അധികൃതരേ, മലമ്പുഴ ഉദ്യാനം ഇങ്ങനെയാവരുത്
text_fieldsപാലക്കാട്: ആഴ്ചയുടെ തിരക്കിൽനിന്ന് മാറി ഒരുപകൽ ചെലവഴിക്കാൻ ആലോചിക്കുന്ന പാലക്കാട്ടുകാരിൽ മിക്കവർക്കും ആദ്യം ഓർമയിലെത്തുക മലമ്പുഴ ഉദ്യാനമാണ്. പാലക്കാടെന്നല്ല, അയൽ ജില്ലകളിൽനിന്നും അയൽസംസ്ഥാനങ്ങളിൽനിന്നുമെല്ലാം സീസണിൽ നിരവധി സഞ്ചാരികളെത്തുന്നിടം. വികസനത്തിന്റെ പേരിൽ കോടികൾ പൊടിക്കുമ്പോഴും മലമ്പുഴ ഉദ്യാനത്തിനും സഞ്ചാരികൾക്കും പരാതികൾ മാത്രം ബാക്കിയാവുന്നു.
ശങ്കക്കൊപ്പം ആശങ്ക
ഉദ്യാനത്തിൽ ശുചിമുറികളുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. എന്നാലോ മൂക്കുപൊത്തി കണ്ണടച്ച് കാര്യം സാധിക്കണം. പരാതിപ്പെടുന്നവരോട് പരിഹരിക്കാമെന്ന് പറയുന്നതല്ലാതെ പ്രതിവിധിയില്ലെന്ന് സന്ദർശകർ പറയുന്നു. ടിക്കറ്റെടുത്ത് ഉദ്യാനത്തിലെത്തുന്ന സന്ദർശകർക്ക് പലപ്പോഴും അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതികരിക്കേണ്ട അവസ്ഥയാണ്.
തോന്നിയപോലെ കുടിവെള്ളം
ഉദ്യാനത്തിന്റെ ചുറ്റുമുള്ള കടകളിൽ നിറയെ പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളം തൂങ്ങുന്നത് കാണാം. ഉദ്യാനത്തിനകത്തും കുപ്പിവെള്ളം ലഭ്യമാണ്. എന്നാൽ, ജില്ലയുടെ കുടിവെള്ള സ്രോതസ്സ് എന്ന് വിളിക്കാവുന്ന ഡാമിനോട് ചേർന്ന ഉദ്യാനത്തിൽ സന്ദർശകർക്ക് കുടിവെള്ളം ശേഖരിക്കാനായി സജ്ജീകരിച്ചിട്ടുള്ളത് പൊട്ടിയതും കാലപ്പഴക്കം ചെന്നതുമായ ഏതാനും ടാപ്പുകളാണ്. ഉദ്യാനത്തിന് മുമ്പിലെ ടാപ്പിനരികിലൂടെയാണ് ശുചിമുറിയിൽനിന്നുള്ള വെള്ളവും കടന്നുപോവുന്നത്.
ഓടാത്ത ട്രെയിൻ, കാടുകയറിയ കുളം
ഉദ്യാനത്തിലെ ടോയ് ട്രെയിൻ ഇവിടെ എത്തുന്ന കൊച്ചുകുട്ടികൾക്ക് ആവേശമായിരുന്നു. എന്നാൽ, ഏതാനും മാസങ്ങളായി ഇത് പ്രവർത്തിക്കാറില്ല. ജപ്പാൻ കുളത്തിന് സമീപം കാട് വളർന്നുതുടങ്ങി. പൂക്കൾ നിറഞ്ഞുനിന്നിരുന്ന കുളത്തിൽ വെള്ളം വറ്റി പുല്ല് വളരുന്നു. അവധിദിനങ്ങളിൽ ലക്ഷക്കണക്കിന് വരുമാനമുള്ള ഉദ്യാനത്തിന്റെ അവസ്ഥ കണ്ടാൽ മൂക്കത്ത് വിരൽവെച്ച് പോവും.
ലക്ഷ്യം കാണാതെ കോടികൾ
കോടികളുടെ വികസന പദ്ധതികളാണ് വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ ഉദ്യാനത്തിൽ നപ്പാക്കുന്നത്. എന്നാൽ, പലതും പിന്നീട് അവഗണിക്കപ്പെടുകയോ പരിപാലനത്തിന്റെ അപര്യാപ്തതയിൽ തകരാറിലാവുകയോ ആണ്. അടുത്തിടെ പ്രമുഖ വ്യവസായി ലക്ഷങ്ങൾ മുടക്കി ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന ഊഞ്ഞാലടക്കം സംവിധാനം ഇവിടെ സജ്ജീകരിച്ചിരുന്നു.
എന്നാൽ, ഇതുവരെയും അത് ഉപയോഗപ്രദമായ രീതിയിൽ തുറന്നുനൽകിയില്ലെന്ന് മാത്രമല്ല, തുരുമ്പെടുക്കുകയുമാണ്. മികച്ച വരുമാനമുള്ള ഉദ്യാനത്തിൽ എത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന ആവശ്യങ്ങളെങ്കിലും ഒരുക്കാൻ അധികൃതർ തയാറാവണമെന്ന ആവശ്യമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.