ഇനി നന്ദിഹിൽസിലേക്ക് പോകാം; തിങ്കൾ മുതൽ വെള്ളി വരെ പ്രവേശനം
text_fieldsബംഗളൂരു: മൂന്നു മാസത്തിനുശേഷം ബംഗളൂരുകാരുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമായ ചിക്കബെല്ലാപുർ ജില്ലയിലെ നന്ദി ഹിൽസിലേക്ക് ബുധനാഴ്ച മുതൽ പ്രവേശനം നൽകുന്നു. ബംഗളൂരുവിൽനിന്ന് 65 കിലോമീറ്റർ ദൂരത്തിലുള്ള നന്ദി ഹിൽസിലെ തണുപ്പും കോടമഞ്ഞും സൂര്യോദയവും ആസ്വദിക്കാൻ അവസരമൊരുക്കികൊണ്ടാണ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വീണ്ടും പ്രവേശനം അനുവദിക്കുന്നത്. എന്നാൽ, നേരത്തെയുണ്ടായിരുന്നതുപോലെ ശനി, ഞായർ ദിവസങ്ങളിൽ നന്ദി ഹിൽസിലേക്ക് പോകുന്നതിന് നിയന്ത്രണമുണ്ടാകും.
നന്ദി ഹിൽസിലെ ഗസ്റ്റം ഹൗസിൽ താമസിക്കുന്നതിനായി മുറികൾ ബുക്ക് ചെയ്തവർക്ക് മാത്രമായിരിക്കും ശനി, ഞായർ ദിവസങ്ങളിൽ പ്രവേശനം. തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ മാത്രമായിരിക്കും മറ്റു യാത്രക്കാർക്ക് നന്ദി ഹിൽസിൽ പ്രവേശനം അനുവദിക്കുക. തിരക്ക് കുറക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നിയന്ത്രണം.
ഇക്കഴിഞ്ഞ ആഗസ്റ്റ് 25നാണ് കനത്ത മഴയെതുടർന്ന് നന്ദി ഹിൽസിലെ ചുരം പാതയിൽ ഒമ്പതാം വളവിന് സമീപം വലിയ രീതിയിൽ മണ്ണിടിച്ചിലുണ്ടായി 43 മീറ്റർ ദൂരത്തിൽ റോഡ് പൂർണമായും തകർന്നത്. പ്രത്യേക പൈപ്പുകളിട്ട് റോഡ് വീണ്ടും പുനർനിർമിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ മൂന്നു മാസത്തിനുള്ളിലാണ് റോഡ് നിർമാണം പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കിയത്. എട്ടു ലക്ഷം രൂപ ചിലവിലാണ് റോഡ് പുനർനിർമിച്ചത്.
നിർമാണം പൂർത്തിയായ റോഡിന്‍റെ അവസ്ഥ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി ഡോ.കെ. സുധാകർ നേരിട്ടെത്തി വിലയിരുത്തി. റോഡിലൂടെയുള്ള ട്രയൽ റണ്ണും പൂർത്തിയാക്കി. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലായിരിക്കും പ്രവേശനം അനുവദിക്കുകയെന്നും ശനി, ഞായർ ദിവസങ്ങളിൽ നന്ദി ഹിൽസിലെ ഗസ്റ്റ് ഹൗസിൽ മുറികൾ ബുക്ക് ചെയ്തവർക്ക് മാത്രമായിരിക്കും പ്രവേശനമെന്നും ചിക്കബെല്ലാപുർ ഡെപ്യൂട്ടി കമീഷണർ ആർ. ലത പറഞ്ഞു.
നന്ദി ഹിൽസിൽ എത്തുന്നവർ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണമെന്നും നിയമം ലംഘിക്കുന്നവരിൽനിന്ന് പിഴ ഈടാക്കുമെന്നും അവർ പറഞ്ഞു. നന്ദി ഹിൽസിൽ മാലിന്യം ഉൾപ്പെടെ കളയാതെ വൃത്തിയായി സൂക്ഷിക്കാൻ സഞ്ചാരികൾ ശ്രദ്ധിക്കണം. കോവിഡ് മാർഗനിർദേശം പാലിച്ചുകൊണ്ടായിരിക്കണം ആളുകൾ എത്തേണ്ടത്. തിരക്ക് കുറക്കുന്നതിനായി കോവിഡ് സാഹചര്യത്തിൽ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന കാര്യവും പരിഗണനയിലാണെന്നും ഇത് പിന്നീട് തീരുമാനിക്കുമെന്നും അവർ കൂട്ടിചേർത്തു.
രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് നന്ദി ഹിൽസിൽ പ്രവേശനം അനുവദിക്കുക. ഡിസംബർ, ജനുവരി മാസങ്ങളിൽ നന്ദി ഹിൽസിലെ കാലാവസ്ഥ ആസ്വദിക്കാൻ ബംഗളൂരുവിൽനിന്നും ഒരോ ദിവസവും ആയിരങ്ങളാണ് എത്താറുള്ളത്. നിലവിൽ കോവിഡ് വ്യാപന മുൻനിർത്തി കർശന നിയന്ത്രണങ്ങളോടെയായിരിക്കും പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.