സൈക്കിൾ വണ്ടിയിൽ ഉലകം ചുറ്റാൻ നിക്കോളാ ചിയാചിയോ ഒമർ
text_fieldsഅൽഐൻ: സൈക്കിൾ വണ്ടിയിൽ ലോകം കാണാൻ ഇറങ്ങിയിരിക്കുകയാണ് ഇറ്റലിക്കാരൻ നിക്കോളാ ചിയാചിയോ ഒമർ. മൂന്നു ചക്രങ്ങളുള്ള സൈക്കിൾ പ്രത്യേകം തയാറാക്കി അതിലാണ് യാത്ര. നിക്കോളായുടെ പ്രയാണം അൽഐനും കടന്ന് പുതിയ തീരങ്ങൾ തേടി ചുറ്റിക്കറങ്ങുകയാണ്. വിവിധ രാജ്യങ്ങളിൽ ഓരോ പ്രദേശം സന്ദർശിക്കാറുണ്ടെങ്കിലും വലിയ പ്രചരണം നൽകാറില്ല ഇദ്ദേഹം. യാത്രയിൽ ആളുകൾ കൂടിയാൽ സമയ നഷ്ടമാകുമെന്ന് കരുതിയാണിത്. സോഷ്യൽ മീഡിയകളിൽ യാത്രക്കുശേഷം വിവരങ്ങൾ നൽകാറുണ്ട്. ഇൻസ്റ്റഗ്രാമിൽ ധാരാളം ഫോളോവേഴ്സുണ്ട്.
ഇദ്ദേഹത്തിന്റെ ഇറാഖ് സന്ദർശന വേളയിൽ എടുത്ത വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇറാഖ് ജനതയുടെ സ്വീകരണവും സ്നേഹവും വീർപ്പുമുട്ടിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. എട്ടുമാസം നീണ്ടുനിൽക്കുന്ന യാത്രയാണ് ആസൂത്രണം ചെയ്തത്. അഫ്ഗാനിസ്താനും ഇന്ത്യയുമൊക്കെ സന്ദർശിക്കണമെന്നാണ് ആഗ്രഹം. ഇന്ത്യയിൽ വരുമ്പോൾ കേരളത്തിൽ വരുമെന്നും അൽഐനിൽ സ്വീകരണം ഒരുക്കിയ മലയാളികളെ ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സൈക്കിളിൽ യാത്രക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കിടന്നുറങ്ങാനുള്ള സൗകര്യം, ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം, മൊബൈൽ ചാർജർ, കുടിവെള്ളം, വെള്ളം ശേഖരിച്ചുവെക്കാൻ ബക്കറ്റ്, വായിക്കാനുള്ള പുസ്തകങ്ങൾ തുടങ്ങി എല്ലാം. സോളാർ പാനലും കയറ്റങ്ങൾ കയറാൻ സൈക്കിളിന് ഗിയർ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുളിയും മറ്റ് പ്രാഥമിക കർമങ്ങളും പള്ളികളിലും പെട്രോൾ പമ്പുകളിലും നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൈരും ഖുബ്ബൂസും പോലുള്ള ലളിതമായ ഭക്ഷണമാണ് യാത്രയിൽ ഉപയോഗിക്കുക.
ഇറ്റലിയിൽ നിന്നും സൈക്കിളിൽ യാത്ര തിരിച്ച് സ്ലോവാനിയ, ക്രൊയേഷ്യ, ബോസ്നിയ, സെർബിയ, കൊസാവോ, മാസ്ഡോണിയ, ബൾഗേരിയ, തുർക്കിയ, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ തുടങ്ങി 14 രാഷ്ട്രങ്ങൾ താണ്ടിയാണ് യു.എ.ഇയിൽ എത്തിയത്. അൽഐൻ ടൗണിൽ എത്തിയ ശേഷം ഉച്ചഭക്ഷണം കഴിഞ്ഞ് മരച്ചുവട്ടിൽ വിശ്രമിക്കുമ്പോഴാണ് ഏതാനും മലയാളി സുഹൃത്തുക്കൾ ഇദ്ദേഹത്തെ പരിചയപ്പെടുന്നത്.
ഏറെ നേരം അവരുമായി സൗഹൃദം പങ്കിട്ട് യാത്ര തിരിച്ചു. അടുത്ത ലക്ഷ്യം ഒമാനാണ്. അൽഐൻ മെറിറ്റ് സ്റ്റുഡിയോയിലെ ഉസ്മാൻ, അജ്നാസ് എന്നിവരും മജീദ് മാസ്റ്റർ, ജസീൽ എന്നിവരും ചേർന്നാണ് യാദൃച്ഛികമായി ലഭിച്ച അതിഥിക്ക് സ്വീകരണം ഒരുക്കിയത്. ഈത്തപ്പഴവും മറ്റു സമ്മാനങ്ങളും നൽകിയാണ് അൽഐനിൽ നിന്നും യാത്രയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.