നെഹ്റു ട്രോഫി: റെക്കോഡ് ടിക്കറ്റ് വിൽപന; 60 ലക്ഷം കടന്നേക്കും
text_fieldsആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൽ റെക്കോഡ് ടിക്കറ്റ് വിൽപന. 60 ലക്ഷം രൂപ മറികടക്കുമെന്നാണ് പ്രതീക്ഷ. അവസാന ദിവസത്തെ കണക്കുകൾ കൂട്ടാതെ 50 ലക്ഷം രൂപക്ക് മുകളിൽ ടിക്കറ്റ് വിറ്റിട്ടുണ്ട്. 2019ലെ വള്ളംകളിയിൽ 36 ലക്ഷം രൂപയുടെ ടിക്കറ്റാണ് വിറ്റത്. ചില താലൂക്കിലെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല. ഓൺലൈനിൽ മാത്രം 13 ലക്ഷം രൂപയുടെ ടിക്കറ്റുകൾ വിറ്റു. നഗരത്തിലെ ഡി.ടി.പി.സിയുടെ ഓഫിസിൽ മാത്രം 5.15 ലക്ഷം രൂപയുടെ ടിക്കറ്റ് വിൽപന നടത്തി.
1.75 ലക്ഷം രൂപയുടെ ടിക്കറ്റ് ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിലും വിറ്റു. തൃശൂർ, പാലക്കാട്, കൊല്ലം എന്നിവിടങ്ങളിൽനിന്നടക്കം പ്രത്യേക ബസ് സർവിസുമുണ്ടായിരുന്നു.
ടിക്കറ്റിൽനിന്ന് ലഭിച്ച വരുമാനത്തിന്റെ അന്തിമകണക്ക് ചൊവ്വാഴ്ചയോടെ ലഭ്യമാകുമെന്നാണ് വിവരം. വള്ളംകളിയുടെ ടിക്കറ്റുകൾ ഓൺലൈനായും ഓഫ് ലൈനായും ഉണ്ടായിരുന്നു. ടിക്കറ്റ് വിൽപനയുടെ പൂർണ ചുമതലയും സ്പോൺസർമാരെ കണ്ടെത്തേണ്ട ചുമതലയും ഇക്കുറി നെഹ്റു ട്രോഫി ബോട്ട് റേസ് കമ്മിറ്റിക്കായിരുന്നു.
2019ൽ ടൂറിസം വകുപ്പ് മുഖേന സി.ബി.എൽ കമ്പനിയാണ് ടിക്കറ്റ് വിറ്റിരുന്നത്. അന്ന് വേണ്ടത്ര വിറ്റുപോകാത്തതിനാൽ വരുമാനത്തിൽ വൻ നഷ്ടമുണ്ടായി. ഇതിന് പിന്നാലെയാണ് ടിക്കറ്റ് വിൽപനക്കായി എൻ.ടി.ബി.ആറിനെ ചുമതലപ്പെടുത്തിയത്. 100 മുതൽ 3000 വരെയുള്ള ടിക്കറ്റുകളാണുണ്ടായിരുന്നത്.
ടിക്കറ്റ് വിൽപന, സ്പോൺസർഷിപ് എന്നിവയിലൂടെ ഒരുകോടിയിലധികം രൂപ സമാഹരിച്ചു.
വൻതുക ചെലവഴിച്ച് വള്ളംകളി കാണാനെത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾപോലും നിർവഹിക്കാൻ കഴിയാത്ത സൗകര്യമില്ല. രാവിലെ 10ന് മുമ്പ് കയറിയാൽ മത്സരം തീർന്നാലേ തിരിച്ചിറങ്ങാൻ കഴിയും.
പ്രാഥമികാവശ്യങ്ങൾക്ക് പുറത്തുകടന്നാൽ തിരിച്ചുകയറാൻ പറ്റാത്തവിധം തിരക്കാണ്. വി.ഐ.പികളടക്കം എത്തുന്ന നെഹ്റു പവിലിയനിൽ ശൗചാലയമുണ്ടെങ്കിലും പരിതാപകരമായ അവസ്ഥയാണ്.
വള്ളംകളിയില്‍ തോൽപിക്കാൻ ശ്രമിച്ചെന്ന്; കലക്ടര്‍ക്ക് പരാതി നല്കി
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തില്‍ തെക്കനോടി വിഭാഗത്തില്‍ മത്സരിച്ച ആലപ്പുഴ നഗരസഭ ഹരിതകർമ സേന ടീമംഗങ്ങള്‍ തുഴഞ്ഞ ദേവാസ് വള്ളം ഫൈനലില്‍ വള്ളപ്പാടകലെ മുന്നില്‍ നില്ക്കുമ്പോള് വള്ളത്തിന്റെ അമരം കാത്തവര് വെള്ളത്തിലേക്ക് ചാടിയത് ബോധപൂർവമാണെന്ന ആരോപണം ശക്തം. ഷിബു, അജയഘോഷ്, സുനില്‍കുമാര്‍, വിനീഷ് എന്നിവരാണ് കായലില്‍ ചാടിയത്.
ഒന്നാം സ്ഥാനത്തായിരുന്ന വള്ളം നിര്‍ത്തി കായലില്‍ ചാടിയവരെ പൊലീസെത്തി വള്ളത്തില്‍ തിരികെ കയറ്റി തുഴയുകയും വിലപ്പെട്ട സമയനഷ്ടം മൂലം വള്ളം പിന്നോക്കം പോകുകയുമായിരുന്നു. കായലില്‍ അസാധാരണമായ കാറ്റോ ഓളമോ ഇല്ലാതിരിക്കുകയും മറ്റൊരു വള്ളത്തില്‍നിന്ന് അമരക്കാരടക്കം ആരും വീഴുന്ന നിലയോ, വള്ളത്തിന് ഉലച്ചിലോ ഇല്ലാത്ത സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ഗൂഢാലോചന നടന്നെന്നും അമരക്കാര്‍ ഈ ഗൂഢാലോചനയുടെ ഭാഗമാകുകയോ ചെയ്തിട്ടുണ്ടന്ന് കാട്ടി വള്ളത്തിന്റെ ക്യാപ്റ്റനായ സൗമ്യരാജ്, വൈസ് ക്യാപ്റ്റന്‍ ബീനരമേശ് എന്നിവരാണ് കലക്ടര്‍, സബ്കലക്ടര്‍, ജില്ല പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയത്. ചതിയുടെ ആഴം വ്യക്തമാകുന്ന വിഡിയോ ദൃശ്യങ്ങളും പരാതിയോടൊപ്പം കൈമാറി. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുകയും വള്ളംകളിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് ആജീവനാന്തം വിലക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.