ടൂറിസം മേഖലയിൽ കഴിഞ്ഞവർഷം റെക്കോഡ് വരുമാനം; ദൈവത്തിൻെറ സ്വന്തം നാടിന് ഇക്കുറി വട്ടപ്പൂജ്യം
text_fieldsകൊച്ചി: കേരളത്തിെൻറ വിനോദസഞ്ചാര ചരിത്രത്തിലെ സുവർണ നാളുകളായിരുന്നു ഓണനാളുകൾ അടക്കം കഴിഞ്ഞവർഷം ഓരോ മാസവും. കാൽനൂറ്റാണ്ടിനിടയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളും വരുമാനവും കഴിഞ്ഞവർഷമാണ്. എന്നാൽ, വീണ്ടും ഒരു ഓണക്കാലം എത്തുേമ്പാൾ കോവിഡിൽ തകർന്ന വിനോദസഞ്ചാരമേഖലയുടെ ബാക്കിപത്രം വട്ടപ്പൂജ്യമാണ്. സന്ദർശകരൊഴിഞ്ഞ ടൂറിസം കേന്ദ്രങ്ങൾ നഷ്ടങ്ങളുടെ ഓണക്കാലമാണ് കേരളത്തിെൻറ വിനോദസഞ്ചാര മേഖലക്ക് സമ്മാനിക്കുന്നത്.
മാർച്ച് മുതൽ നിശ്ചലമാണ് ഈ മേഖല. ഓരോ വിനോദസഞ്ചാര കേന്ദ്രത്തിലും കോടികളുടെ നഷ്ടം. കോവിഡ് വ്യാപനത്തിനിടെ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. വൻ പ്രളയം ഏൽപ്പിച്ച ആഘാതത്തിന് പിന്നാലെ കഴിഞ്ഞ വർഷം 1,83,84,233 ആഭ്യന്തര സഞ്ചാരികളും 11,89,711 വിദേശ സഞ്ചാരികളും ഉൾപ്പെടെ 1,95,74,004 പേർ കേരളം സന്ദർശിച്ചതായാണ് വിനോദസഞ്ചാര വകുപ്പിെൻറ കണക്ക്. 45010.69 കോടി രൂപയായിരുന്നു വരുമാനം.
24 വർഷത്തിനിടയിൽ ഇത്രയും അധികം സഞ്ചാരികളും വരുമാനവും ആദ്യമായിരുന്നു. തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ 17.2 ശതമാനവും വരുമാനത്തിൽ 24.14 ശതമാനവുമായിരുന്നു വർധന. മേയിൽ തുടങ്ങിയ സഞ്ചാരികളുടെ ഒഴുക്ക് വർഷാവസാനം വരെ തുടർന്നു. പ്രളയക്കെടുതികൾ ഉയർത്തിയ ആശങ്കകൾ പോലും സഞ്ചാരികളെ കേരളത്തിൽനിന്ന് അകറ്റിയില്ല. 12,816.54 കോടിയുടെ വരുമാനവുമായി എറണാകുളമായിരുന്നു മുന്നിൽ.
തയാറെടുപ്പു തുടങ്ങി -ടൂറിസം ഡയറക്ടർ
വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നത് സംബന്ധിച്ച് സർക്കാറിെൻറ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും തയാറെടുപ്പുകൾ ആരംഭിച്ചതായും ടൂറിസം ഡയറക്ടർ പി. ബാലകിരൺ 'മാധ്യമ'ത്തോട് പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങൾ എപ്പോൾ തുറന്നാലും സഞ്ചാരികളെ സ്വീകരിക്കാൻ വകുപ്പ് പൂർണ സജ്ജമാണ്. തുറക്കുന്ന ഘട്ടത്തിൽ വ്യാപക പ്രചാരണ കാമ്പയിൻ സംഘടിപ്പിക്കുമെന്നും ബാലകിരൺ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.