നെഹ്റുട്രോഫി വള്ളംകളി തീരുമാനം വൈകുന്നു; പുന്നമടയിൽ നിരാശയുടെ ഓളം
text_fieldsവള്ളംകളി ഈ വർഷം പുനരാരംഭിക്കുന്നത് പരിഗണനയിലാണെന്നാണ് സർക്കാറും വിനോദസഞ്ചാര വകുപ്പും അറിയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസിെൻറ നേതൃത്വത്തിൽ യോഗവും ചേർന്നിരുന്നു. വള്ളംകളി ഈ വർഷം തന്നെ ആരംഭിക്കാനാകുമെന്നാണ് മന്ത്രിയും അറിയിച്ചത്.
വള്ളംകളി നടത്താൻ മൂന്നുകോടി രൂപയെങ്കിലും അടിയന്തരമായി കണ്ടെത്തേണ്ടിവരുമെന്നതാണു വെല്ലുവിളി. ക്ലബുകൾക്കുമാത്രം 1.95 കോടി ബോണസ് തുകയാണ് കൊടുക്കേണ്ടത്. ഡിസംബർ അവസാനം നടത്താൻ അനുമതി കിട്ടിയാൽ കുറഞ്ഞദിവസത്തിനകം ഇത്രയും തുക സ്വരൂപിക്കേണ്ടിവരും.
നിയന്ത്രിത എണ്ണം കാണികളെ മാത്രം അനുവദിക്കുമ്പോൾ ടിക്കറ്റ് വിൽപന, സ്പോൺസർമാരെ കണ്ടെത്തൽ തുടങ്ങിയവ എളുപ്പമാകില്ല. വള്ളങ്ങൾക്കെല്ലാം പങ്കെടുക്കാൻ അവസരം നൽകുകയെന്നതും പ്രധാനമാണ്. കുറഞ്ഞ ദിവസത്തിനുള്ളിൽ ഇവർക്കാവശ്യമായ തുഴകൾ നിർമിച്ചുകിട്ടുന്നതുൾപ്പെടെ വെല്ലുവിളികൾ മുന്നിൽക്കാണണമെന്ന് കേരള ബോട്ട് ക്ലബ് അസോ. പറയുന്നു. വള്ളംകളി നടത്തണമെന്നുകാട്ടി ജില്ല ഭരണകൂടം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കോവിഡ് ഉന്നതാധികാര സമിതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഒരുമാസം കഴിഞ്ഞിട്ടും മറുപടി കിട്ടാത്തതാണ് വള്ളംകളി പ്രേമികളെയും തുഴച്ചിൽകാരെയും വിഷമിപ്പിക്കുന്നത്. കാണികളുടെ എണ്ണം ക്രമീകരിച്ചും കോവിഡ് ചട്ടം കർശനമായി പാലിച്ചും വള്ളംകളി നടത്തുന്നതിെൻറ സാധ്യതയാണ് സർക്കാർ പരിശോധിക്കുന്നത്. മുഖ്യമന്ത്രി അധ്യക്ഷനായ കോവിഡ് ഉന്നതാധികാര സമിതിയിൽ ചർച്ചചെയ്താണ് തുടർനടപടി വരേണ്ടത്.
വള്ളംകളി ഡിസംബറിൽ നടക്കുമെന്ന പ്രതീക്ഷയിൽ പൊലീസ് ടീം, പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പി.ബി.സി) ഉൾപ്പെടെ ചില ക്ലബുകൾ പരിശീലനം തുടങ്ങിയിരുന്നു. എന്നാൽ, തീയതി പ്രഖ്യാപിക്കുന്നത് അനിശ്ചിതമായി നീളുന്നത് പരിശീലകരിലും വള്ളംകളി പ്രേമികളിലും ആവേശം തണുപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.