ദുരന്തത്തിലേക്ക് നീങ്ങി മൺറോതുരുത്ത്
text_fieldsകൊല്ലം: സമുദ്ര നിരപ്പിനേക്കാൾ താഴ്ന്നുകിടക്കുന്ന കേരളത്തിലെ അപൂർവ പ്രദേശങ്ങളിലൊന്നായ മൺറോതുരുത്ത് വൻ ദുരന്തത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് പഠനം. പരിസ്ഥിതി പ്രവർത്തകൻ പ്രഫ. ഡോ. വെള്ളിമൺ നെൽസണിന്റെ നേതൃത്വത്തിൽ കുണ്ടറ പൗരവേദി നടത്തിയ പഠനത്തിലാണ് മണലൂറ്റും ചെളി ഖനനവും മൂലമുണ്ടായ അഗാധ ഗർത്തങ്ങളും വേലിയേറ്റ സമയങ്ങളിൽ കയറുന്ന ഉപ്പുവെള്ളവും ഈ തുരുത്തിനെ മുക്കിക്കൊല്ലുന്നതിലേക്ക് എത്തിച്ചതായി ചൂണ്ടിക്കാട്ടുന്നത്.
ഇവിടുത്തെ ആറ് വാർഡുകളിലെ നാനൂറിലേറെ കുടുംബങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. നിലവിൽ തന്നെ പല വീടുകളും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്.
മേൽക്കൂരപോലും കാണാൻ കഴിയാത്തവിധം മുങ്ങിയ വീടുകളുണ്ട്. പ്രാണരക്ഷാർഥം ധാരാളമാളുകൾ മറ്റ് സ്ഥലങ്ങളിലെ ബന്ധുവീടുകളിലേക്കും മറ്റും പലായനം ചെയ്തു കഴിഞ്ഞു. അഭയം കൊടുക്കാനില്ലാത്ത ആയിരങ്ങളാണ് എല്ലാം സഹിച്ച് ജീവിക്കുന്നത്. ഇനി ഒരു വെള്ളപ്പൊക്കമുണ്ടായാൽ അവരുടെ ശവങ്ങൾ പോലും പുറംലോകം കാണില്ല.
മരിക്കുന്നവരെ കുഴിച്ചുമൂടാൻപോലും കഴിയില്ല. കുഴിയെടുക്കാൻ ശ്രമിച്ചാൽ കുളം പ്രത്യക്ഷപ്പെടും. ശവങ്ങൾ വള്ളത്തിൽ കയറ്റി വിദൂരത്തുള്ള കൊല്ലത്തെ പൊതു ശ്മശാനത്തിലാണ് സംസ്കരിക്കുന്നത്. റെയിൽപാളവും റെയിൽവേ സ്റ്റേഷനുമുള്ള മൺറോതുരുത്തിൽ അവയും അപകടഭീഷണിയുടെ നിഴലിലാണ്. റെയിൽപാളം ക്രമേണ താണുകൊണ്ടിരിക്കുന്ന ഇവിടെ നിശ്ചിത ഇടവേളകളിൽ കരിങ്കല്ലും മെറ്റലുമുപയോഗിച്ച് പാളം പൊക്കിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്.
35 വർഷം മുമ്പ് 108 പേർ മരിച്ച പെരുമൺ തീവണ്ടി ദുരന്തമുണ്ടായത് മൺറോതുരുത്തിന് തൊട്ടടുത്താണെന്നത് പലരും ഓർമപ്പെടുത്താറുണ്ട്, പെരുമൺ ദുരന്തത്തിന്റെ കാരണം ഇന്നും അജ്ഞാതമാണെന്നിരിക്കെ പ്രത്യേകിച്ചും.
റെയിൽവേ സ്റ്റേഷന് സമീപം കിടപ്രം രണ്ടാം വാർഡിൽ പ്രവർത്തിച്ചിരുന്ന റേഷൻകട ചെളിക്കുണ്ടിൽ താഴ്ന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. കിടപ്രം ഒന്നും രണ്ടും വാർഡിൽ ഒരിഞ്ചുസ്ഥലം പോലും കൃഷിയോഗ്യമല്ല. കല്ലട പദ്ധതിമൂലം ഇവിടേക്കുള്ള മലവെള്ളത്തിന്റെ ഒഴുക്ക് തടയപ്പെട്ടതും വേലയേറ്റംമൂലം കടന്നുവരുന്ന കടൽവെള്ളവുമാണ് ഇവിടെ സ്ഥിതി സങ്കീർണമാക്കുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ഇവിടെനിന്ന് വീടും ഭൂമിയും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നവർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും മറ്റുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിൽ പുനരധിവസിപ്പിക്കാൻ നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടി കുണ്ടറ പൗരവേദി മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.