ഒമിക്രോൺ: തായ്‌ലാൻഡ് കൂടുതൽ നിയന്ത്രണങ്ങളിലേക്ക്, യാത്രക്കാർക്ക് ക്വാറന്‍റീൻ നിർബന്ധമാക്കുന്നു
text_fieldsബാങ്കോക്ക്: ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താനൊരുങ്ങി തായ്‌ലാൻഡ്. യാത്രക്കാർക്ക് ക്വാറന്‍റീൻ ഒഴിവാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കുമെന്നും കോവിഡ് ടാസ്ക് ഫോഴ്സ് അറിയിച്ചു.
രോഗവ്യാപനം തടയാൻ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്വാറന്‍റീൻ ഇല്ലാത്ത വിസയിനത്തിലെ പുതിയ അപേക്ഷകൾക്ക് അംഗീകാരം ലഭിക്കില്ലെന്ന് കോവിഡ് ടാസ്‌ക്‌ഫോഴ്‌സ് വക്താവ് തവീസിൻ വിസാനുയോതിൻ പറഞ്ഞു. നിലവിലെ അപേക്ഷകർക്ക് ജനുവരി 15 വരെ ക്വാറന്‍റീൻ ഇല്ലാതെ തായ്‌ലൻഡിലേക്ക് പ്രവേശിക്കാമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ മെച്ചപ്പെടുകയാണെങ്കിൽ നിലവിലെ നിയമങ്ങൾക്ക് മാറ്റം വരുത്താനാകും. ഒമിക്രോണിനെക്കുറിച്ച് സമഗ്രമായ പഠനം നടത്തണമെന്നും തവീസിൻ പറഞ്ഞു.
ക്വാറന്‍റീൻ ഇല്ലാതെ തായ്‌ലാൻഡിലേക്ക് യാത്രക്കാർക്ക് പ്രവേശനാനുമതി നൽകുന്ന സാൻഡ്ബോക്സ് പദ്ധതികൾ ഉൾപ്പെടെ രാജ്യത്ത് താൽക്കാലികമായി നിർത്തിവച്ചു. ഡിസംബർ 22 മുതൽ ക്വാറന്‍റീൻ ഇല്ലാത്ത വിസകൾക്ക് തായ്‌ലാൻഡ് അനുവാദം നൽകിയിരുന്നു. എന്നാൽ, ജനുവരി 11 മുതൽ സാൻഡ്‌ബോക്‌സ് സ്കീമുകളായ സാമുയി പ്ലസ്, ഫാങ് എൻഗ, ക്രാബി എന്നിവ വഴി രാജ്യത്തേക്ക് ക്വാറന്‍റീൻ രഹിത പ്രവേശനം അനുവദിക്കുമെന്ന് തവീസിൻ പറഞ്ഞു.
അതേസമയം, ഹൈറിസ്ക് മേഖലകളായി പ്രഖ്യാപിച്ച എട്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശന വിലക്ക് ജനുവരി 11ന് തായ്‌ലാൻഡ് നീക്കും. പ്രാദേശിക തലത്തിൽ രോഗവ്യാപനം നിയന്ത്രിക്കാൻ തലസ്ഥാനമായ ബാങ്കോക്ക് ഉൾപ്പെടെ എട്ട് പ്രവിശ്യകളിൽ ഞായറാഴ്ച്ച മുതൽ രാത്രി ഒമ്പതിനുശേഷം റെസ്റ്റോറന്‍റുകളിലിരുന്നുള്ള മദ്യപാനം നിർത്തുമെന്നും രാജ്യത്തെ മറ്റ് 69 പ്രവിശ്യകളിൽ ഇത് നിരോധിക്കുമെന്നും തവീസിൻ പറഞ്ഞു. സാമൂഹിക മദ്യപാനമാണ് വൈറസ് വ്യാപനത്തിന് കാരണമെന്നും ഇതിനാലാണ് മദ്യശാലകളിൽ നിരോധനം ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച 7,526 കോവിഡ് കേസുകളാണ് തായ്‌ലാൻഡിൽ റിപ്പോർട്ട് ചെയ്തത്. നവംബർ ആരംഭത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.