56 വർഷം മുമ്പ് ഉപേക്ഷിച്ച റെയിൽ പാത വീണ്ടും തുറക്കുന്നു; ഇന്ത്യയിൽനിന്ന് ബംഗ്ലാദേശിലേക്ക് പുതിയ പാസഞ്ചർ ട്രെയിൻ സർവിസ്
text_fieldsകൊൽക്കത്ത: 56 വർഷം മുമ്പ് സജീവമായി പ്രവർത്തിച്ചിരുന്ന പാളത്തിലൂടെ വീണ്ടും പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ പദ്ധതിയുമായി ഇന്ത്യയും ബംഗ്ലാദേശും. അതിർത്തിയിലൂടെ കടന്നുപോകുന്ന ഹൽദിബാരി-ചിലഹത്തി റൂട്ടിലൂടെയാണ് ട്രെയിൻ സർവിസ് പുനരാരംഭിക്കുന്നത്.
ഇന്ത്യ-ബംഗ്ലാ അന്താരാഷ്ട്ര അതിർത്തിയിൽനിന്ന് 4.5 കിലോമീറ്റർ അകലെയാണ് കൂച്ച് ബിഹാറിലെ ഹൽദിബാരി. സീറോ പോയിന്‍റായും ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നു. ബംഗ്ലാദേശിലെ നിൽഫമാരി ജില്ലയിലെ ചിലഹത്തിയിൽനിന്ന് 12 കിലോമീറ്റർ അകലെ രംഗ്പൂർ ഡിവിഷനിലാണ് ഹൽദിബാരി സ്ഥിതി ചെയ്യുന്നത്.
കൊൽക്കത്തയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈകമീഷണർ തൗഫീഖ് ഹുസൈൻ, ഹൈകമീഷൻ ബിസിനസ് മേധാവി എം.ഡി. ശംസുൽ ആരിഫ്, സിലിഗുരി സൊണാലി ബാങ്ക് മാനേജർ ജബീദുൽ ആലം എന്നിവർ ഹൽദിബാരി റെയിൽവേ സ്റ്റേഷനും റെയിൽവേ ട്രാക്കും സന്ദർശിച്ചു. ചിലഹത്തിക്കും ഹൽദിബാരിക്കും ഇടയിൽ പാസഞ്ചർ ട്രെയിൻ സർവിസുകൾ ഉടൻ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് തൗഫീഖ് ഹുസൈൻ പറഞ്ഞു.
'ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയിൽ പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ ഇരു രാജ്യങ്ങളും അനുമതി നൽകിയിട്ടുണ്ട്. പുതിയ സർവിസ് ഇരുരാജ്യങ്ങളുടെയും വിനോദസഞ്ചാരവും വ്യാപാരബന്ധവും വർധിപ്പിക്കാൻ സഹായിക്കും. രാജ്യങ്ങളുടെ വികസനത്തിനും കരുത്തേകും. കോവിഡ് സാഹചര്യം സാധാരണ നിലയിലായാൽ ബംഗ്ലാദേശിലേക്ക് ടൂറിസ്റ്റ് വിസകൾ നൽകാൻ സാധിക്കും' -തൗഫീഖ് ഹുസൈൻ കൂട്ടിച്ചേർത്തു. പാസഞ്ചർ ട്രെയിനുകൾക്ക് പുറമെ ഓരോ മാസവും ഏകദേശം 20 ചരക്ക് ട്രെയിനുകളും സർവിസ് നടത്തും.
ഇന്ത്യയും ബംഗ്ലാദേശും (അന്നത്തെ കിഴക്കൻ പാകിസ്താൻ) തമ്മിലുള്ള ഹൽദിബാരി-ചിലഹത്തി റെയിൽപാത 1965 വരെ പ്രവർത്തിച്ചിരുന്നു. വിഭജനകാലത്ത് കൊൽക്കത്തയിൽനിന്ന് സിലിഗുരിയിലേക്കുള്ള ബ്രോഡ് ഗേജ് പ്രധാന പാതയുടെ ഭാഗമായിരുന്നുവിത്. വിഭജനത്തിനു ശേഷവും അസമിലേക്കും വടക്കൻ ബംഗാളിലേക്കും പോകുന്ന ട്രെയിനുകൾ ഇതുവഴി യാത്ര തുടർന്നു. എന്നാൽ, 1965ലെ യുദ്ധത്തെ തുടർന്ന് ഇന്ത്യയും അന്നത്തെ കിഴക്കൻ പാകിസ്താനും തമ്മിലുള്ള എല്ലാ റെയിൽവേ ബന്ധങ്ങളും വിച്ഛേദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.