കുട്ടനാടിന്‍റെ സൗന്ദര്യം നുകരാൻ ഇനി പാസഞ്ചർ കം ടൂറിസം ബോട്ട്
text_fieldsആലപ്പുഴ: കുട്ടനാടിന്‍റെ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾക്കും യാത്രക്കാർക്കും അവസരമൊരുക്കി അത്യാധുനിക പാസഞ്ചർ കം ടൂറിസം ബോട്ട് ശനിയാഴ്ച നീറ്റിലിറക്കും.വൈകീട്ട് 4.30ന് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപത്തെ മുനിസിപ്പൽ നഗരചത്വരത്തിൽ മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യും. എ.എം. ആരിഫ് എം.പി, എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം എന്നിവർ പങ്കെടുക്കും.
സീ കുട്ടനാട് മാതൃകയിൽ നേരത്തേയുണ്ടായിരുന്ന സർവിസ് അത്യാധുനികരീതിയിൽ സജ്ജീകരിച്ചാണ് നീറ്റിലിറക്കുന്നത്. ഇരുനില മാതൃകയിലുള്ള ബോട്ടിന്‍റെ മുകളിലത്തെ 30 സീറ്റ് സഞ്ചരികൾക്കായി നീക്കിവെച്ചിട്ടുണ്ട്. താഴത്തെ നിലയിൽ യാത്രക്കാർക്കായി 60 സീറ്റുമുണ്ട്. ആലപ്പുഴ-പുന്നമട-വേമ്പനാട്ടുകായൽ, പാണ്ടിശ്ശേരി, കൈനകരി തോട്ടുമുക്ക് എന്നിവിടങ്ങളിലേക്കും തിരികെ പള്ളാത്തുരുത്തിവഴി ആലപ്പുഴയിലേക്കുമാണ് യാത്ര.
രാവിലെ 5.30 മുതൽ സർവിസ് തുടങ്ങും. രണ്ടുമണിക്കൂർ നീളുന്ന യാത്രക്ക് അപ്പർഡെക്കിന് 120 രൂപയും (ഒരുവശത്തേക്ക് 60 രൂപ), താഴത്തെ നിലയിൽ 46 രൂപയുമാണ് (ഒരുവശത്തേക്ക് 23 രൂപ) നിരക്ക്. ആലപ്പുഴ ബോട്ട് ജെട്ടിയിൽനിന്ന് രാവിലെ 8.30, 10.45, 1.30, 4.45 എന്നിങ്ങനെയാണ് സർവിസുള്ളത്.ഐ.ആർ.എസിന്‍റെ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് ഓരോഘട്ടവും പൂർത്തീകരിച്ച് സ്റ്റീലിലാണ് ബോട്ട് നിർമിച്ചിട്ടുള്ളത്.
അകത്ത് ഭക്ഷണം വിതരണം ചെയ്യാൻ കഫ്റ്റീരിയയും ഉൾപെടുത്തിയിട്ടുണ്ട്. കുടുംബശ്രീയുടെ രുചികരമായ ഭക്ഷണവും ഉണ്ടാവും. ജലയാനത്തിന് എട്ട് നോട്ടിക്കൽ മൈൽ (15-16 കിലോമീറ്റർ) വേഗമുണ്ടാകും. ഹൗസ് ബോട്ടുകൾ വൻതുക ഈടാക്കുമ്പോൾ കുറഞ്ഞചെലവിൽ കായൽകാഴ്ചകൾ കാണാനാകുമെന്നതാണ് പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.