നാർ. പകൽച്ചൂട് അൽപം ഉയർന്നിട്ടുണ്ടെങ്കിലും സായാഹ്നമാവുന്നതോടെ സുഖശീതള കാലാവസ്ഥയിലാണ് ഇപ്പോൾ മൂന്നാർ. മഴയില്ലാത്തതിനാൽ എവിടെയും സഞ്ചരിക്കാം. പകൽ 24 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നെങ്കിലും രാത്രിയും രാവിലെയും 10 മുതൽ 12 വരെയാണ് താപനില. സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന ഈ കാലാവസ്ഥയും ഓണാഘോഷ പരിപാടികളും ഒട്ടേറെ പേരെ ആകർഷിക്കുന്നുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ടൂറിസം വകുപ്പിന്റെ ബോട്ടാണിക്കൽ ഉദ്യാനത്തിൽ സായാഹ്നങ്ങളിലെ സംഗീതനിശ, പഴയ മൂന്നാറിലെ കുട്ടികളുടെ ഉദ്യാനം, പുഴയോരത്തെ നടപ്പാത, ഹൈഡൽ ഉദ്യാനത്തിലെ സാഹസിക ഇനങ്ങൾ തുടങ്ങിയവയെല്ലാം ഇത്തവണത്തെ പ്രത്യേകതകളാണ്. രാജമലക്കും മാട്ടുപ്പെട്ടിക്കുമൊപ്പം ശീതകാല പച്ചക്കറികളുടെ വിളഭൂമിയായ വട്ടവടയും സഞ്ചാരികളുടെ ഇഷ്ടയിടമായി മാറിക്കഴിഞ്ഞു. പള്ളിവാസൽ രണ്ടാംമൈൽ, ഫോട്ടോ പോയന്റ്, എക്കോ പോയന്റ്, സിഗ്നൽ പോയന്റ്, ദേവികുളം ഗ്യാപ് തുടങ്ങിയ വ്യൂ പോയന്റുകളിലെല്ലാം സഞ്ചാരികളുടെ തിരക്കാണ്. ഈയാഴ്ച തുടർച്ചയായ അവധി ദിനങ്ങളായതിനാൽ സന്ദർശകരുടെ വൻ ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.