സലാലയിൽ ‘ഊസാറ’ ടൂറിസം പദ്ധതി പൂർത്തിയായി
text_fieldsസലാല: പൂർണമായും പുനരുപയോഗിച്ച മരം കൊണ്ട് നിർമിച്ച ‘ഊസാറ’ വിനോദ ടൂറിസംപദ്ധതി ദോഫാർ ഗവർണറേറ്റിലെ സലാലയിൽ തുറന്നു.
റെയ്സൂത് ബീച്ചിൽ ഒമാനി യൂത്ത് മാനേജ്മെന്റിന്റെ കീഴിലാണ് പദ്ധതി നടപ്പാക്കിയത്. വിവിധ പ്രായത്തിലുള്ളവരെ ലക്ഷ്യംവെച്ചുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ, വിനോദ-സാംസ്കാരിക പരിപാടികൾ, വിശ്രമത്തിനുള്ള സൗകര്യം എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഒമാന് അകത്തുനിന്നും പുറത്തുനിന്നുമുള്ള സന്ദർശകരെ ലക്ഷ്യമിട്ടാണ് പദ്ധതി രൂപപ്പെടുത്തിയത്.
സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും വേണ്ടി സാംസ്കാരിക, വിനോദ പരിപാടികൾ, റസ്റ്റാറന്റുകൾ, കടലിനെ അഭിമുഖീകരിച്ച് നിർമിച്ച കഫേകൾ എന്നിവ ‘ഊസാറ’ പദ്ധതിയിൽ ഉൾപ്പെടും. പദ്ധതി പ്രദേശത്തേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി അമ്പെയ്ത്ത്, മഴുവേറ്, വാട്ടർ ബൈക്ക്, ബോട്ട് റൈഡിങ് എന്നിവയടക്കം വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ടെന്ന് ടൂറിസം പദ്ധതിയുടെ സ്ഥാപകരിലൊരാളായ മാജിദ് ബിൻ അലി അൽ മുസാഹലി പറഞ്ഞു.
പദ്ധതി ഒമാനി യുവാക്കൾക്ക് ടൂറിസം, വിനോദം എന്നീ മേഖലകളിൽ ഊർജവും കഴിവും പ്രകടിപ്പിക്കാൻ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പദ്ധതിയുടെ മറ്റൊരു സ്ഥാപകയായ മദീനത്ത് ബിൻത് അഹമ്മദ് ബാമർ പറഞ്ഞു. പദ്ധതി ഒരേ സമയം സവിശേഷവും പരിസ്ഥിതി സൗഹൃദവുമാണെന്നും അവർ കൂട്ടിച്ചേർത്തു. ഖരീഫ് സീസണിലും അല്ലാത്തപ്പോഴും സന്ദർശകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ദോഫാർ മുനിസിപ്പാലിറ്റി, ചെറുകിട, ഇടത്തരം സംരംഭ വികസന അതോറിറ്റി, സലാല തുറമുഖം എന്നിവയുടെ പിന്തുണയോടെ യുവജന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെയാണ് ‘ഊസാറ’ സ്ഥാപിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.