പുതുവൽസര അവധിയിൽ ദുബൈ വഴി യാത്രചെയ്തത് 12ലക്ഷം പേർ
text_fieldsദുബൈ: പുതുവൽസര അവധിദിനങ്ങളിൽ കര, വ്യോമ, സമുദ്ര അതിർത്തികൾ വഴി ദുബൈയിലേക്ക് വരുകയും പോകുകയും ചെയ്തത് 12ലക്ഷത്തിലേറെ പേർ. പുതുവൽസര അവധിദിനങ്ങളിലെ സന്ദർശകരുടെ എണ്ണത്തിൽ ഇത്തവണ റെക്കോർഡ് ഭേദിച്ചതായി ജനറൽ ഡയറക്ട്രേറ്റ് ഓഫ് റെസിഡൻസി ആർഡ് ഫോറിനേഴ്സ്(ജി.ഡി.ആർ.എഫ്.എ) അറിയിച്ചു. ഡിസംബർ 27മുതൽ ജനുവരി ഒന്നുവരെയുള്ള കണക്കുകൾ അനുസരിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആഘോഷ സന്ദർഭങ്ങളിൽ ലോകത്തെ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ് ദുബൈയെന്ന് വെളിപ്പെടുത്തുന്നതാണ് പുതിയ കണക്കുകൾ. യാത്രക്കാർ പ്രധാനമായും വിമാന മാർഗമാണ് എമിറേറ്റിലേക്ക് വന്നുചേരുന്നത്. ആകെ യാത്രക്കാരിൽ 11.4ലക്ഷം പേരും ദുബൈ വിമാനത്താവളം വഴിയാണ് യാത്ര ചെയ്തത്. ഡിസംബർ 30നാണ് ഏറ്റവും കൂടുതൽ പേർ ദുബൈയിൽ എത്തിച്ചേർന്നത്. ഇത് 2.24ലക്ഷമാണിത്. കരമാർഗം ഹത്ത അതിർത്തിയിലൂടെ 76,376 യാത്രക്കാരും ജലമാർഗം 27,108 പേരും എത്തിയെന്ന് കണക്കുകൾ പറയുന്നു.
ദുബൈയിലെ വിമാനത്താവളങ്ങളും കര-കടൽ തുറമുഖങ്ങളും കൈവരിച്ച ശ്രദ്ധേയമായ നേട്ടം, നഗരത്തിന്റെ ആകർഷണീയതക്ക് അടിവരയിടുന്നതായി ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തി എന്നിവ വഴി എത്തുന്ന മുഴുവൻ സന്ദർശകർക്കും ദുബൈ ജി.ഡി.ആർ.എഫ്.എ മികച്ച അനുഭവങ്ങൾ നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.