ഫെറാറി കാറുപോലൊരു പടുകൂറ്റൻ പാർക്ക്; അറിയാം ആ അത്ഭുതലോകം
text_fieldsഇറ്റാലിയൻ ആഡംഭര സ്പോർട്സ് കാറായ ഫെറാറിക്ക് ലോകത്താകമാനം ലക്ഷക്കണക്കിന് ആരാധകരുണ്ട്. അത്രമേൽ സൗന്ദര്യവും പ്രൗഢിയും തോന്നിപ്പിക്കുന്ന ഫെറാറിയുടെ പേര് ചെറിയ കുട്ടികളുടെ നാവിൽ പോലും എപ്പോഴും കേൾക്കാവുന്നതാണ്. ഇത്തരം ആരാധകർക്കെല്ലാം അൽഭുതം സമ്മാനിക്കുന്ന ഒന്നാണ് അബൂദബിയിലെ 'ഫെറാറി വേൾഡ്'. ഫെറാറി കാറിന്‍റെ രൂപത്തിൽ നിർമിച്ച പടുകൂറ്റൻ പാർക്കാണിത്. 2010ലാണ് ആരാധക ലോകത്തിനായി ഇത് തുറക്കുന്നത്.
ഫെറാറിയെ ആഘോഷമാക്കുന്ന അതിഗംഭീരമായ ഒരു നിർമിതി എന്നതിനപ്പുറത്ത് ഇത് അബൂദബിയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ വിനോദ സഞ്ചാര കേന്ദ്രമാണിത്. നിരവധി ത്രില്ലിങ് റൈഡുകൾ, കുടുംബങ്ങൾക്ക് ഒത്തൊരുമിച്ച് ചിലവഴിക്കാവുന്ന പാർക്ക്, അത്യാധുനിക ആർട് സിമുലേറ്ററുകൾ, ലൈവ് ഷോകൾ, സീസണൽ പരിപാടികൾ എന്നിങ്ങനെ നിരവധി ആകർഷണീയതകൾ ഇതിനുണ്ട്. ഉൽസവ കാലങ്ങളിലും ആഘോഷദിവസങ്ങളിലും ലോകോത്തരമായ നിരവധി കലാപ്രകടനങ്ങൾക്ക് ഇത് വേദിയാകാറുണ്ട്.
ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്ററായ ഫോർമുല റോസയുടെയും റെക്കോർഡ് നേടിയ റോളർ കോസ്റ്റർ ഫ്ലയിംഗ് എയ്‌സസ് എന്നിവയും സ്ഥിതി ചെയ്യുന്നുണ്ട് ഫെരാരി വേൾഡ് അബുദാബിയിൽ. റെയിൽപാത പോലുള്ള റോളർ കോസ്റ്റിലെ അതിവേഗ റൈഡിങ് ഇഷ്ടപ്പെടുന്നവർ ഏറെയാണ്. ആകെ 43ലേറെ റൈഡുകളും വിനോദ സംവിധാനങ്ങളും ഇവിടെയുണ്ട്.
2020ൽ ഇവിടെ ആവേശകരമായ സാഹസികത ആഗ്രഹിക്കുന്നവർക്കായി റൂഫ് വാക്ക്, സിപ്പ് ലൈൻ എന്നിവ സജ്ജീകരിച്ചു. സിപ്പ് ലൈൻ മറ്റു പല സ്ഥലങ്ങളിലും ലഭ്യമാണെങ്കിലും 'റൂഫ് വാക്ക്' തികച്ചും അപൂർവമാണ്. സന്ദർശകർക്ക് പാർക്കിന്‍റെ ചുവന്ന മേൽക്കൂരയിലൂടെ നടക്കാനും യാസ് ദ്വീപിന്‍റെ അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കാനും ഇതിലൂടെ കഴിയും. ഓരോരുത്തർക്കും ഒരിക്കലും മറക്കാനാവാത്ത ഓർമകൾ സമ്മാനിക്കുന്നതാണ് ഈ നടത്തം.
പാർക്കിലെ ഫാമിലി സോൺ മറ്റൊരു സുപ്രധാന ആകർഷണമാണ്. എല്ലാ പ്രായത്തിലുമുള്ള അതിഥികൾക്കും ആസ്വദിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഫാമിലി സോണിൽ തീം പാർക്കിലെ ഏറ്റവും മികച്ച റെക്കോർഡ് ബ്രേക്കിങ് റൈഡുകളുടെ നാല് മിനിയേച്ചർ പതിപ്പുകൾ ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങളോടൊപ്പം എത്തുമ്പോൾ ഇവിടം കാണാതെ പോകുന്നത് ശരിക്കും ഒരു നഷ്ടമായിരിക്കും.
കഴിഞ്ഞ 12വർഷത്തിനിടയിൽ ഫെറാരി വേൾഡ് അബുദാബിയെ 45-ലധികം അവാർഡുകൾ നേടിക്കഴിഞ്ഞിട്ടുണ്ട്. ഇവ പലതും ലോകോത്തര ഇൻഡസ്ട്രിയൽ അവാർഡുകളാണ്. അടുത്തിടെ ലഭിച്ച ഇന്‍റർനാഷണൽ ട്രാവൽ അവാർഡ് ചടങ്ങിൽ പാർക്ക് 'മിഡിൽ ഈസ്റ്റിലെ മികച്ച ടൂറിസ്റ്റ് ആകർഷണം' ആയി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 'ലോകത്തിലെ പ്രമുഖ തീം പാർക്ക് 2021', 'മിഡിൽ ഈസ്റ്റിലെ പ്രമുഖ തീം പാർക്ക് 2021' എന്നവയും നേടി. പാർക്കിന്‍റെ റൂഫ് വാക്ക്, സിപ്പ് ലൈൻ അനുഭവങ്ങൾ ബ്ലൂലൂപ്പ് ഇന്നൊവേഷൻ അവാർഡിൽ ഗോൾഡ് മെഡലും നേടി.
പ്രധാന വിവരങ്ങൾ
പ്രവർത്തന സമയം-എല്ലാ ആഴ്ചയും ബുധൻ മുതൽ ഞായർ വരെ ഉച്ച12 മുതൽ വൈകു. 6 വരെ.
പാസ് നിരക്ക്-150ദിർഹം മുതൽ പാസ് ലഭ്യമാണ്. വിവിധ റൈഡുകൾക്കും മറ്റുമായി വിവിധ പാസുകളുണ്ട്. വാർഷിക സിൽവർ പാസിന് 995ദിർഹമും ഗോൾഡ് പാസിന് 1095ദിർഹമുമാണ് നിരക്ക്. 'റൂഫ് വാക്ക്' പ്രവേശനത്തിന് 195 ദിർഹമാണ്. പാർക്ക് എൻട്രി ടിക്കറ്റുള്ള അതിഥികൾക്ക് 125 ദിർഹത്തിന് ഈ അനുഭവം ആസ്വദിക്കാം.
ലൊക്കേഷൻ
യാസ് ദ്വീപ്, അബൂദബി
വെബ്സൈറ്റ്: www.ferrariworldabudhabi.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.