നിള ടൂറിസം പാത; നിര്‍മാണം അനധികൃതമെന്ന് റവന്യൂ വകുപ്പ്
text_fieldsപൊന്നാനി: നിള ടൂറിസം പാത നിര്‍മാണം അനധികൃതമെന്ന് റവന്യൂ വകുപ്പ് അധികൃതർ. പുഴ പുറമ്പോക്കിലൂടെ പാത നിര്‍മിച്ചത് കൈയേറ്റമാണെന്നാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന് നോട്ടീസ് നല്‍കാനൊരുങ്ങുകയാണ് റവന്യൂ വകുപ്പ്. കര്‍മ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ 26 വര്‍ഷം മുമ്പാണ് പുഴയോരത്ത് റോഡുണ്ടാക്കിയത്. പിന്നീട്, പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുകയും ചമ്രവട്ടം കടവിലേക്ക് നീട്ടുകയും നവീകരിക്കുകയും ചെയ്തു. അതിനുശേഷം കനോലി കനാലിനു കുറുകെ പാലം നിര്‍മിച്ച് ഹാര്‍ബറിലെത്തുന്ന തരത്തില്‍ പാതയുടെ നീളംകൂട്ടി. എന്നാല്‍, പുഴ പുറമ്പോക്കിലൂടെ പാത നിര്‍മിച്ചത് ഭൂമി കൈയേറ്റമാണെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്.
കഴിഞ്ഞദിവസം, പാതയോരത്ത് നടക്കുന്ന നഗരസഭയുടെ പുഴമുറ്റം പാര്‍ക്കിന്റേയും ശൗചാലയ സമുച്ചയത്തിന്റേയും നിര്‍മാണം നിര്‍ത്തിവെക്കാന്‍ തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, പൊതുമരാമത്ത് റോഡിന്റെ ഇരുവശങ്ങളിലുമുള്ള പുറമ്പോക്ക് ഭൂമി നഗരസഭയുടേതാണെന്നാണ് മുനിസിപ്പല്‍ ആക്ട് ചൂണ്ടിക്കാട്ടി നഗരസഭ സെക്രട്ടറി പറഞ്ഞത്. എന്നാല്‍, പാത നിര്‍മാണം അനധികൃതമാണെന്നും ഭാരതപ്പുഴയുള്‍പ്പെടെ ഒമ്പത് നദികളുടെ പുറമ്പോക്കിന്റെ സംരക്ഷണം റവന്യൂ വകുപ്പിനാണെന്നുമാണ് റവന്യൂ അധികൃതര്‍ പറയുന്നത്.
കര്‍മ റോഡിനോട് ചേര്‍ന്ന് വ്യാപക കൈയേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് കൈയേറ്റം ഒഴിപ്പിക്കാനും ഭൂമി തിരിച്ചുപിടിക്കാനും കലക്ടര്‍ നടപടി സ്വീകരിച്ചത്. ഇതിനായി പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് ഭൂമി അളന്ന് കൈയേറ്റം തിട്ടപ്പെടുത്താന്‍ ആരംഭിക്കുകയായിരുന്നു. കൈയേറ്റക്കാരെ സഹായിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ കൊമ്പുകോര്ക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പുഴയോരത്തെ പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങളെ കുടിയൊഴിപ്പിക്കില്ലെന്ന് നേരത്തേ എം.എല്‍.എ ഉറപ്പുനല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.