കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ കേരളത്തിൽനിന്ന് വരേണ്ടെന്ന് ഉദയ്പുർ
text_fieldsരാജസ്താനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഉദയ്പുരിലേക്ക് വരുന്നവർക്കായി പുതിയ നിബന്ധനകളുമായി അധികൃതർ. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കേരളം, ഹരിയാന എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർ ആർ.ടി-പി.സി.ആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പുവരുത്തണം. 72 മണിക്കൂറിനുള്ളിൽ എടുത്ത പരിശോധന ഫലമാണ് കാണിക്കേണ്ടത്. ഇതുസംബന്ധിച്ച് ഉദയ്പുരിലെ ജില്ല ഭരണകൂടം ഹോട്ടലുകൾ, എയർപോർട്ട് അധികൃതർ, എയർലൈൻസ് കമ്പനികൾ തുടങ്ങിയവർക്ക് നിർദേശം നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ ഉദയ്പുരിൽ കോവിഡ് കേസുകളിൽ വർധനവുണ്ടായിട്ടുണ്ട്. നഗരത്തിലെ അംബമാതാ പ്രദേശത്ത് 29 പേർ പോസിറ്റീവായതോടെ ഈ ഭാഗത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജനങ്ങളോട് വീടുകളിൽ തന്നെ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വിമാനത്താവളങ്ങൾക്ക് പുറമെ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തും. നഗരത്തിൽ മാസ്ക് ധരിക്കാതിരിക്കുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്യാത്തവർക്ക് പിഴ ഈടാക്കും. നെഗറ്റീവ് റിപ്പോർട്ട് ഇല്ലാത്തവർക്ക് ഹോട്ടലുകളിൽ മുറികൾ നൽകാനും പാടില്ലെന്ന് ജില്ല കലക്ടർ പറഞ്ഞു.
അഥവാ, നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർ ഹോട്ടലുകളിൽ റൂം എടുത്താൽ കോവിഡ് പരിശോധന നടത്താൻ സംവിധാനം ഒരുക്കണം. ഫലം വരുന്നത് വരെ ഹോട്ടൽ മുറിക്കുള്ളിൽ തന്നെ അവർ തുടരണം. പോസിറ്റീവായാൽ മെഡിക്കൽ വകുപ്പിന് റിപ്പോർട്ട് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.