ചരിത്രബന്ധങ്ങളിലേക്ക് വാതിൽ തുറന്ന് സിംഗപ്പൂരിലെ ‘മസ്കത്ത് സ്ട്രീറ്റ്’
text_fieldsമസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഔദ്യോഗിക സന്ദർശനം തുടങ്ങാനിരിക്കെ സിംഗപ്പൂരിലെ മസ്കത്ത് സ്ട്രീറ്റ് വീണ്ടും ശ്രദ്ധയാകർഷിക്കുന്നു. വിനോദസഞ്ചാരികളെയും സന്ദർശകരെയും ആകർഷിക്കുന്ന ഈ സ്ഥലം കമ്പോങ് ഗെലാം പരിസരത്തെ പ്രശസ്തമായ തെരുവുകളിൽ ഒന്നാണ്.
1800 മുതൽ 1900ത്തിന്റെ ആരംഭംവരെ കച്ചവടക്കാരാൽ നിറഞ്ഞ പ്രദേശമായിരുന്നു ‘മസ്കത്ത് സ്ട്രീറ്റ്’. കപ്പലുകൾ, ഒമാനി പതാകകൾ, ഈത്തപ്പഴം എന്നിങ്ങനെ ഒമാനി സംസ്കാരത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളും വാസ്തുവിദ്യയും ഊ തെരുവിലുണ്ട്. സിംഗപ്പൂരിലെ അർബൻ റീ ഡെവലപ്മെന്റ് അതോറിറ്റിയും മസ്കത്ത് മുനിസിപ്പാലിറ്റിയും തമ്മിലുള്ള സഹകരണ പദ്ധതി പ്രകാരം 2012 നവംബറിൽ മസ്കത്ത് സ്ട്രീറ്റ് നവീകരിച്ചിരുന്നു.
ആദ്യകാലം മുതൽ അറബ് വ്യാപാരികളുമായുള്ള സിംഗപ്പൂരിന്റെ ബന്ധത്തിനുള്ള തെളിവുകൂടിയാണ് ഈ തെരുവ്. മസ്കത്ത് സ്ട്രീറ്റ് പുനർവികസിപ്പിച്ചെടുക്കാനുള്ള പദ്ധതി സിംഗപ്പൂരും ഒമാനും തമ്മിലുള്ള അടുത്ത ബന്ധത്തെയാണ് എടുത്തുകാണിക്കുന്നതെന്നാണ് സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയം പറയുന്നതത്.
2012 നവംബർ എട്ടിന് സിംഗപ്പൂർ മന്ത്രി കെ. ഷൺമുഖവും അന്നത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറി ജനറലും നിലവിലെ വിദേശകാര്യ മന്ത്രിയുമായ സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമാണ് സ്ട്രീറ്റ് ഔദ്യോഗികമായി നാടിന് സമർപ്പിച്ചത്. സ്ട്രീറ്റിന്റെ രണ്ടറ്റത്തും ഒമാനി കൊത്തുപണികളാലുള്ള എട്ട് മീറ്റർ ഉയരമുള്ള കരിങ്കൽ കമാനങ്ങൾ ഉണ്ട്. ഒമാനി കലാകാരൻമാർ വരച്ച ചുവർചിത്രങ്ങളും തെരുവിൽ കാണാം.
ഗ്രാനൈറ്റ് ചുവർചിത്രങ്ങളും മൊസൈക് കലാസൃഷ്ടികളും കൊണ്ട് തെരുവ് അലങ്കരിച്ചിട്ടുണ്ട്. ചുവർചിത്രങ്ങളിൽ ഒമാനി സംസ്കാരത്തിന്റെ സവിശേഷമായ വശങ്ങൾ വിളിച്ചോതുന്ന ‘ഖഞ്ചറും’ അടങ്ങിയിട്ടുണ്ട്. പരമ്പരാഗത ഒമാനി കഠാരയാണ് ഖഞ്ചർ. അറബിക് കാപ്പി ഉണ്ടാക്കാനും വിളമ്പാനുമുള്ള നീളമുള്ള ലോഹ പാത്രമായ ‘ദല്ല’യുടെ ചിത്രവും മസ്കത്ത് സ്ട്രീറ്റിന്റെ ചുവരുകളിലുണ്ട്.
സിംഗപ്പൂരിന്റെ ‘മുസ്ലീം ക്വാർട്ടർ ’എന്നാണ് കമ്പോങ് ഗ്ലാം അറിയപ്പെടുന്നത്. അന്തരിച്ച മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് സമ്മാനിച്ച പായക്കപ്പലായ ‘ജുവൽ ഓഫ് മസ്കത്തി’ന്റെ ചിത്രവും സഞ്ചാരികളെ ആകർഷിക്കുന്നതാണ്. സുൽത്താൻ ഖാബൂസ് സിംഗപ്പൂരിനും അവിടത്തെ ജനങ്ങൾക്കും സമ്മാനിച്ചതാണ് ‘ജുവൽ ഓഫ് മസ്കത്ത്’.
1998ൽ ഇന്തോനേഷ്യയിലെ ബെലിതുങ് ദ്വീപിൽനിന്ന് കണ്ടെത്തിയ അറേബ്യൻ കപ്പലിന്റെ പകർപ്പാണ് ‘ജുവൽ ഓഫ് മസ്കത്ത്’.18 മീറ്റർ നീളവും ആറു മീറ്റർ വീതിയുമുള്ള ഈ പായക്കപ്പൽ, ഒമ്പതാം നൂറ്റാണ്ടിലെ അറബ് കപ്പൽ നിർമാണ രീതികൾക്ക് സമാനമായി തെങ്ങിൻനാരുകളാൽ കൈകൊണ്ട് തുന്നിച്ചേർത്ത പലകകൾ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്.
ഒമാനികൾ, സിംഗപ്പൂരുകാർ എന്നിവരുൾപ്പെടെ 15 നാവികരോടൊപ്പം ‘ജുവൽ ഓഫ് മസ്കത്ത്’ 68 ദിവസം കടലിൽ യാത്ര ചെയ്ത് 138 ദിവസങ്ങൾക്ക് ശേഷം 2010 ജൂലൈ മൂന്നിനാണ് സിംഗപ്പൂരിലെത്തുന്നത്. സിംഗപ്പൂരിലെ സെന്റോസ റിസോർട്ട്സ് വേൾഡിലുള്ള മാരിടൈം എക്സ്പീരിയൻഷ്യൽ മ്യൂസിയത്തിൽ ആണ് ‘ജുവൽ ഓഫ് മസ്കത്ത്’ സൂക്ഷിച്ചിരിക്കുന്നത്. ഇതിന്റെ ഒരു മോഡൽ, വിശദീകരണ ഫലകത്തിന്റെ അകമ്പടിയോടെ മസ്കത്തിലെ അൽ മൗജിലെ മറീനയിലും വെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.