സ്വന്തം വാഹനത്തിൽ ലോകം ചുറ്റുകയാണ് ഈ തലശ്ശേരിക്കാരി
text_fieldsമനാമ: ലോകസഞ്ചാരം നടത്തിയിട്ടുള്ളവർ ഏറെയുണ്ടെങ്കിലും സ്വന്തം വാഹനം ഓടിച്ച് തനിയെ ലോകംചുറ്റിയ വനിതകൾ അധികമുണ്ടാവില്ല. സ്വന്തം വാഹനം ഓടിച്ച് ഖത്തറിലെത്തി ഫിഫ ലോകകപ്പ് കാണുക എന്നതായിരുന്നു ആദ്യത്തെ സ്വപ്നം. അത് സഫലമായ ആഹ്ലാദത്തിൽ ലോകസഞ്ചാരത്തിനിറങ്ങിയിരിക്കുകയാണ് തലശ്ശേരി മാഹി സ്വദേശിയായ നാജി നൗഷി. ആ യാത്രയുടെ ഭാഗമായാണ് നാജി ഇപ്പോൾ ബഹ്റൈനിൽ എത്തിയിരിക്കുന്നത്.
ദീർഘകാലം ഒമാനിൽ പ്രവാസി വീട്ടമ്മയായിരുന്ന നാജി ഇങ്ങനെയൊരു ആഗ്രഹം പങ്കുവെച്ചപ്പോൾ ഭർത്താവും അഞ്ചു മക്കളുമടങ്ങുന്ന കുടുംബം കട്ടക്ക് കൂടെനിന്നു. ആദ്യ യാത്ര ഒറ്റക്ക് ലോറികളിലും മറ്റു വാഹനങ്ങളിൽ ലിഫ്റ്റടിച്ചും നേപ്പാളിലേക്കും എവറസ്റ്റ് ബേസ് ക്യാമ്പിന്റെ നെറുകയിലേക്കുമായിരുന്നു.
ജീവിതത്തിൽ വളരെയധികം ആത്മവിശ്വാസമാണ് ആ യാത്ര തനിക്കു നൽകിയതെന്ന് അവർ പറയുന്നു. വെറും 3000 രൂപ കൊണ്ട് ലക്ഷദ്വീപ് ചുറ്റിയടിച്ചു. 10 ദിവസത്തെ യാത്രയും അവിടത്തെ നിവാസികളുടെ സ്നേഹവായ്പും ഒരിക്കലും മറക്കാൻ കഴിയില്ല. തുടർന്ന് ഇന്ത്യ മുഴുവനും ചുറ്റി. ഗ്രാമങ്ങളിൽ താമസിച്ചും അവരോടൊപ്പം ഭക്ഷണം കഴിച്ചും മനുഷ്യരെയും അവരുടെ ആചാരങ്ങളും അടുത്തറിഞ്ഞുകൊണ്ടുള്ള യാത്ര.
ഈ മൂന്നു യാത്രാ സീരീസുകൾ പൂർത്തിയാക്കി ഇപ്പോൾ ജി.സി.സി രാജ്യങ്ങളിലൂടെ യൂറോപ്യൻ ട്രിപ്പിനുള്ള തയാറെടുപ്പിലാണ് നാജി. സ്പോൺസർഷിപ്പോടുകൂടി ജി.സി.സി യാത്ര കേരള ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഫ്ലാഗ്ഓഫ് ചെയ്തത്. ബഹ്റൈനിൽ എത്തിയിരിക്കുന്ന നാജി ഇന്ന് യു.എ.ഇയിലേക്കും അവിടെനിന്ന് സൗദി, കുവൈത്ത്, ഒമാൻ രാജ്യങ്ങൾ സന്ദർശിച്ചശേഷം യൂറോപ്പിലേക്കും പോകും. ഇറാൻ, ഇറാഖ്, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിലൂടെ യൂറോപ്പിലേക്ക് പോകാനാണ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.