ഡിസംബറില്‍ തുറക്കും; നാലാം ഉദ്ഘാടനത്തിനൊരുങ്ങി സഹ്യദര്‍ശന്‍ പാര്‍ക്ക്
text_fieldsനെടുങ്കണ്ടം: മൂന്ന് ഉദ്ഘാടനങ്ങള്‍ക്ക് ശേഷം അടച്ചു പൂട്ടിയ സഹ്യദര്‍ശന്‍ പാര്‍ക്ക് മറ്റൊരു ഉദ്ഘാടനം കൂടി നടത്തി ഡിസംബറില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. ഏറെ നാള് അനാഥമായി കിടന്ന പാര്‍ക്കില്‍ നവീകരണ ജോലികൾ പുരോഗമിക്കുകയാണ്. 30 ലക്ഷം രൂപ മുടക്കി ശുചിമുറികളും കുട്ടികള്‍ക്കായി കളി ഉപകരണങ്ങളും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.
2010 ല്‍ സ്കൂള്‍ പാര്‍ക്കും വാന നിരീക്ഷണ കേന്ദ്രവും 2012 ല്‍ സഹ്യദര്‍ശന്‍ പാര്‍ക്കുമാണ് നിർമിച്ചത്. പല തവണ ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണികള്‍ നടത്തി. മൂന്ന് ഉദ്ഘാടനം നടത്തിയ ശേഷമാണ് വീണ്ടും ലക്ഷങ്ങള്‍ മുടക്കി അണിയിച്ചൊരുക്കിയിരിക്കുന്നത്. രണ്ട് നിലകളിലായി വാച്ച് ടവറും ദൂരദര്‍ശിനിയും സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയില്ലാണ് നെടുങ്കണ്ടം പഞ്ചായത്ത് 17 ലക്ഷം രൂപ മുടക്കി അറ്റകുറ്റപ്പണികൾ നടത്തി മോടിപിടിപ്പിച്ചത്. മൂന്നാമത്തെ ഉദ്ഘാടനും നടത്തിയതിന് പിന്നാലെ അടച്ച് പൂട്ടുകയായിരുന്നു. നെടുങ്കണ്ടം ടൗണിനോട് ചേര്‍ന്ന് ഗവ.യു.പി.സ്കൂളിനും ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളിനും നടുവിലാണ് സഹ്യദര്‍ശൻ പാര്‍ക്ക്.
2010 മെയ് 22 ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് നാടിന് സമര്‍പ്പിച്ചതായിരുന്നു സ്കൂള്‍ പാര്‍ക്കും വാന നിരീക്ഷണ കേന്ദ്രവും. 2012 ല്‍ മാറി വന്ന പഞ്ചായത്ത് ഭരണ സമിതി അല്‍പ്പം പരിഷ്ക്കരിച്ച് സഹ്യദര്‍ശന്‍ പാര്‍ക്ക് എന്ന പേരിടല്‍ നടത്തി. വലിയ ആഘോഷമായാണ് ഓരോ ഉദ്ഘാടനവും നടത്തിയത്.
വിനോദസഞ്ചാരികള്‍ക്ക് പുറമെ നെടുങ്കണ്ടം നിവാസികള്‍ക്ക് വിശ്രമിക്കാനും വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആകാശ കാഴ്ചകള്‍ കാണാനും അവസരമൊരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.