തണുക്കാതെ മൂന്നാർ; കുറഞ്ഞ താപനില ഏഴ് ഡിഗ്രി
text_fieldsതൊടുപുഴ: മഞ്ഞ് വീഴുന്ന താഴ്വാരമായ മൂന്നാറിൽ ഇത്തവണ തണുപ്പത്ര പോര. കാലാവസ്ഥയിൽ ഉണ്ടായ മാറ്റം മൂന്നാറിൽ തണുപ്പിനെ അകറ്റി നിർത്തുന്നുവെന്നാണ് സഞ്ചാരികളടക്കം പറയുന്നത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കുറഞ്ഞ താപനില മൈനസ് ഒന്നിൽ എത്തിയിരുന്നു. ഇപ്പോൾ കുറഞ്ഞ താപനില ഏഴ് ഡിഗ്രി സെൽഷ്യസാണ്. മുൻ വർഷങ്ങളിൽ ജനുവരി തൊട്ട് പല ദിവസങ്ങളിലും മൈനസ് തൊടുന്ന അവസ്ഥയാണുണ്ടായിരുന്നത്.
മൂന്നാറിലെ സവിശേഷമായ തണുപ്പും മഞ്ഞുവീഴ്ചയും അനുഭവിക്കുന്നതിനായി വിനോദസഞ്ചാരികളും കൂടുതലായി എത്തിയിരുന്ന സമയം കൂടിയാണ് ഡിസംബർ-ജനുവരി മാസങ്ങൾ. സമീപ പ്രദേശങ്ങളായ കുണ്ടള, ചിറ്റവര, എല്ലപ്പെട്ടി തുടങ്ങിയ എസ്റ്റേറ്റുകളിൽ കുറഞ്ഞ താപനില അഞ്ച് ഡിഗ്രി വരെ രേഖപ്പെടുത്തുന്നുണ്ട്. പകലിൽ വെയിൽ കനക്കുന്നതനുസരിച്ച് രാത്രിയിൽ തണുപ്പ് അധികരിക്കുന്നതാണ് മുൻ കാലങ്ങളിൽ കണ്ടുവന്നത്. എന്നാൽ ഇത്തവണ പകൽ ചൂട് കൂടിയിട്ടും തണുപ്പിന്റെ കാഠിന്യം വർധിക്കുന്നില്ല.
മഞ്ഞ് വീണ് പുൽ മേടുകളും തേയില തോട്ടങ്ങളും കരിഞ്ഞുണങ്ങുന്ന സമയമാണ്. നവംബറില്‍ ആരംഭിച്ച് ഫെബ്രുവരിയില്‍ അവസാനിക്കുന്ന ശൈത്യകാലത്തില്‍ ജനുവരിയിലാണ് ഏറ്റവും തണുപ്പ് അനുഭവപ്പെട്ടിരുന്നത്. കഴിഞ്ഞ വർഷം ജനുവരി ഒന്ന് മുതല്‍ എട്ടുവരെ മൂന്നാറിലെ കുറഞ്ഞ താപനില മൂന്ന് ഡിഗ്രിയായിരുന്നു. കന്നിമല, പെരിയവര, ദേവികുളം, ലാക്കാട്, ഒ.ഡി.കെ, പാമ്പാടുംചോല എന്നിവിടങ്ങളിലെല്ലാം വ്യാപകമായി മഞ്ഞുവീഴ്ചയും കഴിഞ്ഞ വർഷം ഉണ്ടായി. കനത്ത മഞ്ഞ് വീഴ്ച തേയില തോട്ടങ്ങള്‍ക്ക് വലിയ നഷ്ടങ്ങളുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.