നടന്നു നടന്ന് കന്യാകുമാരിയിലേക്ക് വേറിട്ട സഞ്ചാരവുമായി പാണ്ടിക്കാട് സ്വദേശികൾ
text_fieldsപാണ്ടിക്കാട്: കാസർകോട്ടുനിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിെൻറ തെക്കേ അറ്റത്തെ മുനമ്പായ കന്യാകുമാരിലേക്ക് വേറിട്ട സഞ്ചാരവുമായി പാണ്ടിക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ. കുറ്റിപ്പുളി സ്വദേശി സഫ്വാൻ (20), കിഴക്കേ പാണ്ടിക്കാട് സ്വദേശി സഹദ് (20) എന്നിവരാണ് കാൽനടയായി സഞ്ചാരത്തിനിറങ്ങിയിരിക്കുന്നത്. കേരളത്തിലെ മുഴുവൻ ജില്ലകളെയും തൊട്ടറിഞ്ഞ്, വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ചാണ് യാത്ര.
ആഗസ്റ്റ് ഒന്നിന് കാസർകോട്ടുനിന്ന് തുടങ്ങിയ യാത്ര ശനിയാഴ്ച വയനാട്ടിലെത്തി. ഞായറാഴ്ച മാനന്തവാടി തലപ്പുഴയിൽ വിശ്രമത്തിലായിരുന്ന ഇരുവരും തിങ്കളാഴ്ച വീണ്ടും യാത്ര തുടരും. ഒരു മാസംകൊണ്ട് കന്യാകുമാരിയിലെത്തുമെന്നാണ് പ്രതീക്ഷ.
നടന്നുപോകുന്നത് കാണുന്ന നാട്ടുകാർ എല്ലാ ദിവസവും ഭക്ഷണവും താമസിക്കാനുള്ള സൗകര്യവും ഒരുക്കി നൽകുന്നുണ്ട്. വ്യാഴാഴ്ച രാത്രി കണ്ണൂർ കൂത്തുപറമ്പ് പൊലീസാണ് തങ്ങൾക്ക് സൗജന്യ താമസ സൗകര്യമൊരുക്കിയതെന്നും 'കേട്ടറിഞ്ഞ നാട്ടിലൂടെ കണ്ടറിയാൻ ഒരു കാൽനടയാത്ര' പേരിൽ സംഘടിപ്പിച്ച യാത്രക്ക് ഒാരോ നാട്ടിലെയും ആളുകളുടെ പൂർണ പിന്തുണയുണ്ടെന്നും ഇരുവരും പറഞ്ഞു. മുമ്പ് സൈക്കിളിൽ ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് കാൽനടയാത്ര നടത്തുന്നത്. ഇരുവരും മഞ്ചേരി ഏറനാട് നോളജ് സിറ്റി ബിരുദ വിദ്യാർഥികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.